
പ്രശസ്ത വയലിൻ വിദ്വാൻ എൽ. സുബ്രഹ്മണ്യത്തിൻറെ കച്ചേരി. ( പ്രതീകാത്മക ചിത്രം) .
അലസമായി കേട്ടുമറന്ന പാട്ട് മറ്റൊരവസരത്തില്‍ ഒരു തിരമാല പോലെ മനസിലേക്ക് അടിച്ചു കയറി വരുന്നു. ഇത്തവണ അത് വേറൊരു പാട്ടാണ്. പ്രഥമശ്രവണവേളയില്‍ എവിടെയോ മറഞ്ഞു കിടന്ന ചില ഭാഗങ്ങള്‍ അപൂര്‍വ ഭംഗിയോടെ തലയുയര്‍ത്തുന്നു. പാട്ട് മുഴുവനായും വീണ്ടും കേള്‍ക്കുന്നതിനിടയില്‍ നക്ഷത്രങ്ങള്‍ തിളങ്ങുകയും പൂക്കള്‍ വിരിയുകയും ചെയ്യുന്നു. പാട്ടിനെ തട്ടിയുണര്‍ത്തിയത് പാട്ടുകാരന്‍ / പാട്ടുകാരി മാത്രമല്ലെന്നും പക്കമേളത്തിനു കൂടെയുള്ള കലാകാരന്‍മാരുടെ സര്‍ഗാത്മക ഇടപെടലായിരുന്നുവെന്നും അദ്ഭുതത്തോടെ നാം തിരിച്ചറിയുകയാണ്.
കര്‍ണാടക സംഗീതലോകത്തെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചത് യശശ്ശരീരനായ ജി.എന്‍. ബാലസുബ്രഹ്മണ്യത്തെയായിരുന്നു. പ്രശസ്ത കലാകാരന്‍മാരായ ലാല്‍ഗുഡി ജയരാമനെയും പാലക്കാട് രഘുവിനെയും തന്‍റെ രണ്ടു കണ്ണുകള്‍ എന്നാണ് ജിഎന്‍ബി ഒരിക്കല്‍ വിശേഷിപ്പിച്ചത്. ജിഎന്‍ബിയുടെ ധാരാളം കച്ചേരികളില്‍ പക്കമേളമൊരുക്കിയ ഈ രണ്ടു മഹാകലാകാരന്‍മാര്‍ അദ്ദേഹത്തിന്‍റെ സംഗീതജീവിതത്തില്‍ വഹിച്ച പങ്കിനെക്കുറിച്ച് മറ്റാരെക്കാളും തിരിച്ചറിഞ്ഞത് ജിഎന്‍ബി തന്നെയായിരുന്നു എന്ന കാര്യം അദ്ദേഹത്തിന്‍റെ മുകളില്‍ പറഞ്ഞ പ്രസ്താവനയില്‍ നിന്നു വ്യക്തമാകുന്നുണ്ട്.
ജിഎന്‍ബിയെപ്പോലെ ഉറക്കെ വിളിച്ചു പറഞ്ഞില്ലെങ്കിലും പല ഗായകര്‍ക്കും അവര്‍ക്കു പ്രിയപ്പെട്ട പക്കമേളക്കാര്‍ ഉണ്ടായിട്ടുണ്ട്. അരിയക്കുടിക്ക് മൃദംഗത്തില്‍ പാലക്കാട് മണി അയ്യരെന്ന പോലെ. കെ.വി. നാരായണ സ്വാമിക്ക് പാലക്കാട് രഘു എന്നതു പോലെ. പുതിയ തലമുറയില്‍ സഞ്ജയ് സുബ്രഹ്മണ്യം സ്ഥിരമായി കച്ചേരി ചെയ്യുന്നത് വരദരാജനും (വയലിന്‍) നെയ്വേലി വെങ്കടേഷിനും (മൃദംഗം) ഒപ്പമാണ്.
ഇവരെങ്ങനെ പരസ്പരം ഒഴിവാക്കാനാവാത്ത വിധത്തില്‍ വേദിയില്‍ ഒരുമിച്ചൊഴുകി എന്നു മനസ്സിലാക്കാന്‍ ഇവര്‍ ഒത്തു ചേര്‍ന്ന കച്ചേരികള്‍ കേട്ടാല്‍ മാത്രം മതിയാകും. പല വട്ടം വേദികളില്‍ ഒരുമിച്ച് അവതരിപ്പിച്ചതാണെങ്കിലും ചില കൃതികളെയും ആ കൃതികളിലെ തന്നെ ചില സവിശേഷ സന്ദര്‍ഭങ്ങളെയും സര്‍ഗാത്മകതയുടെ പൊട്ടിത്തെറിക്കലിലൂടെ ഇവര്‍ അനശ്വരതയിലേക്ക് നയിക്കുന്നു. ഒരവസരത്തില്‍ സര്‍വസാധാരണമെന്നു തോന്നിച്ച ഒരു ഭാഗം മറ്റൊരവസരത്തില്‍ അപാരമായി വ്യാഖ്യാനിക്കപ്പെടുന്നു. സൃഷ്ടിപരതയുടെ നിര്‍വചനാതീതമായ ആവിഷ്കാരങ്ങള്‍. അത്തരം ചില മുഹൂര്‍ത്തങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ആദ്യ കേള്‍വിയിലോ രണ്ടാമത്തെ കേള്‍വിയിലോ ശ്രദ്ധിക്കപ്പെടാതെ പോയ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍. അപ്രതീക്ഷിതമായി മറ്റൊരു സന്ദര്‍ഭത്തില്‍ മനസ്സിലേക്ക് എല്ലാ തടസ്സങ്ങളും തട്ടിയെറിഞ്ഞു കുത്തിയൊഴുകി വരുന്ന സംഗീതധാര.
കര്‍ണാടകസംഗീതത്തിന്‍റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ വേദികളില്‍ ഏറ്റവും ആവര്‍ത്തിച്ചിട്ടുള്ള കൃതി മുത്തുസ്വാമി ദീക്ഷിതരുടെ ‘വാതാപി ഗണപതിം’ ആണെന്നു തോന്നുന്നു. പാടിത്തുടങ്ങിയവരും പാടിപ്പതിഞ്ഞവരുമെല്ലാം ആവര്‍ത്തിച്ചു പാടുന്ന വാതാപി ചിലര്‍ തൊടുമ്പോള്‍ വെട്ടിത്തിളങ്ങുന്നു. ഗായകരുടെ ഗായകനായ എം.ഡി. രാമനാഥനും ലയ ചക്രവര്‍ത്തിയായ പാലക്കാട് മണി അയ്യരും ചേരുമ്പോള്‍ സംഗീതം ഭൂമിയില്‍ നിന്ന് ഒരടി ഉയരത്തിലാണ് സഞ്ചരിക്കുന്നത്. എംഡിആര്‍ അനുപല്ലവി പാടിത്തീര്‍ത്ത് പല്ലവി പാടുമ്പോള്‍ നിശബ്ദമാവുന്നു മണി അയ്യരുടെ മൃദംഗം. ഗായകന്‍ ‘പുരാ കുംഭസംഭവ’ എന്നു ചരണം പാടിത്തുടങ്ങുന്നു. പാട്ടിനൊപ്പം ഘടം മാത്രം. രണ്ടു മൂന്നു താളവട്ടം കഴിയുന്നു. എംഡിആര്‍ തന്‍റെ ഘനശാരീരത്തില്‍ ‘പരാദി ചത്വാരി’ എന്ന വരിയിലെത്തുമ്പോള്‍ കൂടെ മണി അയ്യര്‍ കടന്നുവരുന്ന മുഹൂര്‍ത്തത്തില്‍ കച്ചേരി ആസ്വാദകനെ അഭൗമമായ ഒരു തലത്തിലേക്ക് എടുത്തുയര്‍ത്തുന്നു. കലയുടെ മാന്ത്രിക സ്പര്‍ശത്തില്‍ സ്വയം മറന്നുപോകുന്ന സന്ദര്‍ഭങ്ങള്‍.
ആത്മനിഷ്ഠമാണ് ആസ്വാദനം. വിശേഷിച്ചും ക്ളാസിക്കല്‍ കലാരൂപങ്ങളിലേക്ക് കടക്കുമ്പോള്‍ ചില പ്രകടനങ്ങളില്‍ ഒരാള്‍ കണ്ടെത്തുന്ന സൗന്ദര്യമോ അനുഭവിച്ചറിഞ്ഞ രസമോ അതേ അളവില്‍ മറ്റൊരാളില്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും ചില പ്രകടനങ്ങള്‍ കാലാതീതമായി സുസമ്മതമായി ആസ്വാദകരെ ആനന്ദിപ്പിക്കാറുണ്ട്. ആലത്തൂര്‍ സഹോദരന്‍മാര്‍ ‘ചക്കനി രാജ’ പാടുമ്പോള്‍ കൂടെ പാലക്കാട് മണി അയ്യര്‍ വായിക്കുന്നുണ്ട്. സംഗതികളെ പടിപടിയായി കൊഴുപ്പിച്ചുകൊണ്ട് പാട്ടിനൊപ്പം വായിക്കുന്ന മണി അയ്യര്‍, സഹോദരന്‍മാര്‍ മനോധര്‍മ സ്വരത്തിലേക്ക് കടക്കുമ്പോള്‍ വിശ്വരൂപിയാകുന്നു. ദശാബ്ദങ്ങള്‍ക്കിപ്പുറം, പാട്ടും പാട്ടുകാരും ആസ്വാദനവുമെല്ലാം വലിയ മാറ്റങ്ങള്‍ക്കു വിധേയമായിട്ടും, ഈ കച്ചേരി, വിശേഷിച്ചും ‘ചക്കനി രാജ’യുടെ ആവിഷ്കാരം, പകര്‍ന്നു തരുന്ന ആനന്ദം അതിരുകളില്ലാത്തതാണ്.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ നീലാംബരി രാഗത്തിലുള്ള അംബ നീലായദാക്ഷി പാടുമ്പോള്‍ ആസ്വാദകര്‍ ഭക്തിപാരമ്യത്തില്‍ കണ്ണീരണിയുന്നു. ഭക്തിയും സംഗീതവും ചേര്‍ന്നൊഴുകുന്നതിനിടയില്‍ ഒരു മൃദംഗം നാദമുയര്‍ത്തുന്നത് നാമറിയുന്നില്ല. അതിങ്ങനെ പാട്ടിനൊപ്പം ചേര്‍ന്ന്, ചില നേരങ്ങളില്‍ പാട്ടിനെ കൈപിടിച്ചുയര്‍ത്തി… വായിക്കുന്നത് ട്രിച്ചി ശങ്കരനെന്ന മഹാവിദ്വാനാണ്. മൃദംഗം ആ പേരിനെ അന്വര്‍ഥമാക്കും വിധം മൃദുവായി നമ്മളിലേക്കെത്തുന്നു.

ഉമയാള്‍പുരം ശിവരാമന്‍ മനസിലേക്ക് കടന്നുവരുന്നത് ചടുലനടകളിലൂടെയാണ്. കച്ചേരികളില്‍ ശിവരാമന്‍ വളരുന്നത് പാട്ടിനൊപ്പമാണ്. സംഗതികള്‍ വികസിച്ചു വരുന്നതിനനുസരിച്ച് മൃദംഗനാദം പാട്ടില്‍ നിറഞ്ഞുകൊണ്ടിരിക്കും. ലാല്‍ഗുഡി ജയരാമന്‍ ബിലഹരി രാഗത്തില്‍ ‘നാ ജീവാധാര’ വായിക്കുമ്പോഴും നെടുനുരി കൃഷ്ണമൂര്‍ത്തി മുഖാരി രാഗത്തില്‍ ‘മുറിപെ മൊഗലിഗെ’ പാടുമ്പോഴും ആ കൃതികളെ ശിവരാമന്‍ ചുമലിലേറ്റി നടക്കുന്നു. എന്തൊരു ഭംഗിയാണ് ആ നടകള്‍ക്ക്. എന്തൊരു തെളിച്ചമാണ് ആ വാദനത്തിന്.
ലാല്‍ഗുഡി ജയരാമന്‍ കച്ചേരികളില്‍ അകമ്പടി വായിച്ചു തുടങ്ങുന്ന കാലം മധുരൈ മണി അയ്യര്‍ കച്ചേരി വേദികളെ തീപിടിപ്പിച്ച കാലം കൂടിയായിരുന്നു. നമുക്ക് ലഭ്യമായ അപൂര്‍വം റെക്കോര്‍ഡുകളിലൊന്നില്‍ മനോധര്‍മ രാജനായ മണി അയ്യരുടെ ഒപ്പത്തിനൊപ്പം വായിച്ചു മുന്നേറുന്ന ലാല്‍ഗുഡിയെ കേള്‍ക്കാം. ഊത്തുക്കാട് വെങ്കട സുബ്ബയ്യരുടെ തോടി രാഗത്തിലുള്ള ജനപ്രിയ കൃതിയായ ‘തായേ യശോദ’യാണ് പാടുന്നത്. നിരവല്‍, മനോധര്‍മ സ്വരം എന്നീ തലങ്ങളില്‍ എത്തുമ്പോള്‍ മണി അയ്യരോടൊപ്പം പിടിച്ചു നില്‍ക്കാന്‍ പൊതുവെ വയലിനിസ്റ്റുകള്‍ വല്ലാതെ വിഷമിക്കും. പക്ഷേ, അനായാസമെന്നു തോന്നിക്കുന്ന വിഷമസംഗതികളും സ്വരക്കൂട്ടുകളുമായി മണി അയ്യര്‍ മുന്നേറുമ്പോള്‍, ഒപ്പം നടന്നും ചിലപ്പോള്‍ മുന്നില്‍ കയറിയും ലാല്‍ഗുഡി വരാനിരിക്കുന്ന കാലത്തെ വിളംബരം ചെയ്യുന്നത് മനോഹരമായ സംഗീതാനുഭവമാണ്. ഇനിയൊരിക്കലും തിരിച്ചു വരാത്ത സുന്ദരമായ ഒരു സംഗീതഭൂതകാലത്തിന്‍റെ അടയാളം കൂടിയാണ് ഈ കച്ചേരി.
അതിസമ്പന്നമായ ഒരു ഭൂതകാലത്തിന്‍റെ ഒട്ടേറെ തെളിവുകള്‍ ഇന്നു നമുക്ക് ലഭ്യമാണ്. പറഞ്ഞു മാത്രം കേട്ടിരുന്ന പാട്ടിന്‍റെ ചരിത്രം ഇന്നു കേട്ടറിയാന്‍ കഴിയുന്നുണ്ട്. സാങ്കേതിക വിദ്യ നമുക്ക് തന്ന അനുഗ്രഹമാണത്. മഹാരഥന്‍മാര്‍ കൂടിച്ചേര്‍ന്ന ഒട്ടേറെ മഹനീയമായ സംഗീതാനുഭവങ്ങളിലൂടെ നാം കടന്നു പോകുന്നു. കടന്നു പോയ സംഗീതജ്ഞാനികള്‍ നമ്മളെ വിനീതരാക്കുന്നു. സംഗീതത്തിലേക്ക് വീണ്ടും വീണ്ടും കൈപിടിച്ചു നടത്തുന്നു. പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ആവിഷ്കാരങ്ങളിലൂടെ വീണ്ടും വീണ്ടും നമ്മള്‍ കൊതിയോടെ അലയുന്നു.
Content Highlights: Discover the magic of Carnatic euphony done iconic collaborations and timeless performances.
ABOUT THE AUTHOR
മാതൃഭൂമി ഡോട്ട് കോം കണ്ടന്റ് മാനേജർ
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·