Published: May 17 , 2025 09:46 AM IST
1 minute Read
-
ഇടവേളയ്ക്കു ശേഷം ഐപിഎൽ; ഇന്ന് രാത്രി 7.30ന് ബെംഗളൂരു–കൊൽക്കത്ത
-
വിരാട് കോലിക്ക് ആദരമായി ടെസ്റ്റ് ജഴ്സി ധരിച്ചെത്താൻ ആരാധകർ
ബെംഗളൂരു∙ ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ 18–ാം സീസണിന്റെ ‘രണ്ടാം പകുതി’ ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങുമ്പോൾ ക്രിക്കറ്റ് ആരാധകർ കണ്ണും കാതും കൂർപ്പിച്ചു കാത്തിരിക്കുന്നത് ഒരേ ഒരാൾക്കു വേണ്ടിയാണ്; സാക്ഷാൽ വിരാട് കോലി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച കോലി ഇന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിക്കാനിറങ്ങുമ്പോൾ, സൂപ്പർ താരത്തിന് ആഘോഷ വരവേൽപ് നൽകാൻ ചിന്നസ്വാമി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കോലിയോടുള്ള ആദര സൂചകമായി ടെസ്റ്റ് ജഴ്സിയണിഞ്ഞാണ് ബെംഗളൂരു ആരാധകർ ഇന്നു സ്റ്റേഡിയത്തിലെത്തുക. 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആതിഥേയർക്ക് ഇന്നത്തെ ജയം പ്ലേഓഫിലേക്കു വഴി തുറക്കും. മറുവശത്ത് 11 പോയിന്റുമായി ആറാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് ഇതു നിലനിൽപിന്റെ പോരാട്ടമാണ്. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ബിഗ് ബെംഗളൂരു
അവസാന 5 മത്സരങ്ങളിൽ നാലിലും ജയിച്ച ബെംഗളൂരു പ്ലേഓഫ് ഏറക്കുറെ ഉറപ്പാക്കിയ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ഐപിഎൽ നിർത്തിവച്ചത്. ഇതോടെ ടീമിലെ ചില വിദേശതാരങ്ങൾ നാട്ടിലേക്കു മടങ്ങിയത് ക്യാംപിൽ ആശങ്ക പരത്തി. യുദ്ധഭീതി ഒഴിഞ്ഞതോടെ വിദേശതാരങ്ങളെയെല്ലാം തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ബെംഗളൂരു ടീം. ഫിൽ സോൾട്ട്, ലുങ്ഗി എൻഗിഡി, ടിം ഡേവിഡ്, ലിയാം ലിവിങ്സ്റ്റൻ, റൊമാരിയോ ഷെപ്പേഡ് തുടങ്ങിയ വിദേശ താരങ്ങൾ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. പരുക്കേറ്റ പേസർ ജോഷ് ഹെയ്സൽവുഡ് ഇന്നു കളിച്ചേക്കില്ല. ബാറ്റിങ്ങിൽ, വിരലിനു പരുക്കേറ്റ ക്യാപ്റ്റൻ രജത് പാട്ടിദാർ ഇന്നു കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. രജത് വിട്ടുനിന്നാൽ നായകന്റെ റോളിൽ കോലി എത്തിയേക്കും. പരുക്കേറ്റ ദേവ്ദത്ത് പടിക്കലിനു പകരം ടീമിലെത്തിയ മയാങ്ക് അഗർവാൾ ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും.
കമോൺ കൊൽക്കത്ത
നിലവിലെ ചാംപ്യൻമാർ എന്ന പകിട്ടോടെയെത്തിയ കൊൽക്കത്തയ്ക്കു സീസണിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ബാറ്റിങ്ങിൽ ക്യാപ്റ്റൻ അജിൻക്യ രഹാനെയെയും യുവതാരം അംഗ്ക്രിഷ് രഘുവംശിയെയും മാറ്റിനിർത്തിയാൽ മറ്റുള്ളവർ ആരും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ല. 23.75 കോടി രൂപ നൽകി കൊൽക്കത്ത നിലനിർത്തിയ വെങ്കടേഷ് അയ്യർ ഇതുവരെ ഫോമിലായിട്ടില്ല. റിങ്കു സിങ്, ആന്ദ്രേ റസൽ എന്നീ ഫിനിഷർമാരും ഫോമിലല്ല. സുനിൽ നരെയ്ൻ– വരുൺ ചക്രവർത്തി സ്പിൻ ജോടിയിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ മുഴുവൻ. ഇന്നു തോറ്റാൽ കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിക്കും.
പിച്ച് റിപ്പോർട്ട്
മുൻ സീസണുകളെക്കാൾ പേസ് ബോളർമാർക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ചിന്നസ്വാമിയിലേത്. എന്നാൽ അവസാന മത്സരത്തിൽ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ 180നു മുകളിലായിരുന്നെങ്കിൽ ഇത്തവണ അതു 170ൽ താഴെയാണ്.
മഴപ്പേടിയിൽ ബെംഗളൂരു
ഐപിഎൽ മത്സരത്തിനു മഴഭീഷണിയുണ്ട്. ബെംഗളൂരുവിൽ കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ്. ടീമുകളുടെ പരിശീലനം പോലും മഴമൂലം മുടങ്ങി. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
English Summary:








English (US) ·