Published: October 09, 2025 12:30 AM IST
1 minute Read
-
7 വിക്കറ്റ് നഷ്ടത്തിൽ 76; 9–ാം വിക്കറ്റിൽ ഓസ്ട്രേലിയ നേടിയത് 106 റൺസ്
കൊളംബോ ∙ തലതകർന്നിട്ടും വാലിൽക്കുത്തിയെഴുന്നേറ്റ് തിരിച്ചടിച്ച ഓസ്ട്രേലിയൻ വനിതകൾക്ക് പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം. വനിതാ ഏകദിന ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ പാക്കിസ്ഥാനെ കീഴടക്കിയത് 107 റൺസിന്. ആദ്യം ബാറ്റു ചെയ്ത് 7 വിക്കറ്റ് നഷ്ടത്തിൽ 76 എന്ന നിലയിൽ പതറിയ ഓസ്ട്രേലിയ സീനിയർ താരം ബെത്ത് മൂണിയുടെ (109) സെഞ്ചറിക്കരുത്തിൽ 221 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനെ 114 റൺസിൽ ഓൾഔട്ടാക്കിയ ബോളർമാരാണ് ഓസീസ് വിജയത്തിന്റെ ‘മാർജിൻ’ ഉയർത്തിയത്. സ്കോർ: ഓസ്ട്രേലിയ–50 ഓവറിൽ 9ന് 221. പാക്കിസ്ഥാൻ– 36.3 ഓവറിൽ 114 ഓൾഔട്ട്.
തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് പാക്കിസ്ഥാൻ. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനു ലഭിച്ചത് സ്വപ്നതുല്യമായ തുടക്കം. വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസ് നേടിയ ഓസ്ട്രേലിയയുടെ 7 വിക്കറ്റുകൾ അടുത്ത 46 റൺസിനിടെ പിഴുത പാക്ക് ബോളർമാർ ഒരു അട്ടിമറി വിജയത്തിന് കോപ്പുകൂട്ടിയിരുന്നു.
എന്നാൽ വാലറ്റത്തെ കൂട്ടുപിടിച്ച് ബെത്ത് മൂണി (109) നടത്തിയ അവിശ്വസനീയ പോരാട്ടം അവരുടെ പ്രതീക്ഷകൾ തകർത്തു. അലാന കിങ്ങിനൊപ്പം (51 നോട്ടൗട്ട്) 9–ാം വിക്കറ്റിൽ ബെത്ത് മൂണി കുറിച്ച 106 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടാണ് ടീം സ്കോർ 200 കടത്തിയത്. വനിതാ ഏകദിനത്തിൽ അവസാന 3 വിക്കറ്റിൽ നേടുന്ന ഉയർന്ന സ്കോറിന്റെ റെക്കോർഡ് (145 റൺസ്) ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ പത്താമതായി ഇറങ്ങി അർധ സെഞ്ചറി നേടുന്ന ആദ്യ താരമെന്ന നേട്ടം അലാനയുടെ പേരിലായി.
മറുപടി ബാറ്റിങ്ങിൽ ഓസീസ് പേസർ കിം ഗാർത്ത് മൂന്നാം ഓവറിൽ പാക്കിസ്ഥാന്റെ വീഴ്ചയ്ക്ക് തുടക്കമിട്ടു. 49 റൺസിനിടെ 6 വിക്കറ്റ് നഷ്ടമായ അവർ പാക്കിസ്ഥാനെക്കാൾ വലിയ തകർച്ച നേരിട്ടു. സിദ്ര അമിൻ (35) ഒഴികെ മറ്റാർക്കും 15 റൺസിന് മുകളിൽ നേടാനായില്ല. 7 പാക്ക് ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി.
English Summary:








English (US) ·