Published: September 29, 2025 06:32 PM IST
1 minute Read
ദുബായ്∙ ട്രോഫി തന്റെ കയ്യിൽനിന്നു വാങ്ങിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം വിസമ്മതിച്ചതിനു പിന്നാലെ ഏഷ്യാ കപ്പ് കിരീടവുമായി ‘മുങ്ങിയ’ പാകിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വി ലോകവേദിയിൽ അപമാനിതനായിരുന്നു. പാക്കിസ്ഥാൻ താരങ്ങൾക്ക് രണ്ടാം സ്ഥാനത്തിനുള്ള മെഡലുകൾ വിതരണം ചെയ്ത ശേഷം, ഏഷ്യാകപ്പ് ട്രോഫിയുമായി നഖ്‍വി ഗ്രൗണ്ട് വിടുകയായിരുന്നു.
ഇപ്പോഴിതാ, ക്രിക്കറ്റിന്റെ മാന്യതയെ ഇന്ത്യൻ ടീം അപമാനിച്ചെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മൊഹ്സിൻ നഖ്‌വി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച ട്വീറ്റിനു മറുപടിയായിട്ടാണ് നഖ്‌വിയുടെ ആരോപണം. പാക്കിസ്ഥാൻ പൗരന്മാരുടെ എക്‌സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘‘യുദ്ധം നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോലായിരുന്നുവെങ്കിൽ, പാക്കിസ്ഥാന്റെ പക്കൽ നിന്നുള്ള നിങ്ങളുടെ അപമാനകരമായ തോൽവികളുടെ ചരിത്രം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനും ആ സത്യം മാറ്റിയെഴുതാൻ കഴിയില്ല. യുദ്ധത്തെ കായികരംഗത്തേക്ക് വലിച്ചിഴയ്ക്കുന്നത് നിരാശയെ തുറന്നുകാട്ടുകയും കളിയുടെ മാന്യതയെ തന്നെ അപമാനിക്കുകയും ചെയ്യും.’’– നഖ്‌വി പറഞ്ഞു.
ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്നാണ് പാക്കിസ്ഥാനെതിരായ ഫൈനൽ വിജയത്തെ പുകഴ്ത്തി മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ‘‘മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യൻ വിജയം’’– പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് വിക്കറ്റ് വിജയമാണ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്.
മൊഹ്സിൻ നഖ്‌വിയിൽനിന്നു ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റ് നിലപാടെടുത്തതോടെയാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യൻ ടീം സ്വീകരിക്കാതിരുന്നത്. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽനിന്ന് ട്രോഫി വാങ്ങാമെന്നും ഇന്ത്യൻ ടീം മാനേജ്മെന്റ് വ്യക്തമാക്കി. എന്നാൽ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ ഇതു തള്ളി. ഇതുമൂലം മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിലേറെ വൈകിയാണ് പുരസ്കാരച്ചടങ്ങ് നടന്നത്.
രണ്ടാം സ്ഥാനക്കാർക്കുള്ള പുരസ്കാരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻകൂടിയായ നഖ്‌വിയിൽനിന്ന് പാക്ക് ടീമംഗങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യൻ താരങ്ങൾക്കുള്ള വ്യക്തിഗത പുരസ്കാരങ്ങൾ ബന്ധപ്പെട്ട സ്പോൺസർഷിപ് പ്രതിനിധികളാണു സമ്മാനിച്ചത്. ട്രോഫി ലഭിക്കാതിരുന്നതോടെ പോഡിയത്തിൽ കയറി സെൽഫിയെടുത്ത ശേഷം ഇന്ത്യൻ താരങ്ങൾ മടങ്ങി. എന്നാൽ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്നു മാത്രമാണ് അറിയിച്ചതെന്നും എത്രയും വേഗം ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്കു കൈമാറണമെന്നും ബിസിസിഐ സെക്രട്ടറി ദേവ്‌ജിത് സൈകിയ പ്രതികരിച്ചു.
English Summary:








English (US) ·