Published: August 23, 2025 09:57 AM IST
1 minute Read
മുംബൈ∙ ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. സെപ്റ്റംബർ 14ന് ദുബായിൽവച്ചാണ് ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരു രാജ്യങ്ങളും ഒരു കായിക മത്സരത്തിൽ ആദ്യമായാണ് പോരാടുന്നത്. മനുഷ്യജീവന് ഒരു വിലയും സംഘാടകർ നൽകുന്നില്ലെന്ന് മനോജ് തിവാരി പ്രതികരിച്ചു.
‘‘ഈ മത്സരം നടക്കാൻ പോകുകയാണെന്നതിൽ എനിക്ക് അദ്ഭുതമുണ്ട്. പഹൽഗാം ഭീകരാക്രമണത്തിൽ ഒരുപാട് നിരപരാധികളായ ആളുകളാണു കൊല്ലപ്പെട്ടത്. അതിനു പിന്നാലെ യുദ്ധമുണ്ടായി. കുറച്ചു മാസങ്ങൾക്കു ശേഷം എല്ലാവരും എല്ലാം മറന്നു. ഈ മത്സരം നടക്കുമെന്നത് അവിശ്വസനീയമാണ്. മനുഷ്യജീവന് ഇവിടെ ഒരു വിലയുമില്ല.’’– മനോജ് തിവാരി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
‘‘പാക്കിസ്ഥാനെതിരെ കളിച്ചതുകൊണ്ട് എന്തു നേടാമെന്നാണ് അവർ കരുതുന്നത്. മനുഷ്യജീവനാണ് സ്പോർട്സിനേക്കാൾ വിലയുള്ളത്. ഞാൻ ഈ മത്സരങ്ങൾ കാണില്ല.’’– മനോജ് തിവാരി വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും മാത്രമുള്ള കായിക ചാംപ്യൻഷിപ്പുകൾ ഇനിയുണ്ടാവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, അടുത്ത മാസം യുഎഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. രണ്ടിലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമായി മത്സരിക്കുന്നതിനു തടസ്സങ്ങളില്ല. രാജ്യാന്തര ഒളിംപിക് നിയമങ്ങൾ അനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
English Summary:








English (US) ·