11 June 2025, 08:24 PM IST

യോഗ്‌രാജ് സിങ്, വിനോദ് കാംബ്ലി. (Photo: PTI)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിനോദ് കാംബ്ലിയുടേത്. ഇന്ത്യയ്ക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റുകളും കളിച്ചെങ്കിലും ഫോം നിലനിര്‍ത്താന്‍ സാധിക്കാതെ ക്രിക്കറ്റില്‍ നിന്നുതന്നെ കാംബ്ലി അപ്രത്യക്ഷനാകുകയായിരുന്നു. പ്രതിഭയില്‍ സച്ചിനേക്കാള്‍ മുന്നിലെന്ന് മുന്‍ താരങ്ങള്‍ പോലും വിലയിരുത്തിയ താരമായിരുന്ന കാംബ്ലിക്ക് ജീവിതത്തിലെ അച്ചടക്കമില്ലായ്മയാണ് വിനയായത്. ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്ത് മുഴുകിയ കാംബ്ലി, കുത്തഴിഞ്ഞ ജീവിതശൈലിയിലൂടെ ജീവിതവും കരിയറും ആരോഗ്യവും നശിപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ അക്കാലത്ത് താന്‍ കാംബ്ലിയോട് കരിയറില്‍ ശ്രദ്ധിക്കാന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ ഉപദേശം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും യുവ്‌രാജ് സിങ്ങിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ്‌രാജ് സിങ് വെളിപ്പെടുത്തിയിരിക്കുകയാണ്.
''ഈ പാര്‍ട്ടികളും പുകവലിയും പെണ്‍കുട്ടികളുടെ പിന്നാലെ പോകലുമെല്ലാം നിര്‍ത്താന്‍ ഒരിക്കല്‍ ഞാന്‍ വിനോദ് കാംബ്ലിയോട് പറഞ്ഞു. അല്ലെങ്കില്‍ നീ ഇല്ലാതാകും, നീ കരയും എന്നെല്ലാം പറഞ്ഞിരുന്നു. ഞാന്‍ അവനോട് നേരിട്ട് സംസാരിച്ചിരുന്നു. പക്ഷേ നിങ്ങളുടെ സമയം കഴിഞ്ഞുപോയെന്നായിരുന്നു അവന്റെ മറുപടി. താന്‍ രാജാവാണെന്നായിരുന്നു അവന്റെ ധാരണ. ഇപ്പോള്‍ അവന് എന്ത് സംഭവിച്ചുവെന്ന് നോക്കൂ. കളിയേക്കാള്‍ വലുതല്ല ആരും.'' - ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ യോഗ്‌രാജ് സിങ് വ്യക്തമാക്കി.
മോശം ആരോഗ്യസ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഏറ്റവും ഒടുവില്‍ കാംബ്ലിയെ വാര്‍ത്തകളില്‍ നിറച്ചത്. 2024 ഡിസംബര്‍ 21-ന് മൂത്രാശയ അണുബാധയും കടുത്ത വയറുവേദനയും കാരണം അദ്ദേഹത്തെ താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നതിനിടയില്‍ തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തെ അലട്ടിയിരുന്നു. 2023-ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നുവെന്ന് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് വെളിപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്.
Content Highlights: Yograj Singh reveals helium warned Vinod Kambli astir his partying lifestyle, but Kambli ignored








English (US) ·