19 April 2025, 10:45 AM IST

പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിൽ നിന്ന് | X.com/@RichKettle07
കറാച്ചി: കഴിഞ്ഞയാഴ്ചയാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗിന് തുടക്കമായത്. ഐപിഎല്ലിനൊപ്പം പിഎസ്എല്ലും ആരംഭിച്ചതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ വിമര്‍ശനങ്ങളാണ് പിഎസ്എല്ലിനുനേരെ ഉയരുന്നത്. സ്റ്റേഡിയത്തില്‍ കളി കാണാനെത്തുന്നവര്‍ കുറയുന്നതും കളിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ക്ക് ചെറിയ സമ്മാനങ്ങള്‍ നല്‍കുന്നതും പലരും വിമര്‍ശിക്കുന്നു.
ഏപ്രില്‍ 12 നാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. മികച്ച മത്സരങ്ങളും ആളുകളുടെ വന്‍ പങ്കാളിത്തവും സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കത്തില്‍ തന്നെ നിരാശയായിരുന്നു ഫലം. ഒട്ടുമിക്ക മത്സരങ്ങളും കാലിയായ സ്‌റ്റേഡിയങ്ങളിലാണ് നടക്കുന്നത്. പിഎസ്എല്ലിലെ എല്‍ ക്ലാസിക്കോയായി വിലയിരുത്തപ്പെടുന്ന കറാച്ചിയും ലാഹോറും തമ്മിലുള്ള മത്സരത്തില്‍ പോലും സ്‌റ്റേഡിയങ്ങള്‍ കാലിയായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളടക്കം ലീഗിന്റെ ഭാഗമാണെങ്കിലും ടീമുകളുടെ കളി കാണാന്‍ ആളുകളെത്താത്തത് ക്രിക്കറ്റ് ആരാധകരെയും നിരീക്ഷകരെയും നിരാശയിലാക്കുകയാണ്.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് പല പാക് താരങ്ങളും പിഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം ചെയ്തിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗിൽ മികച്ച മത്സരങ്ങളുണ്ടായാൽ ആളുകൾ ഐപിഎൽ ഉപേക്ഷിച്ച് പിഎസ്എല്‍ കാണുമെന്നാണ് പാക് താരം ഹസൻ അലി പ്രതികരിച്ചിരുന്നത്. എന്നാല്‍ ഐപിഎല്ലിലുള്ളതുപോലെയുള്ള ആളുകളുടെ പങ്കാളിത്തമോ ശ്രദ്ധയോ ടൂര്‍ണമെന്റിന് ലഭിക്കുന്നില്ല. ഐപിഎല്ലുമായി താരതമ്യം ചെയ്യുന്നതിനെ ആരാധകര്‍ വിമര്‍ശിക്കുന്നുമുണ്ട്.
മാത്രമല്ല മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അടുത്തിടെ ലാഹോര്‍ ക്വലാന്‍ഡേഴ്‌സിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഹസന്‍ അലിക്ക് ട്രിമ്മര്‍ ആണ് സമ്മാനമായി കിട്ടിയത്. ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സിന് സെഞ്ചുറിക്ക് പിന്നാലെ ഹെയര്‍ ഡ്രയറും സമ്മാനമായി ലഭിച്ചു.
Content Highlights: pakistan ace league bare stadiums ipl examination criticism








English (US) ·