പാക്കിസ്ഥാന് ഈ സമ്മർദം താങ്ങാൻ ശേഷിയില്ല, ഒരുപാടുകാലം ഇതു നീളില്ല: ഐപിഎൽ വൈകില്ലെന്ന് ഗാംഗുലി

8 months ago 8

ഓൺലൈൻ ഡെസ്ക്

Published: May 10 , 2025 03:34 PM IST

1 minute Read

 TripuraTourism/x.com
Sourav Ganguly. Image Credit : TripuraTourism/x.com

ന്യൂ‍ഡല്‍ഹി∙ ഐപിഎൽ മത്സരങ്ങൾ എത്രയും പെട്ടെന്നു തുടങ്ങാൻ സാധിക്കുമെന്നാണു ബിസിസിഐ പ്രതീക്ഷിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി. ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം രൂക്ഷമായതോടെ ഒരാഴ്ചത്തേക്കാണ് ഐപിഎൽ മത്സരങ്ങള്‍ നിർത്തിവച്ചത്. മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തണോ, പുറത്തേക്കു മാറ്റണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. പക്ഷേ ഐപിഎൽ വീണ്ടും തുടങ്ങുന്ന തീയതി ബിസിസിഐ അറിയിച്ചിട്ടില്ല.

‘‘രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണുള്ളത്. ഐപിഎല്‍ നിർണായക ഘട്ടത്തിലെത്തി നിൽക്കുന്നതിനാൽ, മത്സരങ്ങൾ എത്രയും പെട്ടെന്നു തുടങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. സുരക്ഷാ വിഷയമായതുകൊണ്ടു തന്നെ ബിസിസിഐയ്ക്ക് മത്സരങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു. ധരംശാല, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ എല്ലാം ഐപിഎൽ വേദികളാണ്. ഇവിടങ്ങളിൽ ഭീഷണിയുണ്ട്.’’

‘‘സാഹചര്യങ്ങൾ ശരിയാകുമ്പോള്‍ മത്സരങ്ങൾ ആരംഭിക്കുകതന്നെ ചെയ്യും. ബിസിസിഐ ഐപിഎൽ സീസൺ പൂർത്തിയാക്കുമെന്ന കാര്യം ഉറപ്പാണ്. ഈ പ്രശ്നങ്ങൾ പെട്ടെന്നു തന്നെ അവസാനിക്കും. കാരണം പാക്കിസ്ഥാന് ഒരുപാടു കാലം ഈ സമ്മർദം അതിജീവിക്കാൻ സാധിക്കില്ല.’’– ഗാംഗുലി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ധരംശാല സ്റ്റേഡിയത്തിൽ നടന്ന പഞ്ചാബ് കിങ്സ്– ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ പോരാട്ടം പകുതിക്കുവച്ചാണ് ഉപേക്ഷിച്ചത്. 

സുരക്ഷാ ആശങ്ക ഉയർന്നതോടെ കളി നിർത്തി താരങ്ങളെ സുരക്ഷിതമായി ‍ഡൽഹിയിലെത്തിച്ചു. പ്രത്യേകം തയാറാക്കിയ വന്ദേഭാരത് ട്രെയിനിലാണ് വിദേശ താരങ്ങളെ അടക്കം ‍ഡൽഹിയിലെത്തിച്ചത്. പിന്നീട് ഡൽ‌ഹി ക്യാപിറ്റല്‍സിന്റെ ബസുകളിൽ ഇവരെ ഹോട്ടലുകളിലേക്കു മാറ്റി.

English Summary:

Sourav Ganguly gives monolithic verdict connected IPL restart

Read Entire Article