Published: August 15, 2025 12:54 PM IST
1 minute Read
-
ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ടോട്ടനത്തെ തോൽപിച്ചു (4–3)
-
പിഎസ്ജിയുടെ തിരിച്ചുവരവ് 2 ഗോളിനു പിന്നിലായശേഷം
-
യുവേഫ സൂപ്പർ കപ്പ് നേടുന്ന ആദ്യ ഫ്രഞ്ച് ക്ലബ്
ഉദിനെ (ഇറ്റലി) ∙ ഒരു മാസം മുൻപ്, ക്ലബ് ലോകകപ്പിന്റെ ഫൈനലിൽ നേരിട്ട അപ്രതീക്ഷിത തോൽവിയുടെ മുറിവുണങ്ങും മുൻപാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി യുവേഫ സൂപ്പർ കപ്പിനെത്തിയത്. ഇംഗ്ലിഷ് കപ്പ് ടോട്ടനം ഹോട്സ്പറിനെതിരായ മത്സരത്തിൽ 85 മിനിറ്റ് പിന്നിട്ടപ്പോൾ 2 ഗോളിന് പിന്നിൽനിന്നതോടെ പിഎസ്ജി ആരാധകർ മറ്റൊരു ദുരന്തം മുന്നിൽക്കണ്ടു.
എന്നാൽ ചാംപ്യൻ ടീമിന്റെ പോരാട്ടവീര്യത്തോടെ അവസാന നിമിഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ ഫ്രഞ്ച് ടീം കിരീട പ്രതാപം തിരിച്ചുപിടിച്ചു. ഇന്നലെ പുലർച്ചെ നടന്ന ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ടോട്ടനത്തെ 4–3ന് തകർത്താണ് പിഎസ്ജി യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ ജേതാക്കളായത്. ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയുടെ ഈ വർഷത്തെ അഞ്ചാം കിരീടനേട്ടമാണിത്. യുവേഫ സൂപ്പർ കപ്പ് നേടുന്ന ആദ്യത്തെ ഫ്രഞ്ച് ക്ലബ് എന്ന നേട്ടവും പിഎസ്ജിക്ക് സ്വന്തം.
ടോട്ടനം കലമുടച്ചുകിരീട പോരാട്ടങ്ങളിൽ കളി മറക്കുന്ന പതിവ് ടോട്ടനം ഹോട്സ്പർ തെറ്റിച്ചില്ല. ഒരിക്കൽക്കൂടി അവർ പടിക്കൽ കലമുടച്ചു. ആൻജ് പോസ്റ്റെകോഗ്ലുവിന് പകരക്കാരനായി ടോട്ടനത്തിലെത്തിയ ഡാനിഷ് പരിശീലകൻ തോമസ് ഫ്രാങ്കിന് തലനാരിഴയ്ക്ക് നഷ്ടമായത്, തന്റെ ടോട്ടനം കരിയർ കിരീട വിജയത്തോടെ തുടങ്ങാനുള്ള സുവർണാവസരമാണ്. നിശ്ചിത സമയത്ത് ഇരുടീമും 2 ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റിയിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ടോട്ടനം സ്ട്രൈക്കർ ഡൊമിനിക് സൊലാങ്കി ആദ്യ കിക്ക് ലക്ഷ്യത്തിൽ എത്തിക്കുകയും പിഎസ്ജിയുടെ പോർച്ചുഗൽ താരം വിറ്റിഞ്ഞ ആദ്യ കിക്ക് പാഴാക്കുകയും ചെയ്തപ്പോഴും ടോട്ടനത്തിന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ടോട്ടനത്തിന്റെ മൂന്നാം കിക്ക് എടുത്ത മിക്കി വാൻഡെവനും നാലാം കിക്ക് എടുത്ത മത്തിസ് ടെലും ലക്ഷ്യം കണ്ടില്ല. അവശേഷിച്ച എല്ലാ കിക്കുകളും പിഎസ്ജി താരങ്ങൾ വലയിലെത്തിക്കുകയും ചെയ്തതോടെ ടോട്ടനം പരാജയം ഉറപ്പിച്ചു.
പിഎസ്ജിയുടെ തിരിച്ചടിയൂറോപ്പ ലീഗ് ജേതാക്കളും യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് ഫുട്ബോളിൽ സ്വപ്ന തുല്യമായ തുടക്കമാണ് ടോട്ടനത്തിന് ലഭിച്ചത്. തങ്ങളുടെ ഗെയിം പ്ലാൻ മത്സരത്തിന്റെ തുടക്കം മുതൽ അവർ സമർഥമായി മൈതാനത്ത് നടപ്പാക്കി. വമ്പൻ താരനിരയുമായി ഇറങ്ങിയ പിഎസ്ജിയെ അച്ചടക്കമുള്ള പ്രതിരോധത്തിലൂടെ പിടിച്ചുകെട്ടി. 39–ാം മിനിറ്റിൽ ടോട്ടനത്തിന്റെ പ്രതിരോധ താരം മിക്കി വാൻഡെവെൻ ആദ്യ ഗോൾ നേടി. ടോട്ടനം 1–0ന് മുന്നിൽ. 48–ാം മിനിറ്റിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ റൊമേറോയിലൂടെ ടോട്ടനം ലീഡുയർത്തി (2–0).
കളിയും കപ്പും കൈവിട്ടെന്നു ആരാധകർ കരുതിയിരിക്കെ, 85–ാം മിനിറ്റിലാണ് പിഎസ്ജിയുടെ ആദ്യ മറുപടി ഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ദക്ഷിണ കൊറിയൻ താരം കാങ് ഇൻ ലീയുടെ ലോങ് റേഞ്ചർ ടോട്ടനം ഗോൾകീപ്പർ വികാരിയോയെ മറികടന്നു വലയിൽ (2–1). മറ്റൊരു പകരക്കാരൻ പോർച്ചുഗീസ് താരം ഗോൺസാലോ റാമോസ് ഇൻജറി ടൈമിൽ (90+4) രണ്ടാമത്തെ ഗോളും മടക്കിയതോടെ (2–2) ആവേശം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
English Summary:








English (US) ·