Published: September 17, 2025 12:11 PM IST
1 minute Read
ദുബായ്∙ ഹസ്തദാന വിവാദത്തിനു പിന്നാലെ ഏഷ്യാകപ്പിൽ ഒത്തുതീർപ്പു ഫോർമുല നടപ്പാക്കാൻ ശ്രമം. പാക്കിസ്ഥാന്റെ ആവശ്യം ഭാഗികമായി നടപ്പാക്കാനാണ് സംഘാടകർ ശ്രമിക്കുന്നത്. പാക്കിസ്ഥാന്റെ ആവശ്യപ്രകാരം ആൻഡി പൈക്രോഫ്റ്റിനെ യുഎഇയ്ക്കെതിരായ മത്സരത്തിന്റെ മാച്ച് റഫറി സ്ഥാനത്തുനിന്നും മാറ്റും. റിച്ചി റിച്ചഡ്സനാണു മത്സരത്തിൽ മാച്ച് റഫറിയാകുക. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ആൻഡി പൈക്രോഫ്റ്റ് ഏഷ്യാകപ്പിലെ മറ്റു മത്സരങ്ങൾ നിയന്ത്രിക്കും. വിവാദത്തിൽ ഒത്തുതീർപ്പിനായി ഒമാൻ, യുഎഇ ക്രിക്കറ്റ് ബോർഡുകളും ഇടപെട്ടതായാണു പുറത്തുവരുന്ന വിവരം. ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിൽനിന്നു മാറ്റിനിർത്തണമെന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ പാക്കിസ്ഥാന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെ ടൂർണമെന്റിൽനിന്നു പിൻമാറുമെന്ന ഭീഷണിയും പാക്ക് ബോർഡ് ഉയർത്തിയിരുന്നു.
മത്സരത്തിന്റെ ടോസിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോട് മാച്ച് റഫറി ആവശ്യപ്പെട്ടതായി പിസിബി ആരോപിച്ചിരുന്നു. ഇത് സ്പോർട്സ്മാൻഷിപ്പിന് എതിരാണെന്നും മാച്ച് റഫറി പക്ഷപാതം കാണിച്ചെന്നും ആരോപിച്ചാണ് പിസിബി പരാതി നൽകിയത്. സിംബാബ്‍വെയിൽ നിന്നുള്ള അറുപത്തിയൊൻപതുകാരൻ പൈക്റോഫ്റ്റ് ഐസിസി എലീറ്റ് പാനലിലുള്ള മാച്ച് റഫറിയാണ്.
നിലവിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക വരുമാനത്തിൽ നിന്ന് 15% തുക പിസിബിക്ക് ലഭിക്കുന്നുണ്ട്. 12–16 ദശലക്ഷം ഡോളറോളം (ഏകദേശം 100– 140 കോടി രൂപ) വരുമിത്. ടൂർണമെന്റ് ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ ഈ തുക പാക്കിസ്ഥാന് നഷ്ടപ്പെടും. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പിസിബിയെ ഈ നഷ്ടം കൂടുതൽ ബുദ്ധിമുട്ടിലാക്കും.
English Summary:








English (US) ·