Published: January 02, 2026 09:26 AM IST
1 minute Read
സിഡ്നി∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിനു ശേഷം വിരമിക്കുമെന്നു പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. വിരമിക്കലിനെക്കുറിച്ച് മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കാണ് ഖവാജ ഇതോടെ വിരാമമിട്ടത്. 2011 ൽ സിഡ്നിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച ഖവാജ, കരിയറിലെ 88–ാമത്തെ ടെസ്റ്റ് മത്സരമാണ് ഓസീസിനായി കളിക്കാനൊരുങ്ങുന്നത്. ‘‘കരിയറിനെക്കുറിച്ചുള്ള സംതൃപ്തിയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വികാരം. ഒരുപാടു മത്സരങ്ങൾ ഓസ്ട്രേലിയയ്ക്കുവേണ്ടി കളിക്കാൻ എനിക്കു ഭാഗ്യമുണ്ടായി. ഒരുപാടു പേർക്കു പ്രചോദനമാകാൻ എനിക്കു സാധിച്ചു.’’– ഖവാജ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
‘‘പാക്കിസ്ഥാനിൽനിന്നുള്ള കുട്ടിയായതിനാൽ, എനിക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിൽ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. നിങ്ങൾ എന്നെ നോക്കൂ, നിങ്ങള്‍ക്കും അതു ചെയ്യാൻ സാധിക്കും.’’– ഖവാജ പറഞ്ഞു. വൈകാരികമായിട്ടായിരുന്നു ഖവാജ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിച്ചത്. കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെത്തിയ ഖവാജ, പാക്കിസ്ഥാനിലെ ഇസ്‍ലാമബാദിലാണ് ജനിച്ചത്. ഓസ്ട്രേലിയയ്ക്കു വേണ്ടി കളിക്കുന്ന ആദ്യ പാക്കിസ്ഥാൻ വംശജനാണു ഖവാജ.
‘‘15 വർഷത്തെ ക്രിക്കറ്റ് കരിയറിൽ ഓസ്ട്രേലിയൻ ക്രിക്കറ്റിന് വലിയ സംഭാവനകളാണ് ഖവാജ നൽകിയത്. ഉസ്മാൻ ഖവാജ ഫൗണ്ടേഷനിലൂടെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സജീവമാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റിനു വേണ്ടി ഞാൻ നന്ദി അറിയിക്കുന്നു.’’– ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ ടോഡ് ഗ്രീൻബർഗ് പ്രതികരിച്ചു. മോശം സാഹചര്യങ്ങളിലുള്ള അഭയാർഥികളുടെയും കുടിയേറ്റക്കാരുടേയും വിദ്യാഭ്യാസത്തിനും ക്രിക്കറ്റിനും വേണ്ടി സഹായിക്കുന്ന സംഘടനയാണ് ഉസ്മാൻ ഖവാജ ഫൗണ്ടേഷൻ.
പൈലറ്റായി പ്രവർത്തിക്കുന്നതിന് യോഗ്യതയുള്ള ഖവാജ, ടെസ്റ്റിൽ 16 സെഞ്ചറികളുൾപ്പടെ 6,206 റൺസാണ് ഓസീസിനായി അടിച്ചെടുത്തത്. ഒരു വർഷം മുൻപ് ശ്രീലങ്കയ്ക്കെതിരെ നേടിയ ഡബിൾ സെഞ്ചറിയാണ് (232) കരിയറിലെ ഉയര്‍ന്ന സ്കോർ. അതിനു ശേഷം താരത്തിന് ഒരു സെഞ്ചറി പോലും നേടാൻ സാധിച്ചിരുന്നില്ല. കരിയറിലെ അവസാന ആഷസ് പരമ്പരയിലും അത്ര മികച്ച പ്രകടനമല്ല ഖവാജയുടേത്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെ താരം പരുക്കേറ്റു പുറത്തായി, ഈ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ട്രാവിസ് ഹെഡാണ് ഖവാജയ്ക്കു പകരക്കാരനായി ബാറ്റു ചെയ്തത്.
ബ്രിസ്ബെയ്നില്‍ നടന്ന രണ്ടാം ടെസ്റ്റിലും താരം കളിച്ചിരുന്നില്ല. അഡ്‍ലെയ്ഡിലെ മൂന്നാം ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനു പരുക്കേറ്റതോടെയാണ് ഖവാജ വീണ്ടും ടീമിലെത്തിയത്. 82,40 എന്നിങ്ങനെയായിരുന്നു മൂന്നാം ടെസ്റ്റിൽ താരത്തിന്റെ സ്കോറുകൾ. മെൽബണിൽ ആദ്യ ഇന്നിങ്സിൽ 29 റൺസടിച്ച ഖവാജ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിനു പുറത്തായി. ഇതോടെയാണ് 39 വയസ്സുകാരനായ ഖവാജ കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 3–1ന് മുന്നിലുള്ള ഓസ്ട്രേലിയ ആഷസ് ട്രോഫി നിലനിർത്തിയിരുന്നു.
English Summary:








English (US) ·