Published: September 16, 2025 12:31 PM IST
1 minute Read
ദുബായ് ∙ ഏഷ്യാകപ്പ് പോരാട്ടത്തിനു പിന്നാലെ ഉയർന്ന ഹസ്തദാന വിവാദം ‘വൻ സംഭവം’ ആക്കി മാറ്റാൻ പാക്കിസ്ഥാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ‘മൈൻഡ്’ ചെയ്യാതെ ഇന്ത്യൻ ടീമും ബിസിസിഐയും. മാത്രമല്ല, പാക്കിസ്ഥാനെതിരായ കടുത്ത നിലപാട് തുടരാനുമാണ് തീരുമാനം. ടീം ഇന്ത്യ, ഏഷ്യാകപ്പ് ഫൈനലിലെത്തിയാൽ പിസിബി അധ്യക്ഷൻ മുഹ്‌സിൻ നഖ്‌വിയുമായി താരങ്ങൾ വേദി പങ്കിടേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചതായാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയായ മുഹ്‌സിൻ നഖ്‌വിയാണ് നിലവിൽ പിസിബി അധ്യക്ഷനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും.
എസിസിയാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്നതിനാൽ വിജയിയുടെ ട്രോഫിയും സമ്മാനങ്ങളും കളിക്കാർക്ക് കൈമാറുന്നത് അദ്ദേഹമായിരിക്കും. റണ്ണറപ്പുമാർക്കുള്ള ട്രോഫിയും നഖ്‌വി തന്നെയാകും വിതരണം ചെയ്യുക. അതിനാൽ ഫൈനൽ മത്സരത്തിനു ശേഷം നഖ്‌വിയോടൊപ്പം വേദി പങ്കിടാൻ ഇന്ത്യൻ താരങ്ങൾ തയാറാകില്ലെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം ഹസ്തദാനം ഒഴിവാക്കിയ അതേ നിലപാട് ഇവിടെയും തുടരനാണ് തീരുമാനം.
ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയ്ക്കൊപ്പം പാക്കിസ്ഥാനും സൂപ്പർ ഫോറിൽ കടക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. അങ്ങനെ വന്നാൽ ഇരു ടീമുകളും ടൂർണമെന്റിൽ ഒരിക്കൽകൂടി നേർക്കുനേർ വരും. അന്നും ഇന്ത്യ ഇതേ നിലപാട് സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇനി ഇന്ത്യ നിലപാട് തുടർന്നാൽ പാക്കിസ്ഥാന്റെ മറുപടി എന്തായിരിക്കുമെന്നും കണ്ടറിയണം.
ഞായറാഴ്ച ദുബായിൽ നടന്ന മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിൻ ക്യാപ്റ്റൻ സൽമാൻ ആഗയും പരസ്പരം ഹസ്തദാനം നടത്തിയിരുന്നില്ല. മത്സരശേഷവും പാക്ക് താരങ്ങൾക്ക് കൈ കൊടുക്കാൻ നിൽക്കാതെ ഇന്ത്യൻ താരങ്ങൾ നേരെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇതെത്തുടർന്നു മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലും പ്രസന്റേഷൻ സെർമണിയിലും പാക്ക് ക്യാപ്റ്റൻ വിട്ടുനിന്നു. ഹസ്‌ദാനം നൽകാത്തതിനാലാണ് വിട്ടുനിന്നതെന്ന് പാക്കിസ്ഥാൻ കോച്ച് സ്ഥിരീകരിക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരായ വിജയം ഇന്ത്യൻ സൈനികർക്ക് സമർപ്പിക്കുന്നതായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഹസ്തദാന വിവാദത്തിൽ മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റിനെ ടൂർണമെന്റിൽനിന്നു പുറത്താക്കണമെന്നാണ് പിസിബിയുടെ ആവശ്യം. ഇതു സംബന്ധിച്ച് ഐസിസിക്ക് പരാതി നൽകുകയും ചെയ്തു. ആൻഡി പൈക്റോഫ്റ്റിനെ മാറ്റിനിർത്തിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത മത്സരം ബഹിഷ്കരിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭീഷണി. ഹസ്തദാനം നൽകേണ്ടതില്ലെന്നു നിർദേശം നൽകാൻ മാച്ച് റഫറിക്ക് അധികാരമില്ലെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.
English Summary:








English (US) ·