പാക് ഹോക്കി ടീമിന് ഇന്ത്യയിലേക്ക് വരാം, അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്‌

6 months ago 6

03 July 2025, 05:49 PM IST

pak hockey team

പാക് ഹോക്കി താരങ്ങൾ | AP

ന്യൂഡല്‍ഹി: അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്താന്‍ പങ്കെടുത്തേക്കും. ഏഷ്യാ കപ്പിലും ജൂനിയര്‍ ലോകകപ്പിലും പങ്കെടുക്കാന്‍ പാകിസ്താന്‍ പുരുഷ ഹോക്കി ടീമിന് ഇന്ത്യന്‍ കായികമന്ത്രാലയം അനുമതി നല്‍കിയതായാണ് വിവരം. അതോടെ പാക് ടീമിന് ടൂര്‍ണമെന്റ് കളിക്കാനായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. ഓ​ഗസ്റ്റ് 27 മുതൽ സെപ്റ്റംബർ ഏഴ് വരെ ബിഹാറിലാണ് ടൂർണമെന്റ് നടക്കുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കുന്ന കായികമത്സരങ്ങള്‍ക്ക് നിലവിലുള്ള സമീപനം തുടരും. എന്നാല്‍ വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളില്‍ പാകിസ്താന് പങ്കെടുക്കുന്നതിന് തടസ്സമില്ലെന്നാണ് കായികമന്ത്രാലയത്തിന്റെ നിലപാട്. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഒരു ബഹുരാഷ്ട്രാ ടൂര്‍ണമെന്റില്‍ ഏതെങ്കിലും രാജ്യം പങ്കെടുക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ഞങ്ങള്‍ പാകിസ്താനെ തടയാന്‍ ശ്രമിച്ചാല്‍ അത് ഒളിമ്പിക് നിയമങ്ങളുടെ ലംഘനമാകും. എന്നാല്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ടൂര്‍ണമെന്റുകളില്‍ ഒരു ഇളവുമില്ല. - കായികമന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള ടൂര്‍ണമെന്റുകളിലോ വന്‍കരയില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റുകളിലോ ഏതെങ്കിലും രാജ്യം പങ്കെടുക്കുന്നത് തടഞ്ഞാല്‍ ഭാവിയില്‍ അത് പ്രതികൂലമായി ബാധിച്ചേക്കാം. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളുടെ ആതിഥേയത്വം വഹിക്കുന്നതില്‍ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് ഇന്ത്യയുടെ നടപടി.

അതേസമയം ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇത് ബാധകമാകുമോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. സെപ്റ്റംബറിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്റിന്റെ മത്സരക്രമം ഇനിയും പ്രഖ്യാപിക്കാത്തതില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) ആശങ്കയിലാണ്. പ്രഖ്യാപനം വൈകുന്ന പശ്ചാത്തലത്തില്‍ എസിസി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് കത്തെഴുതിയതായാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Pakistan hockey squad volition question to India for Asia Cup Sports ministry source

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article