പാക്ക് ക്യാപ്റ്റൻ വിളിച്ചത് ഒന്ന്, അവതാരക കേട്ടത് മറ്റൊന്ന്, സംഭവിച്ചത് വൻ അബദ്ധം; ‘കിട്ടാത്ത ടോസ്’ പാക്കിസ്ഥാന്

3 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 06, 2025 08:07 AM IST

1 minute Read

 ISHARA S. KODIKARA / AFP
പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും മത്സരത്തിനിടെ. Photo: ISHARA S. KODIKARA / AFP

കൊളംബോ∙ ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിലെ ടോസിൽ അവതാരകയ്ക്കും മാച്ച് റഫറിക്കും സംഭവിച്ചത് വൻ അബദ്ധം. മാച്ച് റഫറിയുടെ പിഴവിലാണ് ടോസ് പാക്കിസ്ഥാന് അനുകൂലമായത്. മത്സരത്തിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് കോയിൻ മുകളിലേക്ക് എറിഞ്ഞത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന ‘ടെയിൽസ്’ വിളിച്ചു. എന്നാൽ അവതാരകയായ മെൽ ജോൺസ് ‘ഹെ‍ഡ്സ്’ എന്നാണു കേട്ടത്. ഐസിസി മാച്ച് റഫറിയായിരുന്ന സാന്‍ഡ്രെ ഫ്രിറ്റ്സ് ഈ പിഴവ് ശ്രദ്ധിച്ചിരുന്നില്ല. ഹെഡ്സ് വീണതോടെ പാക്കിസ്ഥാന് ടോസ് അനുവദിക്കുകയും ചെയ്തു.

ടോസിന്റെ ആനുകൂല്യം ലഭിച്ചെങ്കിലും മത്സരത്തിൽ പാക്കിസ്ഥാൻ വൻ തോൽവിയാണു വഴങ്ങിയത്. ഇന്ത്യ 88 റൺസിനു വിജയിച്ചതോടെ ടോസിന്റെ കാര്യത്തിൽ വലിയ വിമര്‍ശനങ്ങളും ഉയർന്നില്ല. ടോസിന്റെ സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും ഹസ്തദാനത്തിനു നിന്നിരുന്നില്ല. മത്സരത്തിനു ശേഷവും ഇരു ടീമുകളുടെയും താരങ്ങള്‍ ഹസ്തദാനത്തിനെത്തിയില്ല.

88 റൺസിനാണ് കൊളംബോ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 43 ഓവറിൽ 159 റൺസെടുത്തു പുറത്തായി. മൂന്നു വിക്കറ്റു വീതം വീഴ്ത്തിയ ക്രാന്തി ഗൗ‍ഡും ദീപ്തി ശർമയുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സ്നേഹ് റാണ രണ്ടു വിക്കറ്റുകളും വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ നാലു പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതാണ്. രണ്ടു കളികളും തോറ്റ പാക്കിസ്ഥാൻ ആറാമതാണ്.

English Summary:

Cricket Toss Controversy: A important mistake occurred during the flip for the India-Pakistan Women's Cricket World Cup match. The lucifer referee's mistake led to Pakistan incorrectly being awarded the toss, though India yet won the game.

Read Entire Article