Published: December 07, 2025 08:42 AM IST Updated: December 07, 2025 08:52 AM IST
1 minute Read
വിശാഖപട്ടണം∙ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ തുടർച്ചയായി അപ്പീലിനു പോയ സ്പിന്നർ കുൽദീപ് യാദവിനെ ഗ്രൗണ്ടിൽവച്ച് നിർത്തിപ്പൊരിച്ച് സൂപ്പർ താരം രോഹിത് ശർമയും ക്യാപ്റ്റൻ കെ.എൽ. രാഹുലും. കുൽദീപ് യാദവിന്റെ തകർപ്പൻ ബോളിങ് ദക്ഷിണാഫ്രിക്കയെ തടഞ്ഞുനിര്‍ത്തുന്നതിൽ നിർണായകമായിരുന്നു. ക്വിന്റൻ ഡി കോക്കിന്റെ പന്തിൽ കരുത്താർജിച്ച ദക്ഷിണാഫ്രിക്കയെ നാലു വിക്കറ്റുകൾ വീഴ്ത്തിയാണ് കുൽദീപ് പ്രതിരോധത്തിലാക്കിയത്. ഡെവാൾഡ് ബ്രെവിസ്, മാർകോ യാൻസൻ, കോർബിന്‍ ബോഷ്, ലുങ്കി എൻഗിഡി എന്നിവരുടെ വിക്കറ്റുകളാണ് കുൽദീപ് സ്വന്തമാക്കിയത്.
ആദ്യ വിക്കറ്റുകൾ ലഭിച്ചതോടെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്കെതിരെ തുടർച്ചയായി അപ്പീലുകൾ ഉയര്‍ത്തി സമ്മർദത്തിലാക്കാനായിരുന്നു കുൽദീപിന്റെ ശ്രമം. അംപയർ വഴങ്ങാതിരുന്നപ്പോൾ ചില അവസരങ്ങളിൽ ഡിആർഎസ് പോകുന്നതിനായി ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ സമീപിക്കുകവരെ കുൽദീപ് ചെയ്തു. ഇന്ത്യൻ ബോളറെ പിന്തിരിപ്പിക്കാൻ രോഹിത് ശർമയും കെ.എൽ. രാഹുലും ഒന്നിലേറെ തവണ ഇടപെടുന്നതും കാണാമായിരുന്നു. തുടര്‍ച്ചയായുള്ള അപ്പീലുകളിൽ കുൽദീപിനെ രോഹിത് ഗ്രൗണ്ടിൽവച്ചുതന്നെ ശകാരിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
‘ബാറ്ററുടെ പാഡിൽ തട്ടുന്നതെല്ലാം വിക്കറ്റല്ലെന്നായിരുന്നു’ രോഹിതിന്റെ നിലപാട്. അതേസമയം ശരിയായ തീരുമാനങ്ങൾ എടുക്കാൻ സീനിയർ താരങ്ങൾ ഉള്ളത് നല്ലതാണെന്നായിരുന്നു കുൽദീപ് മത്സരത്തിനു ശേഷം പ്രതികരിച്ചത്. ‘‘ഡിആർഎസ് തീരുമാനങ്ങളിൽ ഞാൻ വളരെ മോശമാണ്. രോഹിത് എന്നെ പരിഹസിക്കുകയാണ്. ബാറ്ററുടെ പാഡിൽ പന്തു കൊള്ളുമ്പോഴെല്ലാം അതു വിക്കറ്റാണെന്ന തോന്നലാണ് എനിക്കുണ്ടാകുന്നത്.’’– കുൽദീപ് യാദവ് മാധ്യമങ്ങളോടു പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പത്തോവറുകൾ പന്തെറിഞ്ഞ കുൽദീപ് 41 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റുകൾ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 9 വിക്കറ്റ് വിജയമാണു സ്വന്തമാക്കിയത്. 271 റൺസ് പിന്തുടരുന്ന ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി.
English Summary:








English (US) ·