
Photo: https://x.com/captainshanky
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ അതിനാടകീയ സംഭവങ്ങൾക്കാണ് ഇന്ന് ദുബായ് സാക്ഷ്യം വഹിച്ചത്. യുഎഇയ്ക്കതെിരേ മത്സരിക്കാനില്ലെന്ന് പാക് താരങ്ങൾ ശാഠ്യം പിടിച്ചതോടെ മത്സരം അനിശ്ചിതത്വത്തിലായി. ഒരുവേള മത്സരം ഉപേക്ഷിച്ചുവെന്നു വരെ വാർത്ത പരന്നു. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തെത്തുടർന്നായിരുന്നു പാക് താരങ്ങളുടെ പ്രതിഷേധവും ബഹിഷ്കരണഭീഷണിയും. എന്നാൽ ഐസിസി നിലപാട് കടുപ്പിച്ചതോടെ എല്ലാം മറന്ന് പാക് താരങ്ങൾക്ക് കളത്തിലിറങ്ങേണ്ടി വന്നു. ഇതോടെ മത്സരം തുടങ്ങുന്നത് ഒരു മണിക്കൂറിലേറെ നേരം നീണ്ടു.
ഏഷ്യ കപ്പിലെ ബി ഗ്രൂപ്പിൽ പാകിസ്താൻ - യുഎഇ മത്സരങ്ങൾ രാത്രി എട്ടുമണിക്കായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ മാച്ച് റഫറിയായ ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം ഐസിസി അംഗീകരിക്കാത്തതിനെത്തുടർന്ന് പാക് ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനിറങ്ങിയില്ല. സമയമായിട്ടും താരങ്ങൾ ഹോട്ടൽ മുറിയിൽ തന്നെ തങ്ങി. തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നുള്ള ചർച്ചകളടക്കം നടന്നിരുന്നു. എന്നാൽ ഐസിസി നിലപാട് കടുപ്പിച്ചതോടെ പാകിസ്താന് നിൽക്കക്കള്ളിയില്ലാതായി കളത്തിലിറങ്ങേണ്ട അവസ്ഥയിലെത്തി. തുടർന്ന് ഒരു മണിക്കൂർ വൈകി 9 മണിക്കായിരുന്നു മത്സരം ആരംഭിച്ചത്.
ടൂർണമെന്റിൽ പങ്കെടുക്കാതെ പോയാൽ 16 മില്യൺ യുഎസ് ഡോളർ നഷ്ടപ്പെടുമെന്നതിനാൽ പാക് താരങ്ങൾ ഭീഷണി മറന്ന് കളത്തിലിറങ്ങിയതെന്നും റിപ്പോർട്ടുണ്ട്.
ആദ്യഘട്ടത്തിൽ പാക് ക്രിക്കറ്റ് ബോർഡ് വാർത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ മാച്ച് റഫറിയെ മാറ്റില്ലെന്ന തീരുമാനത്തിൽ ഐസിസി നിലപാടെടുത്തു. ഇതോടെ പിസിബി വെട്ടിലായി. തുടർന്ന് പാക് താരങ്ങളോട് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ നൽകുമെന്നും അറിയിച്ചു കൊണ്ട് പിസിബി മേധാവി മൊഹ്സിൻ നഖ്വി എക്സിൽ കുറിച്ചു.
ഐസിസി നിലപാട് കടുപ്പിച്ചതോടെയാണ് പിസിബി അയഞ്ഞതെന്നാണ് റിപ്പോർട്ട്. മാച്ച് അമ്പയർ ആൻഡി പൈക്രോഫ്റ്റിനെ മാറ്റില്ലെന്ന് മാത്രമല്ല മത്സരത്തിൽ നിന്ന് പിൻവാങ്ങിയാൽ കോടികൾ പിഴയടക്കേണ്ടി വരുമെന്ന് ഐസിസി അറിയിച്ചതായാണ് സൂചന.
ഏഷ്യാ കപ്പിൽ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ ഏഴ് വിക്കറ്റിന് പാകിസ്താൻ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ടോസിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് നായകൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാർ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.
ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നും പാകിസ്താൻ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറിയെ അടിയന്തരമായി പുറത്താക്കിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത കളി മുതൽ ബഹിഷ്കരിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി.
പിസിബി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും ഉന്നയിക്കുന്ന പോലെ ആൻഡി പൈക്രാഫ്റ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് പാകിസ്താനെ ഐസിസി അറിയിച്ചു. തുടർന്ന് പാക്-യുഎഐ മത്സരവും അദ്ദേഹം തന്നെ നിയന്ത്രിക്കുമെന്ന് അറിയിക്കുകയായിരുന്നു.
Content Highlights: Pakistan's Asia Cup Match Delayed Amidst Dispute Over Match Referee








English (US) ·