Published: January 12, 2026 02:11 PM IST
1 minute Read
ദുബായ്∙ ഐസിസി ട്വന്റി20 ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങൾ പാക്കിസ്ഥാനിൽ നടത്താൻ തയാറാണെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ്. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബംഗ്ലദേശിന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ തള്ളിക്കളഞ്ഞു. എങ്കിലും ഇന്ത്യയിൽ ലോകകപ്പ് കളിക്കുന്ന കാര്യത്തിൽ ബംഗ്ലദേശ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുതലെടുക്കാനായി പാക്ക് ക്രിക്കറ്റ് ബോർഡിന്റെ ശ്രമം.
പാക്കിസ്ഥാനിലെ ഏതു സ്റ്റേഡിയവും ലോകകപ്പിനായി സജ്ജമാക്കാൻ സാധിക്കുമെന്ന് പിസിബി പ്രതികരിച്ചതായി ചില പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാക്കിസ്ഥാന്റെ ക്ഷണം ബംഗ്ലദേശോ, ഐസിസിയോ സ്വീകരിച്ചിട്ടില്ല. ബംഗ്ലദേശിന്റെ ആവശ്യം ഐസിസി മനസ്സിലാക്കുന്നില്ലെന്നും എന്തു വില കൊടുത്തും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കണമെന്നും ബംഗ്ലദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്‍റുൽ പ്രതികരിച്ചിരുന്നു.
ഇന്ത്യയിൽ നടത്തേണ്ട നാലു ലോകകപ്പ് മത്സരങ്ങളും ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിബി ഐസിസിക്ക് രണ്ടാമതും കത്തയച്ചിട്ടുണ്ട്. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലദേശിനു മത്സരങ്ങളുള്ളത്. ഇവിടെ കളിക്കാൻ സാധിക്കില്ലെങ്കിൽ തിരുവനന്തപുരത്തോ, ചെന്നൈയിലോ കളി നടത്താന്‍ സാധിക്കുമെന്നാണ് ഐസിസിയുടെ നിലപാട്. ഇക്കാര്യത്തിൽ ബംഗ്ലദേശ് സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അമിനുൽ ഇസ്‍ലാം പ്രതികരിച്ചു.
English Summary:








English (US) ·