
ശിവ കാർത്തികേയൻ, അന്തരിച്ച ഗാനരചയിതാവ് നാ. മുത്തുകുമാർ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ, വി. രമേഷ് | മാതൃഭൂമി
നടൻ മാത്രമല്ല, ഗായകനായും ഗാനരചയിതാവായും കഴിവുതെളിയിച്ച കലാകാരനാണ് ശിവ കാർത്തികേയൻ. അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുക്കവേ ഈ പരിപാടിയുടെ അവതാരക ശിവ കാർത്തികേയനെക്കുറിച്ച് വെളിപ്പെടുത്തിയ ഒരു കാര്യം ശ്രദ്ധയാകർഷിക്കുകയാണ്. സിനിമയ്ക്കുവേണ്ടി പാട്ടെഴുതിക്കിട്ടിയ മുഴുവൻ തുകയും അദ്ദേഹം അകാലത്തിൽ അന്തരിച്ച ഗാനരചയിതാവ് നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകി എന്നതാണ് ആ വിവരം.
നാ. മുത്തുകുമാർസ് 50 ഇയേഴ്സ് എന്ന ചടങ്ങിൽവെച്ചാണ് അവതാരക ശിവ കാർത്തികേയനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യം പറഞ്ഞത്. ഇക്കാര്യം വേദിയിൽവെച്ചുതന്നെ ശിവ കാർത്തികേയനും സ്ഥിരീകരിച്ചു. സംവിധായകൻ നെൽസണാണ് പാട്ടെഴുതാൻ തന്നോട് ആദ്യം ആവശ്യപ്പെടുന്നതെന്ന് ശിവ കാർത്തികേയൻ പറഞ്ഞു. അന്നെഴുതിയത് ജോളി മൂഡിലുള്ള ഒരു പാട്ടായിരുന്നു. അതിന്റെ വരികൾക്ക് പ്രത്യേകിച്ച് അർത്ഥമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ആ ഉദ്യമത്തിന് ഒരർത്ഥമുണ്ടാകണമെന്ന് കരുതിയിരുന്നു. അതുകൊണ്ട് പാട്ടെഴുതി കിട്ടുന്ന ശമ്പളം നാ. മുത്തുകുമാറിന്റെ കുടുംബത്തിന് നൽകണമെന്ന് കരുതി. ഇതൊരിക്കലും ഒരു സഹായമല്ല. ഇത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകർക്കും താരങ്ങൾക്കും നിർമാതാക്കൾക്കും ആരാധകർക്കുമെല്ലാം നാ. മുത്തുകുമാർ ബാക്കി വെച്ചിട്ടുള്ളത് മനോഹരമായ കവിതകളാണ്. ഇതിന് പകരമായി ചെയ്യുന്ന കടമയാണ് ഇപ്പോൾ ഞാൻ ചെയ്തത്. ഒരു ആദരമാണിത്. നാ. മുത്തുകുമാർ സാർ, നിങ്ങളെ തമിഴ് സിനിമയും സംഗീതസംവിധായകരും ഗായകരും ഏറെ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിനും അതുപോലെ തന്നെയാണ്. നിങ്ങളെപ്പോലെ എഴുതാൻ കഴിവുള്ളവർ ഇനി ജനിക്കുമോയെന്ന് സംശയമാണ്. ശിവ കാർത്തികേയൻ കൂട്ടിച്ചേർത്തു.
തമിഴിൽ നിരവധി സൂപ്പർഹിറ്റ് ഹാനങ്ങളെഴുതിയ നാ. മുത്തുകുമാർ 2016-ലാണ് അന്തരിച്ചത്. ആയിരത്തിലധികം പാട്ടുകള്‍ക്ക് വരികളെഴുതിയിട്ടുണ്ട്. വെയില്‍, ഗജിനി, കാതല്‍ കൊണ്ടേന്‍, പയ്യ, അഴകിയ തമിഴ് മകന്‍, യാരഡീ നീ മോഹിനി, അയന്‍, ആദവന്‍, അങ്ങാടിത്തെരു, സിങ്കം, മദ്രാസപ്പട്ടണം, ദൈവ തിരുമകള്‍ തുടങ്ങിയ സിനിമകളിലെ ഹിറ്റു ഗാനങ്ങളെല്ലാം എഴുതിയത് മുത്തുകുമാറാണ്.
റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ 'ആനന്ദ യാഴൈ മീട്ടുകിറാല്‍', വിജയിയുടെ സയ് വത്തിലെ 'അഴകേ അഴകേ' എന്നീ ഗാനങ്ങളിലൂടെ രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. ഗജിനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി. അജിത് അഭിനയിച്ച കിരീടം(മലയാളം റീമേക്ക്) സിനിമയുടെ സംഭാഷണങ്ങള്‍ എഴുതിയും നാമുത്തുകുമാറായിരുന്നു. കവി, കോളമിസ്റ്റ്, നോവലിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
2018-ൽ പുറത്തിറങ്ങിയ കോലമാവ് കോകില എന്ന ചിത്രത്തിലെ കല്യാണ വയസ് എന്ന ഗാനമാണ് ശിവ കാർത്തികേയൻ ആദ്യമായി എഴുതിയത്. പിന്നീട് നമ്മ വീട്ട് പിള്ളൈ, ഡോക്ടർ, ഡോൺ, ബീസ്റ്റ് എന്നീ ചിത്രങ്ങൾക്കായും അദ്ദേഹം ഗാനങ്ങളെഴുതി.
Content Highlights: Siva Karthikeyan donated his songwriting net to precocious lyricist Na. Muthukumar`s family





English (US) ·