Published: May 15 , 2025 05:24 PM IST
1 minute Read
മുംബൈ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎൽ കളിക്കാനെത്തി ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഒവൻ. പരുക്കേറ്റു പുറത്തായ ഗ്ലെൻ മാക്സ്‌വെലിന്റെ പകരക്കാരനായി മൂന്നു കോടി രൂപയ്ക്കാണ് ഒവൻ പഞ്ചാബ് ടീം ക്യാംപിൽ ചേർന്നത്. ഐപിഎലും പാക്കിസ്ഥാൻ സൂപ്പർ ലീഗും മേയ് 17 ന് തുടങ്ങാനിരിക്കെയാണ് മാക്സ്‍വെല്ലിന്റെ പകരക്കാരനെ പഞ്ചാബ് പ്രഖ്യാപിച്ചത്. പാക്കിസ്ഥാൻ സൂപ്പർ ലീഗില്‍ ബാബർ അസം നയിക്കുന്ന പെഷവാർ സൽമിയുടെ താരമായിരുന്നു ഒവൻ.
പാക്ക് ലീഗിൽ പ്ലേ ഓഫിൽ കടക്കാനുള്ള സാധ്യത ടീമിനു ബാക്കിയുണ്ടായിരുന്നെങ്കിലും പെഷവാറിനൊപ്പം തുടരേണ്ടെന്ന തീരുമാനത്തിലായിരുന്നു ഒവൻ. പെഷവാറിനായി ഏഴു മത്സരങ്ങളിൽനിന്ന് 102 റൺസാണ് ഒവൻ നേടിയത്. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ അവസാന സീസണിലെ ടോപ് സ്കോററായിരുന്നു മിച്ചൽ ഒവൻ. ഫൈനലിൽ 42 പന്തിൽ 108 റൺസെടുത്ത ഒവൻ ഹൊബാർട്ട് ഹരികെയ്ൻസിനെ ആദ്യ കിരീടവിജയത്തിലേക്കു നയിച്ചു.
പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെ ഇടപെടലാണ് യുവതാരത്തെ പഞ്ചാബ് ക്യാംപിലെത്തിച്ചത്. പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു വിജയം കൂടി മതിയാകും. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ അടുത്ത മത്സരം. ലീഗ് ഘട്ടത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും പഞ്ചാബിന് മത്സരങ്ങളുണ്ട്.
English Summary:








English (US) ·