Published: April 23 , 2025 03:49 PM IST Updated: April 23, 2025 05:59 PM IST
1 minute Read
മുൾട്ടാൻ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) മുൾട്ടാൻ സുൽത്താൻസും ലഹോർ ക്വാലാൻഡേഴ്സും തമ്മിലുള്ള മത്സരത്തിനു ശേഷം പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനിടെ പാക്കിസ്ഥാന്റെ മുൻ താരം കൂടിയായ റമീസ് രാജയ്‌ക്ക് സംഭവിച്ച പിഴവ് വൈറൽ. മത്സരത്തിൽ ഏറ്റവും മികച്ച ക്യാച്ചെടുത്ത താരത്തിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നതിനിടെ, പാക്കിസ്ഥാൻ സൂപ്പർ ലീഗിനു പകരം റമീസ് രാജ പറഞ്ഞത് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പേര്.
ഫലത്തിൽ മുൾട്ടാൻ സുൽത്താൻസിന്റെ ഐറിഷ് താരം ജോഷ്വ ലിറ്റിൽ ക്യാച്ചെടുത്തത് പാക്കിസ്ഥാൻ സൂപ്പർ ലീഗിലാണെങ്കിലും, പുരസ്കാരം ഏറ്റുവാങ്ങിയത് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പേരിൽ. മത്സരത്തിൽ ലഹോർ ക്വാലാൻഡേഴ്സിന്റെ ഓപ്പണർ ഫഖർ സമാനെ പുറത്താക്കാനായി ഉബൈദ് ഷായുടെ പന്തിൽ ജോഷ്വ ലിറ്റിൽ എടുത്ത ക്യാച്ചിനായിരുന്നു പുരസ്കാരം.
ജോഷ്വ ലിറ്റിനെ ‘ക്യാച്ച് ഓഫ് ദ് മാച്ച്’ പുരസ്കാരം സ്വീകരിക്കാനായി ക്ഷണിച്ചുകൊണ്ട് പിഎസ്എൽ എന്നതിനു പകരം റമീസ് രാജ ഐപിഎൽ എന്നു പറഞ്ഞത് ഞെട്ടലോടെയാണ് അവിടെയുണ്ടായിരുന്നവർ കേട്ടത്. ഇതിനിടെ, ഇത്തരമൊരു നാക്കുപിഴയ്ക്ക് റമീസ് രാജ മാപ്പു പറയണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തുകയും ചെയ്തു.
മത്സരത്തിൽ മുഹമ്മദ് റിസ്‌വാൻ നയിച്ച മുൾട്ടാൻ സുൽത്താൻസ് ഷഹീൻ അഫ്രീദി നായകനായ ലഹോർ ക്വാലാൻഡേഴ്സിനെ 33 റൺസിന് തോൽപ്പിച്ചു. 44 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതം 87 റൺസെടുത്ത മുൾട്ടാൻ താരം യാസിർ ഖാനാണ് കളിയിലെ കേമൻ.
English Summary:








English (US) ·