പാട്ട് എഴുതുന്ന ആള്‍ കഥാസന്ദര്‍ഭം അറിഞ്ഞിരിക്കണം, അങ്ങനെയാണ് കണ്ണീര്‍പ്പൂവും വികാരനൗകയുമുണ്ടാവുന്നത്

5 months ago 6

കോഴിക്കോട്: ഏതോ നിദ്രതന്‍ പൊന്‍മയില്‍പ്പീലിയില്‍ ഏഴുവര്‍ണങ്ങളും നീര്‍ത്തി... തളിരിലത്തുമ്പില്‍നിന്നുതിരും മഴയുടെ ഏകാന്തസംഗീതമായ്... സംഗീതം മഴയായി പെയ്തിറങ്ങുമ്പോള്‍ ആ മാന്ത്രികവിരലിനാല്‍ സൃഷ്ടിച്ച ഓരോ വരികളും ഹൃദയത്തിലേക്ക് അലിഞ്ഞുചേരും. വാക്കുകള്‍കൊണ്ട് വര്‍ണരാജി തീര്‍ക്കുന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് കര്‍ക്കടകത്തിലെ രേവതിനാളായ വ്യാഴാഴ്ച 75-ാം പിറന്നാള്‍. ശ്രേഷ്ഠത നിറഞ്ഞ, പഴമ വറ്റാത്ത, അര്‍ഥസമ്പുഷ്ടമായ ഒരുപിടി വരികള്‍ സംഗീതത്തിന്റെ ദേവസഭാതലത്തില്‍ പകരം വെക്കാനില്ലാത്തവയാണ്. ആഴത്തിലൂന്നിയ സ്വരലയങ്ങള്‍ക്ക് കൈതപ്രം വരികളെഴുതുമ്പോള്‍ ആ പാട്ടിന് ചേലുകൂടുന്നു. ഏറ്റവും വേഗത്തില്‍ പാട്ടുകളെഴുതി അതിശയിപ്പിക്കുന്ന, പാട്ടിന്റെ 'മിന്നല്‍വള' അണിഞ്ഞ അതികായന്‍ ഇന്നും നമ്മെ വിസ്മയിപ്പിക്കുന്നു.

1986-ല്‍ 'എന്നെന്നും കണ്ണേട്ടനി'ലെ ഗാനങ്ങളുമായാണ് കടന്നുവരവ്. അന്നത്തെ യുവതലമുറ ആവേശത്തോടെ സ്വീകരിച്ച ആ പാട്ടുകള്‍. 2025-ല്‍ 'നരിവേട്ട'യിലെ മിന്നല്‍വളയുമായി എത്തിയപ്പോള്‍ ഇന്നത്തെ യുവത്വവും അതേറ്റെടുത്തു. എന്താണ് അതിന്റെ രഹസ്യം.

അതാണ് എഴുത്തിലെ മാജിക്. എഴുത്തുകാരന്‍ സ്വയം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കണം. പഴയ ആളായി ഇരുന്നുകൂടാ. ഇന്ന് മൊബൈല്‍ഫോണും എഐ സാങ്കേതിക വിദ്യയും ഉള്ള കാലത്ത് അതിന്റെ കൂടെ നില്‍ക്കണമല്ലോ. ഞാന്‍ അതിന്റെ കൂടെയാണ് നില്‍ക്കുന്നത്. അതൊരു ധ്യാനമാണ്, പുതിയ കാലത്തോടു ചേര്‍ന്നുനില്‍ക്കുകയെന്നത്.

കഴിഞ്ഞദിവസം ആലക്കോടിനടുത്ത നടുവില്‍ എന്ന സ്ഥലത്തെ എല്‍പി സ്‌കൂളില്‍ ഒരു പരിപാടിക്ക് പോയിരുന്നു. അവിടെ പത്തുവയസ്സിനു താഴെയുള്ള അഞ്ഞൂറോളം കുട്ടികള്‍ എന്നെ കാത്തിരിക്കുകയായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഒന്നിച്ച് എഴുന്നേറ്റുനിന്ന് താളത്തില്‍ മിന്നല്‍വള പാടുകയാണ്-അതെന്നെ അദ്ഭുതപ്പെടുത്തി. അതാണ് കാലത്തിനൊത്തുള്ള മാറ്റം. എനിക്കും അറിയില്ല, പ്രത്യേകിച്ച് സൂത്രമൊന്നുമില്ല അതിന്. മനസ്സുകൊണ്ട് അങ്ങനെയാവുകയെന്നുമാത്രം. ഈ ഹിറ്റ് ഒരു തിരിച്ചുവരവാണ് എന്നൊന്നും പറയാന്‍പറ്റില്ല. കാരണം ഞാന്‍ എവിടെയും പോയിട്ടില്ല. ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ വിളിച്ചാല്‍ ഞാന്‍ പോവുമെന്നേയുള്ളൂ.

? ആദ്യമായി സംവിധാനംചെയ്ത സിനിമ ഇറങ്ങാന്‍ ഒരുങ്ങുന്നു. അതിനെക്കുറിച്ച്.

അതെ 'മഴവില്ലിനറ്റം വരെ'. അതിര്‍ത്തികള്‍ ഇല്ലാത്ത ലോകത്തിന്റെ കഥയാണത്. അതിര്‍ത്തികള്‍ ഇല്ലാത്ത മനുഷ്യനാണ് യഥാര്‍ഥ മനുഷ്യന്‍. മതങ്ങളുടെ പേരില്‍ ക്ഷോഭിക്കുകയും വേര്‍തിരിവ് കാണിക്കുകയും ചെയ്യുന്നവര്‍ മനുഷ്യരല്ല. മുത്തപ്പന്‍ ഗ്രാമത്തിലേക്ക് പാകിസ്താനില്‍നിന്ന് ഒരു പയ്യന്‍ ക്രിക്കറ്റ് കളിക്കാനായി കടന്നുവരുന്നതും അതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് കഥ. മനുഷ്യന്റെ ഭാഷ സംസാരിക്കുന്ന ദൈവമാണല്ലോ മുത്തപ്പന്‍. സിനിമയില്‍ ഞാന്‍ എഴുതിയ അഞ്ചുപാട്ടുകളുമുണ്ട്. മകന്‍ ദീപാങ്കുരനാണ് സംഗീതംചെയ്തിരിക്കുന്നത്. ഉദിത് നാരായണന്‍, യേശുദാസ്, കെ.എസ്. ചിത്ര, മധുബാലകൃഷ്ണന്‍, ദീപാങ്കുരന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.

മുഖ്യമന്ത്രി കണ്ണൂരില്‍ യോഗംവിളിച്ചപ്പോള്‍ ഞാന്‍ ക്ഷണിതാവായി പങ്കെടുത്തിരുന്നു. കുറച്ചുമുന്‍പ് ഞാന്‍ ഒരു സിനിമയെടുത്തിരുന്നു. അതിറക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള സൗകര്യം ചെയ്തുതരണമെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം അത് കെഎസ്എഫ്ഡിസി അധികൃതരോട് പറഞ്ഞ്, അവരുടെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ചെയ്തുതന്നു. അതോടെയാണ് പ്രതീക്ഷവന്നത്. പിന്നീട് ഞാന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിക്ക് പോയപ്പോള്‍ ഇങ്ങനെ ഒരു സിനിമ ചെയ്തിട്ടുണ്ടെന്നും അത് ഇറക്കാന്‍ ചില സൗകര്യങ്ങള്‍ ലഭിച്ച കാര്യവും പറഞ്ഞു. അപ്പോള്‍ സിനിമ വിതരണംചെയ്യാന്‍ ഞങ്ങള്‍ സൗകര്യംചെയ്യാമെന്ന് ഉടന്‍ അവര്‍ അറിയിച്ചു. കുറച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍കൂടി പൂര്‍ത്തിയായാല്‍ സിനിമയെത്തും.

പഴയ സംഗീതസംവിധായകര്‍, ഗായകര്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമൊക്കെ ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതേരംഗത്തെ പുതിയ ആളുകള്‍ക്കൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. എന്താണ് വ്യത്യാസം.

പാട്ട് എഴുതുന്ന ആള്‍ക്ക് കഥാസന്ദര്‍ഭത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. അണിയറപ്രവര്‍ത്തകര്‍ക്ക് അത് നമ്മളെ ബോധ്യപ്പെടുത്താനാവണം. എന്നാലേ നല്ലപാട്ട് ഉണ്ടാകൂ. അങ്ങനെയാണ് കണ്ണീര്‍പ്പൂവും..., വികാരനൗകയും... എല്ലാം ഉണ്ടായത്. വാസുവേട്ടന്റെ (എം.ടി) കഥകളൊക്കെ എന്റെ മനസ്സില്‍ത്തന്നെ ഉണ്ടായിരുന്നു. ലോഹിതദാസ് ഉള്‍പ്പെടെ മറ്റുള്ളവരുടെയെല്ലാം കഥകള്‍ ശ്രദ്ധിച്ചുകേള്‍ക്കാറുണ്ട്. അതിലെ സന്ദര്‍ഭം നമുക്കുകിട്ടിയാല്‍ ഗുണമുണ്ടാകും. പുതിയകാലത്ത് തിരക്കഥാകൃത്തുക്കളെ നമ്മള്‍ കാണുകയേയില്ല. സംഗീതസംവിധായകരെയും സംവിധായകരെയും മാത്രമാണ് കാണുന്നത്. അവരാണ് കഥ പറഞ്ഞുതരുന്നത്. കുറച്ചുകൂടി പങ്കാളിത്തം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഇനിയും നല്ല പാട്ടുകളുണ്ടാകും. പണ്ട് എല്ലാവരും ഒന്നിച്ചുണ്ടാകുമായിരുന്നു. ഇപ്പോള്‍ എഴുതുന്നയാളുടെ ശ്രദ്ധയേ പലപ്പോഴും ഉണ്ടാകാറുള്ളൂ. നല്ല വരികള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ വീഡിയോകോളിലാണ് പലരും തമ്മില്‍ കാണുന്നത്. ഞാന്‍ അത് സമ്മതിക്കാറില്ല. ഒന്നെങ്കില്‍ സംഗീതസംവിധായകനും സംവിധായകനും എന്റെ അടുത്തുവരണം. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തുപോകും.

പുതിയ ആളുകള്‍ ചെയ്യുന്ന പാട്ടുകളൊക്കെ ശ്രദ്ധിക്കാറുണ്ടോ.

തീര്‍ച്ചയായും. എല്ലാപാട്ടും കേള്‍ക്കാറുണ്ട്. നല്ല പാട്ടുകള്‍ സ്വീകരിക്കും. ആരെയും ഉപദേശിക്കാന്‍ പോകാറൊന്നുമില്ല. കഴിവിന്റെ പരമാവധി ചെയ്യാന്‍ എല്ലാവരും ശ്രമിക്കുമല്ലോ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍ തുടങ്ങിയവരൊക്കെ നന്നായിചെയ്യുന്നുണ്ട്.

ഇനി ഏറ്റവുംവലിയ ഒരു സ്വപ്നമായിട്ടുള്ളത് എന്താണ്

പുതിയ വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിക്കുക. വല്ലാത്ത ഒരാവേശമൊന്നും ഒന്നിനോടും ഇല്ല. അസുഖമൊക്കെ വന്ന് പകുതി തളര്‍ന്നുപോയിരുന്നു. ഇപ്പോള്‍ ഏറെക്കുറെ ശരിയായി. ഈ പകുതികൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യണം. ആ വാശി മാത്രമേ ഉള്ളൂ. പിന്നെ എന്നെ എപ്പോഴും നയിച്ചിട്ടുള്ള ഒരു വാക്ക് നേതി, നേതി എന്നതാണ്. ഇതല്ല, എനിക്ക് ഇനിയും പോകാനുണ്ട് എന്നാണ് അതിനര്‍ഥം.

75-ാം പിറന്നാളല്ലേ. എന്തൊക്കെയാണ് ആഘോഷങ്ങള്‍.

75 എന്നതൊക്കെ എന്നെസംബന്ധിച്ച് എണ്ണം മാത്രമാണ്. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല. പതിവുപോലെ എല്ലാവരും ചേര്‍ന്ന് മൂകാംബികയില്‍ പോകും. അത്രതന്നെ..

പാട്ടുപഠിക്കാനായി 1975-ല്‍ ഞാന്‍ പണ്ട് പൂഞ്ഞാറില്‍ താമസിക്കുന്ന കാലം. പാട്ടും എഴുത്തും ഒന്നും അന്നുതുടങ്ങിയിട്ടില്ല. പുഴയുടെ കരയിലിരുന്ന് അതിലേക്ക് കല്ലുകളിട്ടുകൊണ്ടിരിക്കും. എപ്പോഴാണ് ഇതൊക്കെ ചെയ്യാനാവുക, രക്ഷപ്പെടുക എന്നൊക്കെ ആലോചിച്ചാണ് ഇരിക്കാറ്്. അപ്പോള്‍ പുഴ എന്റെ ഗുരുവായിട്ടു വന്നു. ഒഴുക്ക് എന്നോടുപറയുന്നതുപോലെ തോന്നി നീ ഇങ്ങനെ ഇരിക്കാതെ എഴുന്നേല്‍ക്ക്.

അതുകഴിഞ്ഞ് നേതി, നേതി എന്ന വാക്കാണ് പുഴ പറയുന്നത്. പുഴയില്‍ നമ്മള്‍ കൈയിലെടുക്കുന്ന വെള്ളം പിന്നെ കിട്ടില്ല. ഒഴുകിക്കൊണ്ടേയിരിക്കും. എനിക്കുനിന്നോട് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ സമയമില്ല, ഞാന്‍ പോവുകയാണ് എന്നാണ് പുഴ പറയുന്നത്. ഈ ലോകം മുഴുവന്‍ നമ്മളോട് യാത്ര പറഞ്ഞുകൊണ്ടേയിരിക്കും. ഓരോ നിമിഷവും. പക്ഷേ ഞാനും വരാം. എനിക്കും പഠിക്കാനുണ്ട്, ജീവിക്കാനുണ്ട്, സ്‌നേഹിക്കാനുണ്ട് എന്ന ഒരു കവിതയാണ് പുഴ എന്നെപഠിപ്പിച്ചത്. എനിക്ക് ഇനിയും ഏറെദൂരം പോകാനുണ്ട് എന്നതാണ് എന്റെ ഏറ്റവും വലിയ ഊര്‍ജം. അതുകൊണ്ടാണ് പകുതിതളര്‍ന്നിട്ടും ഞാന്‍ എഴുന്നേറ്റുനടക്കുന്നത്.

Content Highlights: Kaithapram Damodaran namboothiri Interview

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article