Published: November 17, 2025 02:29 PM IST
1 minute Read
ദോഹ∙ റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ പുറത്താകലിൽ വിവാദം. ഇന്ത്യയ്ക്കു തകർപ്പന്‍ തുടക്കം നൽകിയ വൈഭവ് മത്സരത്തിൽ 28 പന്തുകൾ നേരിട്ട് 45 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സുകളും അഞ്ചു ഫോറുകളും താരം ബൗണ്ടറി കടത്തി. സുഫിയാൻ മുഖീം എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ മുഹമ്മദ് ഫൈഖ് ക്യാച്ചെടുത്താണു വൈഭവിന്റെ പുറത്താകൽ.
വൈഭവ് സിക്സിനു ശ്രമിച്ചപ്പോൾ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് പാക്ക് ഫീൽഡർ പന്ത് പിടിച്ചെടുക്കുകയായിരുന്നു. ബൗണ്ടറി ലൈനിന് തൊട്ടടുത്തുനിന്ന് ക്യാച്ചെടുത്തതിനു പിന്നാലെ പാക്ക് താരങ്ങൾ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ റീപ്ലേ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു അംപയർ ഔട്ട് അനുവദിച്ചത്. പക്ഷേ, പാക്ക് താരം മുഹമ്മദ് ഫൈഖിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയോ, ഇല്ലയോ എന്നത് ഈ ദൃശ്യങ്ങളിലും പൂർണമായും വ്യക്തമായിരുന്നില്ല.
റീപ്ലേകളുടെ സമയത്ത് എല്ലാ ‘ആംഗിളുകളിൽ’ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. താരത്തിന്റെ ഷൂസിന്റെ പുറകുവശം ബൗണ്ടറി ലൈനിൽ തട്ടിയോ എന്നതാണ് സംശയം. ഇതോടെ അംപയറുടെ തീരുമാനത്തിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഗ്രൗണ്ടിൽ കുറച്ചുനേരം കാത്തുനിന്ന ശേഷം, സ്ക്രീനിൽ ‘ഔട്ട്’ എന്നു തെളിഞ്ഞതോടെ വൈഭവ് നിരാശയോടെ മടങ്ങുകയായിരുന്നു.
ബാറ്റുകൊണ്ട് ഗ്രൗണ്ടിൽ അടിച്ച് രോഷം പ്രകടിപ്പിച്ച ശേഷമായിരുന്നു വൈഭവ് മടങ്ങിയത്. വൈഭവ് പുറത്താകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലും വൈറലാണ്. മത്സരത്തിൽ പാക്കിസ്ഥാൻ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കി. 19 ഓവറിൽ 136 റൺസാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിൽ 13.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ വിജയത്തിലെത്തി.
English Summary:








English (US) ·