Published: September 15, 2025 03:29 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങാന്‍ ഇന്ത്യൻ ക്യാംപിലുണ്ടായിരുന്ന ഒരു താരത്തിനും താൽപര്യമില്ലായിരുന്നെന്ന് വെളിപ്പെടുത്തൽ. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയാണ് ഇന്ത്യൻ താരങ്ങളുടെ നിലപാടിനെക്കുറിച്ചു പ്രതികരിച്ചത്. ഏഷ്യാകപ്പ് കളിക്കാമെന്ന് ബിസിസിഐ സമ്മതം അറിയിച്ച സാഹചര്യത്തിൽ താരങ്ങൾക്ക് മറ്റു വഴികൾ ഇല്ലായിരുന്നെന്നും സുരേഷ് റെയ്ന ഒരു സ്പോർട്സ് മാധ്യമത്തോടു വെളിപ്പെടുത്തി.
‘‘ഒരു കാര്യം എനിക്ക് ഉറപ്പാണ്. ഒരു താരത്തോടു വ്യക്തിപരമായി ചോദിച്ചാൽ പാക്കിസ്ഥാനെതിരെ കളിക്കാന്‍ അവർക്കു താൽപര്യം ഉണ്ടാകില്ല. ബിസിസിഐ കളിക്കാമെന്നു സമ്മതിച്ചതിനാൽ താരങ്ങളെ അതിനായി നിർബന്ധിക്കുകയായിരുന്നു. ഇന്ത്യ പാക്കിസ്ഥാനെതിരെ കളിച്ചതിൽ എനിക്കു സങ്കടമുണ്ട്. പക്ഷേ വ്യക്തിപരമായി ആർക്കും അതിനു താൽപര്യമുണ്ടാകില്ല. അതാണു സത്യം.’’– റെയ്ന പ്രതികരിച്ചു. ഇന്ത്യ– പാക്ക് പോരാട്ടത്തിന്റെ ടോസിന്റെ സമയത്ത് ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്തില്ല. സൂര്യകുമാർ യാദവും സൽമാൻ ആഗയും ടോസിനു ശേഷം മുഖത്തേക്കു പോലും നോക്കാതെ ഗ്രൗണ്ട് വിടുകയായിരുന്നു.
ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനത്തിനു നിൽക്കരുതെന്ന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് സൽമാൻ ആഗയെ അറിയിച്ചിരുന്നതായി പാക്ക് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചിട്ടുണ്ട്. ഹസ്തദാനം വിലക്കിയ ആൻഡി പൈക്രോഫ്റ്റിനെ മാച്ച് റഫറി സ്ഥാനത്തുനിന്ന് നീക്കണമെന്നും പാക്കിസ്ഥാൻ ബോർഡ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയ ശേഷം ഇന്ത്യൻ ബാറ്റർമാരായ സൂര്യകുമാർ യാദവും ശിവം ദുബെയും ഹസ്തദാനത്തിനു നിൽക്കാതെ ഗ്രൗണ്ട് വിടുകയായിരുന്നു. ഡ്രസിങ് റൂമിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതുമില്ല.
English Summary:








English (US) ·