പാക്കിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനത്തിനില്ല; വിജയത്തിനു പിന്നാലെ ഗ്രൗണ്ട് വിട്ട് ഇന്ത്യൻ താരങ്ങൾ

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 07, 2025 09:02 PM IST

1 minute Read

 X@DK
ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ കളിക്കുന്ന ഇന്ത്യൻ ടീം. Photo: X@DK

ഹോങ്കോങ്∙ വീണ്ടും പാക്കിസ്ഥാൻ താരങ്ങളുമായി ഹസ്തദാനത്തിനു നിൽക്കാതെ ഗ്രൗണ്ട് വിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഹോങ്കോങ് സിക്സസ് ടൂർണമെന്റിലാണ് പാക്ക് താരങ്ങൾക്കൊപ്പം ഹസ്തദാനത്തിനു നിൽക്കാതെ ഇന്ത്യയുടെ മടക്കം. മത്സരത്തിനു മുൻപും ശേഷവും ഇന്ത്യ– പാക്ക് താരങ്ങളുടെ ഹസ്തദാനമുണ്ടായില്ല.

മഴ മൂലം കളി തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം രണ്ടു റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. റോബിൻ ഉത്തപ്പ (11 പന്തിൽ 28), ഭരത് ചിപ്ലി (13 പന്തിൽ 24), സ്റ്റുവർട്ട് ബിന്നി (2 പന്തിൽ 4, ക്യാപ്റ്റൻ ദിനേഷ് കാർത്തിക് (6 പന്തിൽ 17*), അഭിമന്യു മിഥുൻ (5 പന്തിൽ 6) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റർമാരുടെ സ്കോറുകൾ. ഉത്തപ്പ മൂന്നു സിക്സും രണ്ടു ഫോറുമടിച്ചു. ചിപ്ലി രണ്ടു സിക്സും രണ്ടു ഫോറുമടിച്ചപ്പോൾ, ഒരു സിക്സും രണ്ടു ഫോറുമാണ് കാർത്തിക്കിന്റെ ബാറ്റിൽനിന്നു പിറന്നത്. പാക്കിസ്ഥാനായി മുഹമ്മദ് ഷഹ്‌സാദ് രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ ഓപ്പണർമാരായ ഖവാജദ് നഫായ് (9 പന്തിൽ 18*), മാസ് സദാഖത്ത് (3 പന്തിൽ 7) എന്നിവർ ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ ഇരുവരും ചേർന്ന് 18 റൺസെടുത്തു. എന്നാൽ രണ്ടാം ഓവറിൽ, സദാഖത്തിന്റെ സ്റ്റുവർട്ട് ബിന്നി വീഴ്ത്തി. ഇതോടെ ആ ഓവറിൽ ഏഴു റൺസ് മാത്രമാണ് അവർക്കു നേടാനായത്.

മൂന്നാം ഓവറിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്തു നിൽക്കെയാണ് മഴ പെയ്തത്. അപ്പോൾ 18 പന്തിൽനിന്ന് 46 റൺസാണ് പാക്കിസ്ഥാനു വേണ്ടിയിരുന്നത്. എന്നാൽ മഴ മാറാതെ വന്നതോടെ മഴനിയമപ്രകാരം രണ്ടു റൺസിന് ഇന്ത്യ വിജയിക്കുകയായിരുന്നു. 1.4 മുതൽ 2.1 ഓവർ വരെ തുടർച്ചയായ നാലു പന്തുകൾ ഡോട്ട് ബോളുകളായതാണ് പാക്കിസ്ഥാനു തിരിച്ചടിയായത്. ഇന്ത്യൻ വിജയത്തിൽ ഇതു നിർണായകമാകുകയും ചെയ്തു.

English Summary:

Dinesh Karthik-Led India Snub Handshake With Pakistan Again On Cricket Field

Read Entire Article