പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു; കേസ് ഫയൽ ചെയ്യാൻ കുടുംബം ഭയപ്പെടുന്നു

1 month ago 6

പാക് അധീന കശ്മീരിൽ (പി.ഒ.കെ) നടന്ന പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മറ്റൊരു ബ്രിട്ടീഷ് പൗരനെ രണ്ട് മാസത്തിലേറെയായി കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവങ്ങളിൽ ബ്രിട്ടീഷ് സർക്കാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.

ബ്രിട്ടനിലെ പീറ്റർബറോ സ്വദേശിയായ 50കാരൻ മുഹമ്മദ് അക്തറാണ് കൊല്ലപ്പെട്ടത്. സാമ്പത്തികവും തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് പി.ഒ.കെയിലെ കോട്‌ലി നഗരത്തിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ ജൂൺ 9-ന് സുരക്ഷാസേനയുടെ വെടിയേറ്റ് അദ്ദേഹം മരിച്ചതായി കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

അക്തർ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നും, വീടിന് സമീപം നടന്ന പ്രതിഷേധത്തിനിടെയാണ് ഹൃദയഭാഗത്ത് വെടിയേറ്റതെന്നും ബന്ധു മുഹമ്മദ് സാദ് ആരോപിച്ചു. സംഭവത്തെക്കുറിച്ച് പരാതി നൽകാൻ പോലും കുടുംബം ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നോട്ടിംഗ്ഹാം സ്വദേശിയായ 38കാരൻ വഖാസ് ആരിഫിനെ ജൂൺ 5-ന് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ മിർപൂരിൽ നിന്ന് അധികൃതർ കസ്റ്റഡിയിലെടുത്തതായി കുടുംബം ആരോപിക്കുന്നു. പ്രതിഷേധവുമായി നേരിട്ട് ബന്ധമില്ലാത്ത വഖാസിനെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ഇതുവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും സഹോദരി സുമേര വ്യക്തമാക്കി.

സംഭവങ്ങളിൽ ബ്രിട്ടീഷ് വിദേശകാര്യ, കോമൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് (FCDO) ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തിൽ ഇസ്ലാമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.

ഇതിനിടെ, ഓഗസ്റ്റ് 7-ന് ബ്രിട്ടൻ തങ്ങളുടെ യാത്രാ നിർദേശങ്ങൾ പുതുക്കി. പാക് അധീന കശ്മീരിലെ പ്രശ്നബാധിത മേഖലകളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Read Entire Article