പാക് ടീമില്‍ അഴിച്ചുപണി; റിസ്‌വാനും ബാബറും ട്വന്റി20യില്‍നിന്ന് പുറത്ത്

10 months ago 6

babar azam

ബാബർ അസമും മുഹമ്മദ് റിസ്‌വാനും | Photo: ANI

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താന്‍ ടീമില്‍ അഴിച്ചുപണി. ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനും മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനും ട്വന്റി-20 ടീമിലെ സ്ഥാനം നഷ്ടമായി. പേസ് ബൗളര്‍മാരായ ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ബാറ്റര്‍മാരായ സൗദ് ഷക്കീര്‍, കമ്രാന്‍ ഗുലാം എന്നിവര്‍ക്ക് ഏകദിന ടീമിലെ സ്ഥാനവും നഷ്ടമായി.

റിസ്‌വാനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിലനിര്‍ത്തിയിട്ടുണ്ട്. ബാബര്‍ അസമും ടീമില്‍ ഇടം നേടി. ട്വന്റി-20 ടീമിനെ നയിക്കുന്നത് സല്‍മാന്‍ അലി ആഗയാണ്, ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍. വെസ്റ്റിന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ട്വന്റി-20 ലോകകപ്പിനുശേഷം ഒരൊറ്റ ട്വന്റി-20 മത്സരംപോലും ഷദാബ് കളിച്ചിട്ടില്ല.

സെപ്റ്റംബറില്‍ നടക്കുന്ന ട്വന്റി-20 ഏഷ്യാ കപ്പും 2026 ഫെബ്രുവരിയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പും മുന്നില്‍കണ്ടാണ് പുതിയ നീക്കം. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര മാര്‍ച്ച് 16-നാണ് തുടങ്ങുന്നത്.

ട്വന്റി-20 ടീമില്‍ മൂന്ന് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അബ്ദുല്‍ സമദ്, ഹസന്‍ നവാസ്, മുഹമ്മദ് അലി എന്നിവരാണ് ട്വന്റി-20യില്‍ അരങ്ങേറുക. അതേസമയം ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ടായിരുന്ന ഷഹീന്‍ഷാ അഫ്രീദിയെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ പാകിസ്താനെ നയിച്ചത് സല്‍മാന്‍ ആഗയായിരുന്നു. അന്ന് പാകിസ്താന്‍ 2-1ന് പരമ്പര നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ സയിം അയ്യൂബിന് ഈ ടീമിലും ഇടം കണ്ടെത്താനായില്ല. പരിക്കുമൂലം ചാമ്പ്യന്‍സ് ട്രോഫിക്കിടെ ടീമിന് പുറത്തായ ഫഖര്‍ സമാനേയും ഒഴിവാക്കി.

നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്താന്‍ ആദ്യ രണ്ടുമത്സരവും തോറ്റതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് പുറത്തായത്. അവസാനമത്സരം കളി മഴ മുടക്കിയതോടെ ഒരു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. -1.087 ആണ് നെറ്റ് റണ്‍റേറ്റ്. ഒരു ചാമ്പ്യന്‍ ടീമിന്റെ മോശം പ്രകടമാണ് പാകിസ്താന്റേത്. 2013-ചാമ്പ്യന്‍സ് ട്രോഫിയില്‍ അന്നത്തെ നിലവിലെ ചാമ്പ്യന്മാരായിരുന്ന ഓസീസും ഒരു പോയന്റോടെ അവസാന സ്ഥാനത്തായിരുന്നു. അന്ന് ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് -.680 ആയിരുന്നു.

അതിന് പുറമേ ഒരു ജയം പോലും നേടാതെ പുറത്താവുന്ന രണ്ടാമത്തെ ആതിഥേയരാണ് പാകിസ്താന്‍. 2000-ല്‍ കെനിയന്‍ ടീമാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ആതിഥേയര്‍. 2002-ല്‍ ഗ്രൂപ്പ് സ്റ്റേജ് ആരംഭിച്ചതിന് ശേഷം ഒരു ആതിഥേയ ടീമും ഒറ്റ ജയം പോലും സ്വന്തമാക്കാതെ ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിട്ടില്ല.

ആദ്യ മത്സരത്തില്‍ കിവീസിനോട് 60 റണ്‍സിനാണ് പാകിസ്താന്‍ പരാജയപ്പെട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 321 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 260-ന് പുറത്തായി. രണ്ടാം മത്സരത്തിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയോടാണ് തോല്‍വി പിണഞ്ഞത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സൂപ്പര്‍താരം വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ബംഗ്ലാദേശുമായുള്ള മത്സരമാവട്ടെ മഴ മൂലം ഒരു ബോൾ പോലും എറിയാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.

Content Highlights: pakistan t20 squad for caller zealand tour

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article