01 June 2025, 04:41 PM IST

പാരീസിലെ ആരാധകരുടെ ആഘോഷപ്രകടനങ്ങൾ | AFP
പാരീസ്: പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് പിന്നാലെ പാരീസ് നഗരത്തിലെ വിവിധയിടങ്ങളില്‍ വന്‍ സംഘര്‍ഷം. ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ നഗരം കലാപകലുഷിതമായി. രണ്ടുപേര്‍ മരിച്ചതായും 192 പേര്‍ക്ക് പരിക്കേറ്റതായുമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. മരിച്ചവരില്‍ ഒരു 17-കാരനുമുണ്ട്. സംഭവത്തില്‍ 559 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
കിരീടവിജയം ആഘോഷിക്കാനായി പാരീസിലെ തെരുവുകളില്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. പിഎസ്ജിയുടെ ആധികാരിക ഫൈനല്‍ വിജയത്തിന് പിന്നാലെ ആരാധകര്‍ നഗരത്തില്‍ വന്‍ ആഘോഷപ്രകടനങ്ങള്‍ നടത്തി. എന്നാല്‍ ആരാധകരുടെ ഈ അതിരുകടന്ന ആഹ്ലാദപ്രകടനങ്ങള്‍ കലാപാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 50,000-ഓളം പേരാണ് സ്റ്റേഡിയങ്ങള്‍ക്ക് പുറത്ത് സ്‌ക്രീനുകളില്‍ ഫൈനല്‍ മത്സരം വീക്ഷിച്ചത്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ആഘോഷപ്രകടനങ്ങള്‍ക്കിടയില്‍ ക്രിമിനലുകള്‍ നിയമസംവിധാനത്തെ വെല്ലുവിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മന്ത്രിയായ ബ്രൂണോ റിട്ടാല്യു പ്രതികരിച്ചത്. ആയിരത്തോളം ക്രിമിനലുകള്‍ ഷോപ്പുകള്‍ കൊള്ളയടിച്ചെന്നും പോലീസ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരെയും ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
മ്യൂണിക്കിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനെ മടക്കമില്ലാത്ത അഞ്ചു ഗോളിന് തകർത്താണ് പി. എസ്.ജി ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്.
Content Highlights: PSG triumph sparks clashes successful France 17-year-old among 2 killed








English (US) ·