Published: April 01 , 2025 02:45 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 18–ാം സീസണിൽ ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) ‘ട്രോളി’ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. ഇതുവരെ ഒരു ട്രോഫി പോലും നേടാനാകാത്ത ആർസിബിയെ ‘പാവപ്പെട്ടവർ’ എന്നു വിശേഷിപ്പിച്ച സേവാഗ്, അവർ ഒന്നാം സ്ഥാനത്ത് എത്ര നാളുണ്ടാകുമെന്ന് ആർക്കറിയാമെന്ന് പരിഹസിച്ചു. ആർസിബിയെ പോലുള്ള പാവപ്പെട്ട ടീമുകൾക്കും ഇടയ്ക്ക് ഒന്നാമതെത്താൻ അവസരം ലഭിക്കട്ടെ എന്നും സേവാഗ് ചൂണ്ടിക്കാട്ടി.
‘‘ഇടയ്ക്ക് ആർബിയെപ്പോലുള്ള പാവപ്പെട്ട ടീമുകളും ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ഫോട്ടോയൊക്കെ എടുക്കുകയും ചെയ്യട്ടെ. അവർക്ക് ഈ ഒന്നാം സ്ഥാനം എത്രനാളുണ്ടാകുമെന്ന് ആർക്കറിയാം’ – സേവാഗ് പറഞ്ഞു.
അതേസമയം, സാമ്പത്തികനില വച്ചല്ല താൻ ആർബിയെ ‘പാവപ്പെട്ടവർ’ എന്നു വിശേഷിപ്പിച്ചതെന്നും സേവാഗ് വിശദീകരിച്ചു. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകൾക്ക് കളിച്ചിട്ടുള്ള സേവാഗിനും ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യം ലഭിച്ചിട്ടില്ല.
‘‘ഞാൻ പണത്തെക്കുറിച്ചാണ് പറയുന്നത് എന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? അല്ല. പണത്തിന്റെ കാര്യത്തിൽ അവർ തീർച്ചയായും സമ്പന്നരാണ്. ഓരോ സീസണിലും 400–500 കോടി രൂപ നേടുന്നുണ്ടാകും. അതേക്കുറിച്ചല്ല ഞാൻ പറയുന്നത്. ഇതുവരെ ഒരു ട്രോഫി പോലും നേടാത്തതിനെക്കുറിച്ചാണ്. അതുകൊണ്ടാണ് ഞാൻ അവരെ പാവപ്പെട്ടവരെന്ന് വിശേഷിപ്പിച്ചത്’ – സേവാഗ് വിശദീകരിച്ചു.
നിലവിൽ ഐപിഎലിൽ കളിക്കുന്ന ടീമുകളിൽ ആർസിബിക്കു പുറമേ പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളാണ് ഇതുവരെ കിരീടം ചൂടാത്തത്. ഇതിൽ ലക്നൗ 2022ൽ മാത്രമാണ് ഐപിഎലിന്റെ ഭാഗമായത്.
English Summary:








English (US) ·