
നീരജ് ചോപ്ര, അർഷാദ് നദീം | Photo: AP
ന്യൂഡല്‍ഹി: പാകിസ്താന്‍ ജാവലിന്‍ താരം അര്‍ഷാദ് നദീമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ മറുപടിയുമായി ഒളിമ്പിക് ജേതാവ് നീരജ് ചോപ്ര. മേയ് 24-ന് ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തില്‍ പങ്കെടുക്കാനാണ് നീരജ്, പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീമിനെ ക്ഷണിച്ചത്. എന്നാല്‍, ചൊവ്വാഴ്ച നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, മേല്‍പ്പറഞ്ഞ ക്ഷണത്തിന്റെ പേരില്‍ നീരജിനും കടുംബത്തിനുമെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതോടെയാണ് എക്‌സില്‍ പങ്കുവെച്ച ദീര്‍ഘമായ കുറിപ്പിലൂടെ താരം പ്രതികരിച്ചിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തിനു മുമ്പുതന്നെ താന്‍ താരങ്ങള്‍ക്ക് ക്ഷണക്കത്ത് അയച്ചിരുന്നുവെന്ന് വ്യക്തമാക്കിയ നീരജ്, ഒരു കാരണവുമില്ലാതെ തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യംവെക്കുന്ന ആളുകളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
'സാധാരണയായി ഞാന്‍ കുറച്ച് വാക്കുകള്‍ മാത്രം സംസാരിക്കുന്ന ആളാണ്. പക്ഷേ, അതിനര്‍ഥം തെറ്റാണെന്ന് കരുതുന്ന കാര്യങ്ങള്‍ക്കെതിരെ ഞാന്‍ സംസാരിക്കില്ല എന്നല്ല. പ്രത്യേകിച്ചും രാജ്യത്തോടുള്ള എന്റെ സ്‌നേഹത്തേയും എന്റെ കുടുംബത്തിന്റെ അഭിമാനത്തെയും അന്തസ്സിനെയും ചോദ്യംചെയ്യുന്ന കാര്യങ്ങളോട്.
നീരജ് ചോപ്ര ക്ലാസിക്കില്‍ (ജാവലിന്‍ മത്സരം) മത്സരിക്കാന്‍ ഞാന്‍ അര്‍ഷാദ് നദീമിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് വളരെയെധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും വെറുപ്പും അധിക്ഷേപവുമായിരുന്നു. എന്റെ കുടുംബത്തെ പോലും അവര്‍ വെറുതെ വിടുന്നില്ല. ഞാന്‍ അര്‍ഷാദിനെ ക്ഷണിച്ചത് ഒരു അത്‌ലറ്റ് മറ്റൊരു അത്‌ലറ്റിനോട് കാണിക്കുന്ന ഒന്നാണ്. അതില്‍ കൂടുതലായോ കുറവായോ ഒന്നുമില്ല. എന്‍സി ക്ലാസിക്കിന്റെ ലക്ഷ്യം ഇന്ത്യയിലേക്ക് മികച്ച അത്ലറ്റുകളെ കൊണ്ടുവരികയും നമ്മുടെ രാജ്യം ലോകോത്തര കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യുക എന്നതായിരുന്നു. അത്‌ലറ്റുകളെയെല്ലാം തിങ്കളാഴ്ച തന്നെ ക്ഷണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനും മുമ്പ്.
എന്‍സി ക്ലാസിക്കില്‍ അര്‍ഷാദിന്റെ സാന്നിധ്യം ഒട്ടും സാധ്യതയില്ലാത്തതായിരുന്നു. എന്റെ രാജ്യത്തിനും അതിന്റെ താല്‍പ്പര്യങ്ങള്‍ക്കും തന്നെയാണ് എപ്പോഴും മുന്‍ഗണന. സ്വന്തം ആളുകളെ നഷ്ടപ്പെട്ടവരുടെ കൂടെയാണ് എന്റെ പ്രാര്‍ഥനകളും ചിന്തകളും. സംഭവിച്ച കാര്യങ്ങളില്‍ രാജ്യത്തെ എല്ലാവരേയും പോലെ തന്നെ എനിക്ക് വേദനയും ദേഷ്യവുമുണ്ട്. നമ്മുടെ രാജ്യത്തിന്റെ പ്രതികരണം ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ശക്തി കാണിക്കുമെന്നും നീതി നടപ്പാക്കപ്പെടുമെന്നും എനിക്ക് ഉറപ്പുണ്ട്. ഇത്രയും വര്‍ഷങ്ങളായി ഞാന്‍ എന്റെ രാജ്യത്തെ അഭിമാനത്തോടെ കൊണ്ടുനടക്കുന്നു. ആ എന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്.
ഒരു കാരണവുമില്ലാതെ എന്നെയും എന്റെ കുടുംബത്തെയും ലക്ഷ്യം വെക്കുന്ന ആളുകളുടെ മുന്നില്‍ വിശദീകരണം നല്‍കേണ്ടിവരുന്നത് എന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞങ്ങള്‍ സാധാരണക്കാരാണ്. ദയവായി ഞങ്ങളെ മറ്റൊന്നും ആക്കരുത്.' - നീരജ് കുറിച്ചു.
അതേസമയം, ക്ലാസിക് ജാവലിന്‍ മത്സരത്തിനുള്ള നീരജ് ചോപ്രയുടെ ക്ഷണം പാക് താരം അര്‍ഷാദ് നദീം നിരസിച്ചിരുന്നു. നീരജിന്റെ ക്ഷണം നിരസിച്ചതായി ബുധനാഴ്ചയാണ് നദീം അറിയിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷണം നിരസിച്ചതെന്ന സൂചനയുണ്ടെങ്കിലും ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരിശീലനം ഉള്ളതാണ് നദീം കാരണമായി പറഞ്ഞത്.
നദീമിനെ മത്സരത്തിലേക്ക് ക്ഷണിച്ചതായി തിങ്കളാഴ്ചയാണ് നീരജ് അറിയിച്ചത്. പരിശീലകനുമായി ചര്‍ച്ചചെയ്ത ശേഷം എന്നെ ബന്ധപ്പെടാമെന്നാണ് നദീം അറിയിച്ചത്. ഇതുവരെ അദ്ദേഹം പങ്കാളിത്തം സ്ഥീരീകരിച്ചിട്ടില്ലെന്നുമായിരുന്നു നീരജ് പറഞ്ഞിരുന്നത്. പിന്നാലെ ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ ഭീകരര്‍ 26 പേരെ കൊലപ്പെടുത്തിയത്. ഇതോടെ പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഒഴിവാക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
Content Highlights: Olympic champion Neeraj Chopra clarifies his invitation to Pakistani javelin thrower Arshad Nadeem








English (US) ·