Published: September 25, 2025 02:39 PM IST
1 minute Read
ദുബായ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) പരാതിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ഐസിസി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ ഗ്രൂപ്പ് മത്സരത്തിനു ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും സൂര്യകുമാർ യാദവ് നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് പിസിബി പരാതി നൽകിയത്. പിസിബിയിൽനിന്നു രണ്ടു പരാതികൾ ലഭിച്ചതായി സ്ഥിരീകരിച്ചത് മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ ഇന്ത്യൻ ടീം മാനേജ്മെന്റിനു ഇമെയിൽ അയച്ചു.
പിസിബി സമർപ്പിച്ച തെളിവുകളും പ്രസ്താവനകളും പ്രാഥമികമായി പരിശോധിച്ചപ്പോൾ, സൂര്യകുമാറിന്റെ പരാമർശങ്ങൾ കായികരംഗത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണെന്നും ഇന്ത്യൻ ക്യാപ്റ്റനെതിരെ നടപടി സ്വീകരിക്കേണ്ടതാണെന്നും ഇമെയിലിൽ പറയുന്നു. ‘‘2025 സെപ്റ്റംബർ 14ന് ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിലും വാർത്താസമ്മേളനത്തിലും നിങ്ങളുടെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ അഭിപ്രായങ്ങളെക്കുറിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ച രണ്ടു റിപ്പോർട്ടുകൾ കൈകാര്യം ചെയ്യാൻ ഐസിസി എന്നോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഴുവൻ റിപ്പോർട്ടുകളും തെളിവുകളും പരിശോധിച്ചു. കളിയുടെ താൽപര്യത്തിന് ഹാനികരമായ അനുചിതമായ പരാമർശങ്ങൾ നടത്തി മത്സരത്തെ വിവാദത്തിലേക്ക് നയിച്ച പെരുമാറ്റത്തിന് സൂര്യകുമാർ യാദവിനെതിരെ നടപടി സ്വീകരിക്കണമെന്ന നിഗമനത്തിലെത്തി.’’– ഇമെയിലിൽ പറയുന്നു.
സൂര്യകുമാറിന് കുറ്റം ഏറ്റെടുക്കുന്നതിനോ അഥവാ ഐസിസി മാച്ച് റഫറി, ബിസിസിഐ, പിസിബി പ്രതിനിധി എന്നിവർക്കു മുന്നിൽ കാര്യങ്ങൾ ധരിപ്പിക്കുന്നതിനോ അവസരമുണ്ടാകുമെന്നും ഇമെയിലിൽ പറയുന്നു.
∙വിജയം സൈനികർക്ക് സമർപ്പിച്ച് സൂര്യകുമാർഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിനു മുൻപും ശേഷവും കളിക്കാരും ക്യാപ്റ്റന്മാരും ഹസ്തദാനം നടത്താതിരുന്നതു ചർച്ചയായിരുന്നു. ഇന്ത്യ – പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രതിഷേധങ്ങൾക്കിടയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലാണ്, കളിക്കപ്പുറം സൗഹാർദത്തിന്റെ സൂചനകളൊന്നും ഉണ്ടാകാതിരുന്നത്. സൂപ്പർ ഫോർ മത്സരത്തിലും ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനു മുൻപ് ടോസ് ചെയ്യുന്ന ചടങ്ങിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഗയും മാച്ച് റഫറിക്കു ടീം ചാർട്ട് നൽകിയ ശേഷം മാറിനിൽക്കുകയായിരുന്നു. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങൾക്കു കൈകൊടുക്കാൻ ഇന്ത്യൻ താരങ്ങളും കൂട്ടാക്കിയില്ല.
‘ഞങ്ങൾ ഇവിടെ ക്രിക്കറ്റ് കളിക്കാനാണു വന്നത്. ചില കാര്യങ്ങൾ ക്രിക്കറ്റിന് അപ്പുറമുള്ളതാണ്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സ്. ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നു’’– മത്സരശേഷം സൂര്യകുമാർ പറഞ്ഞു. പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ ടിവി ചോദ്യോത്തര പരിപാടി ബഹിഷ്കരിച്ചു. ബിസിസിഐയുടെയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിച്ചാണ് ഹസ്തദാനം ഒഴിവാക്കിയതെന്ന് വാർത്താസമ്മേളനത്തിലും സൂര്യകുമാർ പറഞ്ഞു. ഇതിനെതിരെയാണ് പാക്കിസ്ഥാൻ ഐസിസിക്കു പരാതി നൽകിയത്.
English Summary:








English (US) ·