പാക്കിസ്ഥാനെതിരായ കളി മുടക്കി, പാക്കിസ്ഥാനി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയി ഹർഭജൻ; വൻ വിമർ‌ശനം

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 20 , 2025 05:23 PM IST

1 minute Read

 Instagram/Lalqela
ഹർഭജൻ സിങ് ലാല്‍ ക്വെല റസ്റ്ററന്റിൽ. Photo: Instagram/Lalqela

ലണ്ടൻ∙‘‘വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിലെ’ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം റദ്ദാക്കുന്നതിനു തൊട്ടുമുൻപ് ബർമിങ്ങാമിലെ പാക്കിസ്ഥാനി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയതിന്റെ പേരിൽ വിവാദത്തിലായി ഹർഭജൻ സിങ്. ഹർഭജൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ലെജൻഡ്സ് ലീഗിലെ ഇന്ത്യ– പാക്ക് പോരാട്ടം സംഘാടകർക്ക് ഉപേക്ഷിക്കേണ്ടി വന്നത്. 

യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാംപ്യൻസ് ടീമിൽ ഹർഭജൻ സിങ്, യൂസഫ് പഠാൻ, ഇര്‍ഫാൻ പഠാൻ, സുരേഷ് റെയ്ന, റോബിൻ ഉത്തപ്പ, വരുൺ ആരോൺ എന്നീ താരങ്ങളും കളിക്കുന്നുണ്ട്. ബർമിങ്ങാമിലെ പ്രശസ്തമായ ലാൽ ക്വെല റസ്റ്ററന്റിലാണ് ഹർ‌ഭജൻ സിങ് കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ പോയത്. ഹർഭജന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ശക്തമായ വിമർശനമാണ് ഉയരുന്നത്. 

ഹർഭജൻ സിങ് സംഭവത്തിൽ വിശദീകരണം നൽകണമെന്നും ആരാധകർ ആവശ്യപ്പെടുന്നു. ഹോട്ടലിലെ ഭക്ഷണം മികച്ചതാണെന്നു ഹർഭജൻ സിങ് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലാൽ ക്വെല റസ്റ്ററന്റ് ഇൻസ്റ്റഗ്രാമിൽ ഹർഭജൻ സിങ്ങിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. സംഭവത്തിൽ ഹർഭജൻ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/Lalqela എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Harbhajan At A Pakistani Eatery In England Amid WCL Fiasco?

Read Entire Article