പാക്കിസ്ഥാൻ 159ന് ഓൾഔട്ട്, വനിതാ ലോകകപ്പിലും ഇന്ത്യൻ കുതിപ്പ്, തുടർച്ചയായ രണ്ടാം വിജയവുമായി ഒന്നാമത്

3 months ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 06, 2025 07:19 AM IST

1 minute Read

CRICKET-ICC-WOMEN-WC-2025-ODI-IND-PAK
ഇന്ത്യൻ താരങ്ങളുടെ വിജയാഹ്ലാദം. Photo: Ishara S Kodikara/AFP

കൊളംബോ∙ ഏകദിന വനിതാ ലോകകപ്പിലും പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ. 88 റൺസിനാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്തു പുറത്തായി. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ക്രാന്തി ഗൗ‍ഡും ദീപ്തി ശർമയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ സിദ്ര അമീന് മാത്രമാണ് പാക്ക് നിരയിൽ തിളങ്ങാൻ സാധിച്ചത്. 106 പന്തുകൾ നേരിട്ട സിദ്ര 81 റൺസെടുത്തു പുറത്തായി. 46 പന്തുകളിൽനിന്ന് നതാലിയ പർവേസ് 33 റൺസടിച്ചു. ക്യാപ്റ്റൻ ഫാത്തിമ സന ഉൾപ്പടെ ആറ് പാക്കിസ്ഥാൻ താരങ്ങൾ രണ്ടക്കം കടക്കാതെ മടങ്ങി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതാണ്. രണ്ടു കളികളും തോറ്റ പാക്കിസ്ഥാൻ ആറാമതാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ 247 റൺ‌സെടുത്തു പുറത്തായിരുന്നു. 65 പന്തിൽ 46 റൺസടിച്ച ഹർലീന്‍ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 20 പന്തിൽ 35 റൺസെടുത്ത റിച്ച ഘോഷ് പുറത്താകാതെനിന്നു. ജെമീമ റോഡ്രിഗസ് (37 പന്തിൽ 32), പ്രതിക റാവൽ (37 പന്തിൽ 31), സ്മൃതി മന്ഥന (32 പന്തിൽ 23), സ്നേഹ് റാണ (23 പന്തിൽ 20), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 19) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാര്‍. ഭേദപ്പെട്ട തുടക്കമാണ് പ്രതികയും സ്മൃതിയും ചേർന്ന് ഇന്ത്യയ്ക്കു നൽകിയത്. 

സ്കോർ 48ൽ നിൽക്കെ സ്മൃതി മന്ഥനയെ ഫാതിമ സന എൽബിഡബ്ല്യു ആക്കി. പിന്നാലെ പ്രതിക റാവൽ സാദിയ ഇക്ബാലിന്റെ പന്തിൽ ബോൾഡായി. ഹർലീൻ ഡിയോളും ഹർമൻപ്രീത് കൗറും കൈകോര്‍ത്തതോടെ ഇന്ത്യൻ സ്കോർ‌ 100 പിന്നിട്ടു. 19 റൺസ് നേടി ഹർമന്‍പ്രീത് പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. റമീൻ ഷമാമിന്റെ പന്തിൽ നഷ്ടറ സന്ധു ക്യാച്ചെടുത്ത് ഹർ‌ലീൻ ‍ഡിയോളും മടങ്ങി. തൊട്ടുപിന്നാലെ കളി പ്രാണിശല്യം കാരണം കളി നിർത്തിവയ്ക്കുകയായിരുന്നു. 

CRICKET-ICC-WOMEN-WC-2025-ODI-IND-PAK

ഗ്രൗണ്ടിലെ പ്രാണിശല്യത്തെ തുടർന്ന് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നിർത്തിവച്ചപ്പോൾ. Photo: Ishara S Kodikara/AFP

20 മിനിറ്റ് ഇടവേളയ്ക്കു ശേഷം പ്രാണികളെ തുരത്തിയാണ് കളി തുടങ്ങിയത്. മത്സരം വീണ്ടും തുടങ്ങിയതിനു പിന്നാലെ ഇന്ത്യയ്ക്കു ജെമീമയെ നഷ്ടമായി. 35–ാം ഓവറിൽ നഷ്‍റ സന്ധുവിന്റെ പന്തിൽ താരം എൽബിഡബ്ല്യു ആയി. എന്നാൽ അംപയർ ഔട്ട് അനുവദിച്ചില്ല. ഡ‍ിആർഎസ് പോയ ശേഷമാണ് പാക്കിസ്ഥാൻ അഞ്ചാം വിക്കറ്റ് നേടിയെടുത്തത്. സ്കോർ 200 കടന്നതിനു പിന്നാലെ ഫാത്തിമ സനയ്ക്ക് രണ്ടാം വിക്കറ്റ് നൽകി സ്നേഹ് റാണ മടങ്ങി. ദീപ്തി ശർമയ്ക്കും മികച്ച സ്കോര്‍ കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ റിച്ച ഘോഷ് തകർത്തടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്കെത്തി.

india

ഇന്ത്യൻ താരങ്ങൾ ബാറ്റിങ്ങിനിടെ. Photo: X@BCCI

English Summary:

ICC Womens World Cup 2025: India Women vs Pakistan Women- Match Updates

Read Entire Article