പാകിസ്താൻ സൈന്യമാണ് ആ രാജ്യം നശിപ്പിച്ചത്, പാക് ഭരണകൂടം കാരണമാണ് ഇന്ത്യയിലേക്ക് വന്നത്- അദ്നൻ സമി

8 months ago 9

ന്ത്യൻ പൗരത്വത്തിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി ​ഗായകൻ അദ്നൻ സമി. 2016-ൽ ഇന്ത്യൻ പൗരത്വം നേടിയ സമി, പാകിസ്താൻ സൈന്യം ആ രാജ്യം 'നശിപ്പിച്ചു' എന്ന് തനിക്ക് 'പണ്ടേ അറിയാമായിരുന്നു'വെന്ന്‌ പറഞ്ഞു. പാകിസ്താനെ വിമർശിക്കുകയും ശരിയായ സമയത്ത് ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനും തന്നെ അഭിനന്ദിച്ച ഒരു കൂട്ടം പാകിസ്താനി യുവാക്കളെക്കുറിച്ചും അദ്ദേഹം സോഷ്യൽ മീഡിയയിൽ എഴുതി.

"അസർബൈജാനിലെ ബാക്കുവിലെ മനോഹരമായ തെരുവുകളിലൂടെ നടക്കുമ്പോൾ വളരെ നല്ലവരായ ചില പാകിസ്താനി യുവാക്കളെ കണ്ടുമുട്ടി. അവർ പറഞ്ഞു, 'സർ, നിങ്ങൾ വളരെ ഭാഗ്യവാനാണ്.. നിങ്ങൾ നല്ല സമയത്ത് പാകിസ്താൻ വിട്ടു.. ഞങ്ങൾക്കും ഞങ്ങളുടെ പൗരത്വം മാറ്റണം. ഞങ്ങൾ ഞങ്ങളുടെ സൈന്യത്തെ വെറുക്കുന്നു. അവർ ഞങ്ങളുടെ രാജ്യം നശിപ്പിച്ചു.' എനിക്കിത് പണ്ടേ അറിയാമായിരുന്നുവെന്ന് ഞാൻ അവരോട് മറുപടി പറഞ്ഞു." അദ്നൻ സമിയുടെ വാക്കുകൾ.

വിനോദസഞ്ചാരികളും വിദേശ പൗരന്മാരും ഉൾപ്പെടെ 26 പേരുടെ ജീവൻ നഷ്ടപ്പെടാനിടയായ പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്നൻ സമിയുടെ പോസ്റ്റുകൾ വരുന്നത്. മുമ്പ് വിസിറ്റർ വിസയിൽ ഇന്ത്യയിൽ താമസിച്ചിരുന്ന ഇദ്ദേഹം താൻ ഇന്ത്യയിൽ അതീവസന്തുഷ്ടനാണെന്ന്‌ എക്സിലെ മറ്റൊരു വിമർശകനോട് പറഞ്ഞു.

പാകിസ്താനെതിരെ ഇതിനുമുൻപും അദ്നൻ സമി വിമർശനമുന്നയിച്ചിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ മനുഷ്യരാശിക്കെതിരായ ഭീകരമായ കുറ്റകൃത്യം എന്നാണ് സമി വിശേഷിപ്പിച്ചത്.

"പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള ഭയാനകമായ വാർത്തകളും നടുക്കുന്ന ദൃശ്യങ്ങളും കാണുമ്പോൾ എൻ്റെ ഹൃദയം ദശലക്ഷക്കണക്കിന് കഷണങ്ങളായി തകരുന്നു. ഗംഭീരമായ പർവതങ്ങളാലും ശാന്തമായ താഴ്‌വരകളാലും അനുഗ്രഹീതമായ, ദൈവികമായി മനോഹരമായ ഒരു നാട്, വിദ്വേഷത്തിൻ്റെയും വിവേകശൂന്യമായ രാഷ്ട്രീയ അജണ്ടകളുടെയും ക്രൂരമായ കരങ്ങളാൽ അശുദ്ധമാക്കപ്പെട്ടിരിക്കുന്നു. പ്രതീക്ഷയും വാഗ്ദാനവും നിറഞ്ഞ നിരപരാധികളായ ജീവനുകൾ നിഷ്കരുണം ഇല്ലാതാക്കപ്പെട്ടു, കണ്ണുനീരും തകർന്ന സ്വപ്നങ്ങളും ആശ്വസിപ്പിക്കാനാവാത്തവിധമുള്ള ദുഃഖവും മാത്രം അവശേഷിപ്പിച്ചു.

മനുഷ്യരാശിക്ക് എങ്ങനെ ഇത്ര അധഃപതിക്കാൻ കഴിയും? മനുഷ്യരാശിക്കെതിരെ ഇത്തരം ഭീകരമായ കുറ്റകൃത്യങ്ങൾ നടത്താൻ, പ്രകൃതിയുടെ സൗന്ദര്യത്തെ എങ്ങനെ വികൃതമാക്കാൻ കഴിയും? ഈ ദാരുണമായ ചിത്രം ഒരിക്കലും മറക്കില്ല. ആയിരക്കണക്കിന് നിരപരാധികളുടെ ജീവനെടുത്ത ക്രൂരമായ ഭീകരതയുടെ പാരമ്പര്യത്തെ ഇത് എന്നെന്നേക്കുമായി പ്രതിനിധീകരിക്കും. എൻ്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങളോടൊപ്പമാണ്, അവർ ഇപ്പോൾ നഷ്ടത്തിൻ്റെയും ദുഃഖത്തിൻ്റെയും അസഹനീയമായ ഭാരം പേറുന്നു. മുന്നോട്ട് പോകാനുള്ള ശക്തി അവർ കണ്ടെത്തട്ടെ, അവരുടെ തകർന്ന ജീവിതങ്ങൾക്ക് ആശ്വാസം നൽകുന്നതിന് 'നീതി എന്നെന്നേക്കുമായി നടപ്പാകട്ടെ'. ഈ അധ്യായം എന്നെന്നേക്കുമായി അവസാനിക്കണം.” ​ഗായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

പാകിസ്താനി പിതാവിൻ്റെയും ഇന്ത്യൻ മാതാവിൻ്റെയും മകനായി യുകെയിലാണ് സമി ജനിച്ചത്. 2001-ൽ അദ്ദേഹം ഇന്ത്യയിലേക്ക് താമസം മാറി. താൻ പാകിസ്താൻ വിടാൻ കാരണം പാകിസ്താൻ ഭരണകൂടമാണെന്ന് 2022-ൽ അദ്ദേഹം പറഞ്ഞിരുന്നു. അവിടത്തെ സർക്കാർ തന്നോട് എങ്ങനെ പെരുമാറിയെന്നതിന്റെ യാഥാർത്ഥ്യം ഒരുനാൾ താൻ തുറന്നുകാട്ടുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Content Highlights: Adnan Sami Condemns Pahalgam Attack, Addresses Criticism Over Indian Citizenship

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article