Published: May 04 , 2025 02:51 PM IST
1 minute Read
ന്യൂഡൽഹി∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) കാരണം ഇന്ത്യൻ പ്രിമിയർ ലീഗിലേക്ക് (ഐപിഎൽ) താരങ്ങളെ കിട്ടുന്നില്ലെന്നു പരാതിപ്പെട്ട പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ്, പരുക്കേറ്റു പുറത്തായ ഗ്ലെൻ മാക്സ്‌വെലിന്റെ പകരക്കാരനെ ഒടുവിൽ പാക്ക് ലീഗിൽനിന്നു തന്നെ കണ്ടെത്തി. വിരലിനു പരുക്കേറ്റ് ഐപിഎലിൽ നിന്നു പുറത്തായ മാക്സ്‌വെലിന്റെ പകരക്കാരനായി ഓസ്ട്രേലിയൻ താരം മിച്ചൽ ഓവനാണ് പഞ്ചാബ് കിങ്സിലേക്ക് എത്തുന്നത്. നിലവിൽ പിഎസ്എലിൽ പെഷാവർ സാൽമിയുടെ താരമാണ് ഓവൻ. മൂന്നു കോടി രൂപയ്ക്കാണ് ഓവനെ പഞ്ചാബ് ടീമിലെത്തിച്ചതെന്നാണ് വിവരം.
പെഷാവൽ സാൽമിയുടെ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാകും ടാസ്മാനിയയിൽ നിന്നുള്ള ഈ ഇരുപത്തിമൂന്നുകാരൻ പഞ്ചാബിനൊപ്പം ചേരുക എന്നാണ് വിവരം. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ആകെയുള്ള ആറു ടീമുകളിൽ അഞ്ചാം സ്ഥാനത്താണ് ഓവന്റെ പെഷാവർ സാൽമി. നിലവിലെ സാഹചര്യത്തിൽ പ്ലേഓഫിൽ കടക്കാൻ വിദൂര സാധ്യത മാത്രമുള്ള സാൽമിയുടെ അവസാന ഗ്രൂപ്പ് മത്സരം മേയ് ഒൻപതിനാണ്. അതിനു ശേഷമാകും താരം പഞ്ചാബ് ടീമിനൊപ്പം ചേരുക.
അതേസമയം, പെഷാവർ സാൽമി പ്ലേഓഫിൽ കടന്നാൽ ഫൈനൽ നടക്കുന്ന മേയ് 18 വരെ ഓവൻ പാക്കിസ്ഥാനിൽ തുടരേണ്ടി വരും. അതിനു മുന്നോടിയായി പഞ്ചാബ് കിങ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയാകുമെങ്കിലും, ടീം പ്ലേ ഓഫിൽ കടന്നാൽ ഓവന്റെ സേവനം ടീമിനു പ്രയോജനപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
കഴിഞ്ഞ വർഷം നടന്ന ഐപിഎൽ താരലേലത്തിന് റജിസ്റ്റർ ചെയ്തിരുന്നതിനാൽ, ഓവനെ പകരക്കാരനായി എത്തിക്കുന്നതിന് പഞ്ചാബിനു മുന്നിൽ മറ്റു തടസങ്ങളുണ്ടാകില്ല. താരലേലത്തിന് റജിസ്റ്റർ ചെയ്ത ഓവനെ ആരും വാങ്ങിയിരുന്നില്ല.
ബിഗ് ബാഷ് ലീഗിന്റെ ഏറ്റവും ഒടുവിലെ സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായതോടെയാണ് ഓവൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലെത്തുന്നത്. ആ സീസണിൽ ഹൊബാർട്ട് ഹറികെയ്ൻസിന് കിരീടം സമ്മാനിക്കുന്നതിൽ താരത്തിന്റെ പ്രകടനം നിർണായക പങ്കുവഹിച്ചിരുന്നു. കലാശപ്പോരാട്ടത്തിൽ 42 പന്തിൽ 108 റൺസെടുത്ത ഓവൻ പ്ലെയർ ഓഫ് ദ് മാച്ചുമായി. ആകെ കളിച്ച 11 ഇന്നിങ്സുകളിൽനിന്ന് 45.20 ശരാശരിയിൽ 203.60 സ്ട്രൈക്ക് റേറ്റോടെ 452 റൺസാണ് ഓവൻ നേടിയത്.
അതിനു ശേഷം ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലും പിഎസ്എലിലും കളിച്ചു. ട്വന്റി20യിൽ 20 ഇന്നിങ്സുകളിൽനിന്ന് 10 വിക്കറ്റുകളും നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസുമായി കരാറിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പിൻമാറിയതോടെയാണ് പകരക്കാരനായി ഓവൻ പെഷാവർ സാൽമിയിലെത്തിയത്. ഇടയ്ക്ക് പിൻമാറിയ ബോഷിന് പിസിപി ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നേരത്തെ, വിരലിനു പരുക്കേറ്റതിനെ തുടർന്നാണ് പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നഷ്ടമായത്. 4.2 കോടി രൂപയ്ക്കാണ് മുപ്പത്തിയാറുകാൻ മാക്സ്‌വെൽ ഇത്തവണ പഞ്ചാബ് കിങ്സിൽ എത്തിയത്. സീസണിൽ തീർത്തും നിറംമങ്ങിയ ഓസ്ട്രേലിയൻ താരം 6 മത്സരങ്ങളിൽനിന്നായി ആകെ നേടിയത് 48 റൺസാണ്.
English Summary:








English (US) ·