പി.കൃഷ്ണപിള്ളയുടെ ജീവിതം ഒരിക്കൽക്കൂടി അഭ്രപാളികളിൽ, 'വീരവണക്കം' പ്രദർശനത്തിനെത്തി

4 months ago 5

മിഴ് നാടിന്റെയും കേരളത്തിന്റെയും ചരിത്ര-സാമൂഹിക പശ്ചാത്തലത്തിൽ സഖാവ് പി. കൃഷ്ണപിള്ളയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരു ചിത്രം. ജനമനസുകളിൽ ഇപ്പോഴും ജീവിക്കുന്ന കൃഷ്ണപിള്ളയായി ദേശീയ പുരസ്‌കാര ജേതാവ് സമുദ്രക്കനി ഒരിക്കൽകൂടി അരങ്ങു നിറയുന്ന 'വീരവണക്കം' തിയേറ്ററുകളിൽ ഓളം തീർത്തു തുടങ്ങി. തമിഴ്-മലയാളം ഭാഷകളിലായി അനിൽ.വി.നാഗേന്ദ്രൻ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ ദിവസമാണ് പ്രദർശനത്തിനെത്തിയത്.

10വർഷം മുൻപ് പി.കൃഷ്ണപിള്ളയുടെ ജീവിതം അഭ്രപാളികളിലെത്തിച്ച് അനിൽ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'വസന്തത്തിന്റെ കനൽവഴികൾ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'വീര വണക്കം'. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവവും സഖാവ് പി .കൃഷ്ണപിള്ളയെന്ന അസാധാരണ വിപ്ലവകാരിയുടെ പോരാട്ട ചരിത്രവുമൊക്കെ അതിന്റെ തീവ്രതയോടെ കാട്ടിത്തന്ന 'വസന്തത്തിന്റെ കനൽവഴി'കളിലും സമുദ്രക്കനി തന്നെയായിരുന്നു കൃഷ്ണപിള്ളക്ക് ജീവൻ പകർന്നത്.

കൃഷ്ണപിള്ളയുടെ ജീവിതത്തിന്റെ വ്യത്യസ്തമായ ഏടുക്കൾക്കൊപ്പം ജാതിവിവേചനങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സാമൂഹികവും പ്രശ്‌നങ്ങളും പോരാട്ടങ്ങളും ചിത്രം എടുത്തുപറയുന്നുണ്ട്. തമിഴ്‌നാട്ടിലെ ഒരുഗ്രാമത്തിലെ ദളിത് യുവാവിനോട് ഇതരജാതിക്കാരിയായ യുവതിക്ക് ഉണ്ടാകുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളും പാവങ്ങളുടെ രക്ഷകനായി ഗ്രാമത്തിലെത്തുന്ന രാജമഹേന്ദ്രൻ എന്ന യുവാവിന്റെ പിന്തുണയുമൊക്കെ ചേർന്ന കഥാപശ്ചാത്തലത്തെ, ഹൃദ്യമായ രംഗങ്ങളോടെ കേരളത്തിന്റെ പൂർവകാലചരിത്രവുമായി കോർത്തിണക്കിയാണ് 'ചിത്രം പുരോഗമിക്കുന്നത്. ഇതുവഴി മലയാളികളും തമിഴരും തമ്മിലുള്ള ഊഷ്മള സ്‌നേഹബന്ധവും 'സംവിധായകൻ വരച്ചിടുന്നുണ്ട്.

1940കളുടെ തുടക്കത്തിൽ തമിഴ്‌നാട്ടിലെ എടലാക്കുടി ജയിലിൽ കഴിയവെ തങ്കമ്മ എന്ന യുവതിയുമായി അവിചാരിതമായുണ്ടാകുന്ന പരിചയം പ്രണയമായി മാറുന്നതും അവരെ വിവാഹം ചെയ്യുന്നതടക്കവുമുള്ള വൈകാരികരംഗങ്ങൾ വീരവണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വസന്തത്തിന്റെ കനൽ വഴികൾ എന്നചിത്രത്തിലെ ചില ഭാഗങ്ങൾ ഈചിത്രത്തിൽ കഥയുടെ പൂർണതയ്ക്കായി ഉൾപ്പെടുത്തിട്ടുണ്ട്.

നടൻ ഭരത് അവതരിപ്പിക്കുന്ന രാജമഹേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ മുത്തച്ഛൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തനായിരുന്നു. സ്വാതന്ത്ര്യസമരപ്രവർത്തനവുമായിബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം എടലാക്കുടി ജയിലിൽ കൃഷ്ണപിള്ളക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഈ ബന്ധത്തെക്കുറിച്ചറിയുമായിരുന്ന രാജമഹേന്ദ്രൻ പീഡനവും ദുരിതവും അനുഭവിക്കുന്ന ഗ്രാമവാസികൾക്ക് പി.കൃണപിള്ളയുടെ സമരപോരാട്ട വീരകഥകൾ പകർന്നുകൊടുത്ത് അവരെ ധീരരാക്കാൻശ്രമിക്കുന്ന ഹൃദയസ്പർശിയായരംഗങ്ങൾ ചിത്രത്തിലുണ്ട്.

കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്ന കാലത്ത് പാർട്ടി സെക്രട്ടറിയായിരുന്ന പി.കൃഷ്ണപിള്ള വേഷപ്രച്ഛന്നനായി ഒളിവിലും അല്ലാതെയും തമിഴ്‌നാട്ടിലും കേരളത്തിലും പ്രവർത്തിച്ച കാര്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.കൃഷ്ണപിളളയോടൊപ്പം ഒട്ടേറെ സമരമുഖങ്ങളിൽ ഒത്തുചേർന്നു പ്രവർത്തിച്ചിട്ടുള്ള 97-കാരിയായ ചിരുത എന്ന പോരാളിയായ വിപ്ലവഗായികയെ പരിചയപ്പടുത്താൻ രാജമഹേന്ദ്രൻ ഗ്രാമവാസികളെയും കൊണ്ട് കേരളത്തിലെത്തുന്നതോടെ ചിത്രം നിർണായകമൂഹൂർത്തത്തിലെത്തുകയാണ്. പി.കെ.മേദിനിയാണ് വിപ്ലവഗായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റിതേഷ്, സുരഭിലക്ഷ്മി, പ്രേംകുമാർ, ഐശ്വിക, ആദർശ്, രമേഷ്പിഷാരടി, അരിസ്റ്റോസുരേഷ്, ഭീമൻരഘു, ഉല്ലാസ് പന്തളം, റിയാസ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ഇതിഹാസ ഗായകൻ അന്തരിച്ച ടി.എം.സൗന്ദർരാജന്റെ മകൻ എം.എസ്.സെൽവകുമാറിനെ ചിത്രത്തിന്റെ തീംസോങ് പാടിച്ച് പിന്നണി ഗാനലോകത്തേക്ക് ആനയിച്ചതും ഈ ചിത്രമാണ്. ടി.കവിയരശും സിനുസിദ്ധാർഥും ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.അജിത് കുമാർ, അപ്പുഭട്ടതിരി എന്നിവർ ചിത്രസംയോജനവും മാഫിയശശി സംഘട്ടനവും നിർവഹിക്കുന്നു.

പെരുമ്പാവൂർ.ജി.രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ.കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. തമിഴ്‌നാട്ടിൽ വലിയവിതരണക്കമ്പനിയായ റെഡ്‌ജെയന്റും കേരളത്തിൽ ഫിയോക്കുമാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.

Content Highlights: Samuthirakani stars arsenic P. Krishna Pillai successful Veera Vanakkam, a humanities play exploring his life

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article