പാക്കിസ്ഥാനെതിരെ ഒരു തെളിവുമില്ല, ഇന്ത്യ വെറുതെ കുറ്റപ്പെടുത്തുന്നു: വിവാദ പ്രസ്താവനയുമായി ഷാഹിദ് അഫ്രീദി

8 months ago 6

ഓൺലൈൻ ഡെസ്ക്

Published: April 27 , 2025 12:45 PM IST

1 minute Read

ഷാഹിദ് അഫ്രീദി
ഷാഹിദ് അഫ്രീദി

ലഹോർ∙ പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്‍‍ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. തെളിവുകളൊന്നുമില്ലാതെ പാക്കിസ്ഥാനെ കുറ്റം പറയാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഷാഹിദ് അഫ്രീദി പ്രതികരിച്ചു. ‘‘പാക്കിസ്ഥാനാണ് ഇതിനു പിന്നിലെന്ന് ഇന്ത്യയുടെ കയ്യിൽ തെളിവൊന്നുമില്ല. എന്നിട്ടും അവർ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്.’’– ഷാഹിദ് അഫ്രീദി ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പ്രതികരിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇതു ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി.

‘‘ചർച്ചകളിലൂടെ മാത്രമേ നമുക്കു മുന്നോട്ടു പോകാൻ സാധിക്കൂ. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതൽ വഷളാക്കും. കായിക മേഖലയിൽ, പ്രത്യേകിച്ച് ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതിരിക്കണം. അതാണു നല്ലത്.’’– അഫ്രീദി പ്രതികരിച്ചു. ഏകദിന ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പാക്കിസ്ഥാൻ വനിതാ ക്രിക്കറ്റ് താരം ഗുൽ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആതിഥേയരാകുന്ന വനിതാ ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ യുഎഇയിലോ ശ്രീലങ്കയിലോ നടത്തുമെന്നാണു പ്രതീക്ഷയെന്നും പാക്ക് ഓപ്പണർ വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലിയും ശ്രീവത്സ് ഗോസ്വാമിയും ആവശ്യപ്പെട്ടിരുന്നു. ‘‘ പാക്കിസ്ഥാൻ ടീമുമായുള്ള സഹകരണം 100 ശതമാനവും നിർത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികൾ എടുക്കണം. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ നടക്കുന്നതു ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല.’’– സൗരവ് ഗാംഗുലി വാർത്താ ഏജൻ‌സിയായ എഎൻഐയോടു പറഞ്ഞു.

ഭീകരാക്രമണത്തിനു പിന്നാലെ ഇനി ഒരിക്കലും പാക്കിസ്ഥാനുമായുള്ള പരമ്പരകൾ സംഭവിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചിരുന്നു. നിലവിൽ ഐസിസി ടൂർണമെന്റുകളിലും ഏഷ്യാകപ്പിലുമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ നടത്തുന്നത്. 2008ന് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചിട്ടില്ല. 2013ലായിരുന്നു ഇന്ത്യ– പാക്ക് പരമ്പര അവസാനമായി നടന്നത്. പാക്കിസ്ഥാൻ ആതിഥേയരായ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലാണു നടത്തിയത്. ബിസിസിഐയുടെ കടുംപിടിത്തത്തെ തുടർന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയുടെ കളികൾ ദുബായിൽ നടത്താൻ സമ്മതിച്ചത്. അതേസമയം ഇന്ത്യയിലേക്ക് ഇനി കളിക്കാൻ പോകില്ലെന്ന നിബന്ധന പാക്കിസ്ഥാൻ ഐസിസിക്കു മുന്നിൽ വച്ചിരുന്നു. ഇന്ത്യയിൽ നടക്കുന്ന വനിതാ ലോകകപ്പിൽ പാക്കിസ്ഥാന്റെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദിയിൽ നടത്തേണ്ടിവരും. 

English Summary:

Shahid Afridi accuses India of blasted crippled implicit Pahalgam attack

Read Entire Article