പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ദാരിദ്ര്യനിരക്ക് കുത്തനെ ഉയർന്നതിനൊപ്പം തൊഴിലില്ലായ്മയിലും വർധന രേഖപ്പെടുത്തി. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി സർക്കാർ കൂടുതൽ തുക ചെലവഴിച്ചിട്ടും കുടുംബങ്ങളുടെ സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
2025-26ലെ പാകിസ്ഥാന്റെ സാമ്പത്തിക സർവേ ഉദ്ധരിച്ച് ‘ദി ഫ്രൈഡേ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ദേശീയ ദാരിദ്ര്യനിരക്ക് 2026 സാമ്പത്തിക വർഷത്തിൽ 28.9 ശതമാനമായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 21.9 ശതമാനമായിരുന്നു.
രാജ്യത്തെ പ്രധാന പ്രവിശ്യകളിലെല്ലാം ദാരിദ്ര്യനിരക്ക് വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പഞ്ചാബിൽ ദാരിദ്ര്യനിരക്ക് 16.5 ശതമാനത്തിൽ നിന്ന് 23.3 ശതമാനമായി ഉയർന്നു. സിന്ധിൽ ഇത് 24.5 ശതമാനത്തിൽ നിന്ന് 32.6 ശതമാനമായി വർധിച്ചു.
ഖൈബർ പഖ്തൂൺഖ്വയിൽ ദാരിദ്ര്യനിരക്ക് 28.7 ശതമാനത്തിൽ നിന്ന് 35.3 ശതമാനമായും ഉയർന്നു. രാജ്യത്തെ ഏറ്റവും ദരിദ്ര പ്രവിശ്യയായ ബലൂചിസ്ഥാനിൽ നിരക്ക് 41.8 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നതായും റിപ്പോർട്ട് പറയുന്നു.
തൊഴിൽ മേഖലയിലും സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 45 ലക്ഷത്തിൽ നിന്ന് 59 ലക്ഷമായി ഉയർന്നു. തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായും വർധിച്ചു. തൊഴിൽ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം ഉയർത്തുന്നതിലും പാകിസ്ഥാൻ ഇപ്പോഴും വലിയ വെല്ലുവിളി നേരിടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യത്തെ പ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയായ ബേനസീർ ഇൻകം സപ്പോർട്ട് പ്രോഗ്രാമിന് (BISP) 2026 സാമ്പത്തിക വർഷത്തിൽ 722.9 ബില്യൺ പാകിസ്ഥാൻ രൂപ അനുവദിച്ചു. ഇതിൽ 540.27 ബില്യൺ രൂപ ഇതിനകം അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, നേരിട്ടുള്ള പണസഹായ പദ്ധതികൾ മാത്രം ദാരിദ്ര്യത്തിന് ശാശ്വത പരിഹാരമാകില്ലെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിദ്യാഭ്യാസത്തിലും നൈപുണ്യ വികസനത്തിലും നിക്ഷേപം വർധിപ്പിക്കുക, ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുക, സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾ അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ വ്യവസായവൽക്കരണവും ചെറുകിട സംരംഭങ്ങളുടെ വളർച്ചയും സുസ്ഥിരമായ തൊഴിലും വരുമാന അവസരങ്ങളും സൃഷ്ടിക്കുന്നതിൽ നിർണായകമാകുമെന്നും റിപ്പോർട്ട് പറയുന്നു. ക്ഷേമപദ്ധതികളെ ദീർഘകാലമായി ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കുന്നതിനായി വിദ്യാഭ്യാസം തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കണമെന്നും തൊഴിൽ നൈപുണ്യവും സംരംഭകത്വ ശേഷിയും വികസിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
1 week ago
7





English (US) ·