Published: January 07, 2026 01:07 PM IST
1 minute Read
ദുബായ്∙ ട്വന്റി20 ലോകകപ്പ് കളിക്കാൻ ഇന്ത്യയിലെത്തിയാൽ ബംഗ്ലദേശ് ടീമിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കാമെന്ന് ബിസിസിഐ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി, ലോകകപ്പിലെ മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ബംഗ്ലദേശ് കടുംപിടിത്തം തുടരുന്നതിനിടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. ഐസിസിക്കു മുന്നിൽ ഈ നിർദേശമെത്തിയതോടെയാണ് ശ്രീലങ്കയിലേക്കു മത്സരങ്ങൾ മാറ്റേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചത്. ഐസിസി ചെയര്‍മാൻ ജയ് ഷാ ഇന്ത്യയ്ക്കൊപ്പം ഉറച്ചുനിന്നതോടെ ബംഗ്ലദേശ് പ്രതിസന്ധിയിലായി.
ലോകകപ്പ് മത്സരങ്ങൾ മാറ്റുന്ന കാര്യം ചർച്ച ചെയ്യാൻ ഐസിസി– ബിസിബി അംഗങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സുരക്ഷയുടെ കാര്യത്തിൽ ബിസിസിഐയുടെ നിലപാട് ഐസിസി ബംഗ്ലദേശിനെ അറിയിച്ചത്. മത്സരങ്ങൾ മാറ്റില്ലെന്ന് ഐസിസി വ്യക്തമാക്കിയെങ്കിലും ഇക്കാര്യത്തിൽ ബംഗ്ലദേശ് പ്രതികരിച്ചിട്ടില്ല. എന്തു സുരക്ഷാ പ്രശ്നങ്ങളാണു നേരിടുന്നതെന്ന് ഐസിസിയെ ബോധ്യപ്പെടുത്താൻ ബിസിബി പരാജയപ്പെട്ടു. ഇതോടെ ബംഗ്ലദേശിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
നിലപാടിലുറച്ച് ലോകകപ്പിൽനിന്ന് പിൻമാറിയാൽ കോടികളുടെ നഷ്ടം ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് സഹിക്കേണ്ടിവരും. മാത്രമല്ല രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നടപടിയായി വിലക്കു വരാനും സാധ്യതയുണ്ട്. ഇന്ത്യയിലേക്കു വന്ന് ലോകകപ്പ് കളിക്കുക എന്നതു മാത്രമാണ് ബംഗ്ലദേശിനു മുന്നിലുള്ള വഴി. ഇനി ലോകകപ്പിൽനിന്ന് പിൻമാറിയാൽ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകളെയും അതു ബാധിക്കും. ഇതുമൂലമുള്ള വലിയ നഷ്ടവും ബംഗ്ലദേശിനെ കാത്തിരിക്കുന്നുണ്ട്.
മുസ്തഫിസുർ റഹ്മാനെ ഐപിഎലിൽനിന്നു പുറത്താക്കിയതിനു പിന്നാലെയാണ്, ബംഗ്ലദേശ് ക്രിക്കറ്റ് ടീം ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടത്. മത്സരങ്ങൾ മാറ്റുന്നതിൽ പാക്കിസ്ഥാനെയാണ് ബംഗ്ലദേശ് മാതൃകയാക്കിയത്. നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം പാക്കിസ്ഥാന്റെ ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലാണ് നടത്തുന്നത്. പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടം പിന്നിട്ടാൽ ആ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കേണ്ടിവരും.
English Summary:








English (US) ·