പിങ്ക് ബോളിലും ഇംഗ്ലണ്ടിന് രക്ഷയില്ല, രണ്ടാം ആഷസിലും ‘ചാരം’; ഓസീസിന് എട്ടു വിക്കറ്റിന്റെ മിന്നും ജയം

1 month ago 2

മനോരമ ലേഖകൻ

Published: December 07, 2025 03:48 PM IST Updated: December 07, 2025 04:48 PM IST

1 minute Read

രണ്ടാം ആഷസ് ടെസ്റ്റിനു ശേഷം പരസ്‍പരം കൈ കൊടുക്കുന്ന ഇംഗ്ലണ്ട് താരങ്ങളും ഓസീസ് താരങ്ങളും. മത്സരം ഓസ്ട്രേലിയ എട്ടു വിക്കറ്റിന്  വിജയിച്ചു. (Photo by Patrick HAMILTON / AFP)
രണ്ടാം ആഷസ് ടെസ്റ്റിനു ശേഷം പരസ്‍പരം കൈ കൊടുക്കുന്ന ഇംഗ്ലണ്ട് താരങ്ങളും ഓസീസ് താരങ്ങളും. മത്സരം ഓസ്ട്രേലിയ എട്ടു വിക്കറ്റിന് വിജയിച്ചു. (Photo by Patrick HAMILTON / AFP)

ബ്രിസ്ബെയ്ൻ ∙ ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിൽ വെറും 65 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ്, പത്താം ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ ട്രാവിസ് ഹെഡ് 22 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 23 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയ 2–0നു ലീഡ് വർധിപ്പിച്ചു. ബ്രിസ്‌ബെയ്‌‌നി‌ലെ ഗാബ സ്റ്റേഡിയത്തിൽ പകൽ– രാത്രി മത്സരമായാണ് രണ്ടാം ടെസ്റ്റ് നടന്നത്. 

നേരത്തെ, 6ന് 134 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച് ഇംഗ്ലണ്ട്, 241 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (50), വിൽ ജാക്സ് (41) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസ് കൂട്ടിച്ചേർത്തു. വിൽ ജാക്സ് വീണതിനു പിന്നാലെ, 17 റൺസിനിടെ ഇംഗ്ലണ്ടിന്റെ ബാക്കി മൂന്നു വിക്കറ്റുകളും വീഴുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൈക്കൽ നെസർ ആണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.

ഒന്നാം ഇന്നിങ്സിൽ 334 റൺസുമായി പൊരുതിനിന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ ആ മികവ് ആവർത്തിക്കാനായില്ല. ഓപ്പണർ സാക് ക്രൗലിക്കും (44) ഒലീ പോപ്പിനുമൊഴികെ (26) മറ്റാർക്കും 15ന് മുകളിൽ സ്കോർ ചെയ്യാനായില്ല. ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസുമായി തുടങ്ങിയ സന്ദർശകർക്ക് അടുത്ത 38 റൺസിനിടെ 5 വിക്കറ്റുകൾ നഷ്ടമായി.

ഒന്നാം ഇന്നിങ്സിൽ 511 റൺസിന്റെ കൂറ്റൻ സ്കോർ ഉയർത്തിയ ഓസ്ട്രേലിയ 177 റൺസ് ലീഡ് നേടിയിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഓസീസിനു കരുത്തായത്. ഒൻപതാമനായി ബാറ്റിങ്ങിനിറങ്ങി 77 റൺസ് നേടിയ മിച്ചൽ സ്റ്റാർക് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ 2 വിക്കറ്റുകളും വീഴ്ത്തി.

6ന് 378 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഓസ്ട്രേലിയ അവസാന 4 വിക്കറ്റുകളിൽ 133 റൺസ് നേടിയാണ് ടീം സ്കോർ 511ൽ എത്തിച്ചത്. 2 മണിക്കൂറിലേറെ ക്രീസിൽ പിടിച്ചുനിന്ന മിച്ചൽ സ്റ്റാർക്, അലക്സ് ക്യാരിക്കൊപ്പം (63) എട്ടാം വിക്കറ്റിൽ 33 റൺസും സ്കോട് ബോളണ്ടിനൊപ്പം (21) ഒൻപതാം വിക്കറ്റിൽ 75 റൺസും നേടി. 5 അർധ സെഞ്ചറികൾ പിറന്ന ഓസീസ് ബാറ്റിങ്ങിലെ ടോപ് സ്കോററും മുപ്പത്ത​ഞ്ചുകാരൻ സ്റ്റാർക്കാണ് (77).

English Summary:

Mitchell Starc shines successful the Ashes Second Test, starring Australia to a ascendant position. His all-round show with some bat and shot enactment England nether immense unit connected the 3rd time of the match.

Read Entire Article