പാക് റസ്റ്റോറന്റിന്റെ സ്വാതന്ത്ര്യദിന പരിപാടിയുമായി ഒരു ബന്ധവുമില്ലെന്ന് നടന്‍ കാര്‍ത്തിക് ആര്യന്‍

5 months ago 5

karthik aryan

കാർത്തിക് ആര്യൻ | photo:AFP

ഇന്ത്യൻ സ്വതത്രദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന 'ആസാദി ഉത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യദിനം' എന്ന പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടൻ കാർത്തിക് ആര്യന്റെ ടീം. കാർത്തിക് ആര്യന് ഈ പരിപാടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും നടന്റെ സംഘം വ്യക്തമാക്കി.

കാർത്തിക്ക് ആര്യന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയ എല്ലാ പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാൻ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ടീം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) നടന് ഔദ്യോഗികമായി കത്തയച്ചിരുന്നു.

അമേരിക്കയിലെ ഹൂസ്റ്റണിൽ, ഓഗസ്റ്റ് 15 ന് നടത്താനിരുന്ന 'ആസാദി ഉത്സവ് - ഇന്ത്യൻ സ്വാതന്ത്ര്യദിനം' എന്ന ഷൗക്കത്ത് മരേഡിയയുടെ നേതൃത്വത്തിലുള്ള പരിപാടി, പാകിസ്ഥാൻ ഉടമസ്ഥതയിലുള്ള 'ആഗാസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ്' ആണ് സംഘടിപ്പിക്കാനിരുന്നത്. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി പാക് ഗായകൻ ആറ്റിഫ് അസ്ലമിനെ പങ്കെടുപ്പിച്ചുകൊണ്ട് 'ജഷൻ-ഇ-ആസാദി' എന്ന പേരിൽ മറ്റൊരു പരിപാടിയും ഇതേ റെസ്റ്റോറന്റ് സംഘടിപ്പിക്കുന്നുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് FWICE നടന് കത്തയക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കിടയിൽ ആദരണീയനും ആരാധകരുള്ള നടനുമായ കാർത്തിക്ക് ഇത്തരത്തിലുള്ള പരുപാടിയിൽ പങ്കെടുക്കുന്നത് ദേശീയതയെ വൃണപ്പെടുത്തും എന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. 2025 ഏപ്രിലിൽ നിരപരാധികളായ ഇന്ത്യൻ പൗരന്മാർക്ക് നേരെ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള സംഘർഷങ്ങളെക്കുറിച്ചും സിനിമാ സംഘടന പരാമർശിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പാകിസ്ഥാനി കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും പൂർണ്ണമായും ബഹിഷ്കരിക്കാൻ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ എല്ലാ അംഗങ്ങൾക്കും FWICE നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും (I&B Ministry) സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിർദേശം പ്രാബല്യത്തിലുള്ളതിനാൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും കലാകാരന്മാരും ഇത് കർശനമായി പാലിക്കേണ്ടതാണെന്നും ദേശീയ വികാരത്തിനും ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ അന്തസ്സിനും സ്വന്തം പ്രശസ്തിക്കും അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നതായും കത്തിൽ പറയുന്നു. ഈ വിഷയത്തിൽ കാർത്തിക്ക് ആര്യനിൽ നിന്ന് ഉത്തരവാദിത്തബോധത്തോടെ സമയബന്ധിതമായ മറുപടി പ്രതീക്ഷിക്കുന്നതായും സിനിമ സംഘടന അറിയിച്ചിരുന്നു. കത്തിനെ സംബന്ധിച്ച് കാർത്തിക് ഇതുവരെ വ്യക്തിപരമായി പ്രതികരിച്ചിട്ടില്ല.

'ഭൂൽ ഭുലയ്യ 3' (2024) എന്ന ചിത്രത്തിലാണ് നടനെ അവസാനമായി കണ്ടത്. 'തൂ മേരി മേം തേരാ മേം തേരാ തൂ മേരി' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.

Content Highlights: fwice warns Kartik Aaryan implicit lawsuit by Pakistani restaurant, histrion denies link

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article