02 August 2025, 06:29 PM IST

Photo: PTI
മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫഡില്‍ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം കാണാന്‍ പാകിസ്താന്റെ ജേഴ്‌സി ധരിച്ചെത്തിയ ആരാധകനെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയ നടപടി വലിയ വിവാദമായിരുന്നു. ജേഴ്‌സി മറയ്ക്കണമെന്ന് സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അതിന് ആരാധകൻ തയ്യാറാവാതെ വന്നതോടെയാണ് ഗ്രൗണ്ടിൽ നിന്ന് നീക്കിയത്. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കൗണ്ടി ക്ലബ്ബായ ലങ്കാഷെയർ. ടീമിന്റെ ഹോം ഗ്രൗണ്ടാണ് ഓള്‍ഡ് ട്രാഫഡ്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചതിന്റെ പേരിൽ മാത്രമല്ല ഇത്തരമൊരു നടപടിയുമായി മുന്നോട്ടുപോയതെന്ന് ക്ലബ്ബ് വ്യക്തമാക്കി.
'പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ചതിന്റെ പേരിൽ മാത്രം ആ വ്യക്തിയെ നീക്കം ചെയ്യാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.' - ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കി.
'ശനിയാഴ്ച നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി സ്വീകരിച്ചത്. അന്ന് ഒരു കൂട്ടം ആരാധകർ പാകിസ്താൻ പതാക വീശുകയും, അത് സമീപത്തുണ്ടായിരുന്ന ഇന്ത്യൻ ആരാധകരുമായുള്ള സംഘർഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പിന്നാലെ പതാക മാറ്റിവെയ്ക്കാൻ ആവശ്യപ്പെടുകയും സാഹചര്യം ശാന്തമാക്കുകയും ചെയ്തു. അവർ യാതൊരു മടിയും കൂടാതെ അത് അനുസരിക്കുകയും ചെയ്തു.'
'ഈ പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിൻ്റെ സുരക്ഷയെ മുൻനിർത്തിയും ഉണ്ടാകാനിടയുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി ഷർട്ട് മറയ്ക്കാൻ സ്റ്റാൻഡിലെ ഒരു സൂപ്പർവൈസർ ആ വ്യക്തിയോട് ആവശ്യപ്പെട്ടു. പലതവണ മാന്യമായി അഭ്യർത്ഥിച്ചിട്ടും ആ വ്യക്തി അത് അനുസരിക്കാൻ വിസമ്മതിച്ചു.' - ക്ലബ്ബ് വിശദീകരിച്ചു.
Content Highlights: Man Wearing Pakistan Jersey During India-England 4th Test Removed From Stadium








English (US) ·