'പാക് ഉള്ളടക്കങ്ങൾ നീക്കംചെയ്യണം'; ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര നിർദേശം

8 months ago 8

OTT Platforms

പ്രതീകാത്മകചിത്രം | ഫോട്ടോ: AI നിർമിതം| Canva

ന്യൂഡൽഹി: പാകിസ്താനിൽനിന്നുള്ള ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും മീഡിയ സ്ട്രീമിംഗ് സേവനങ്ങൾക്കും ഇടനിലക്കാർക്കും നിർദേശം നൽകി കേന്ദ്രസർക്കാർ. ഇൻഫർമേഷൻ ടെക്നോളജി റൂൾസ്, 2021-നെ പരാമർശിച്ചാണ് ഈ ഉപദേശം. ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം സ്ട്രീം ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുക മാത്രമല്ല, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കം ഒഴിവാക്കാനും ഒടിടി പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, അക്രമത്തിന് പ്രേരിപ്പിക്കുകയോ പൊതുസമാധാനം തകർക്കുകയോ ചെയ്തേക്കാവുന്ന ഉള്ളടക്കവും ഒഴിവാക്കണം. പണംനൽകിയോ അല്ലാതെയോ കാണാവുന്ന സിനിമകൾ, വെബ് സീരീസുകൾ, പാട്ടുകൾ, പോഡ്‌കാസ്റ്റുകൾ എന്നിവയുൾപ്പെടെ പാകിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കം സ്ട്രീം ചെയ്യുന്ന ഒടിടി കമ്പനികൾക്ക് അവ ഉടനടി നിർത്തിവയ്ക്കാൻ നിർദ്ദേശമുണ്ട്.

പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെ ബഹവൽപൂർ മേഖലയിലെയും നിരവധി ഭീകരവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ തീരുമാനം. അതിനിടെ പാകിസ്താനെതിരെ വീണ്ടും ഇന്ത്യ തിരിച്ചടിച്ചു. പാകിസ്താനിലെ ഒമ്പത് സൈനികകേന്ദ്രങ്ങൾ ഇന്ത്യ ഡ്രോൺ ഉപയോ​ഗിച്ച് ആക്രമിച്ചു. ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇന്ത്യൻ സൈന്യം 'എക്സി'ലൂടെ വ്യക്തമാക്കി. പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്.

ബുധനാഴ്ച രാത്രി വൈകിയും ഇന്ന് രാവിലെയുമായി ജമ്മു കശ്മീർ, പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ രാജ്യത്തിൻ്റെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താൻ ശ്രമങ്ങൾ വിഫലമാക്കിയതായി ഇന്ത്യ വ്യക്തമാക്കി. പാക് സേന ഉപയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കി.

Content Highlights: India Bans Pakistan-Origin Content connected OTT Platforms: A National Security Measure

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article