Published: December 02, 2025 09:33 PM IST
1 minute Read
ജയ്പൂർ∙ പിങ്ക് സിറ്റിയിൽ വെള്ളിത്തിളക്കവുമായി മലയാളി താരങ്ങൾ. ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്‍ലറ്റിക്സിൽ കേരള സർവകലാശാലയിലെ സി.വി.അനുരാഗ് ലോങ് ജംപിലും കാലിക്കറ്റ് സർവകലാശാലയുടെ എം.പി.നബീൽ സാഹി പുരുഷ വിഭാഗം 1500 മീറ്റർ ഓട്ടത്തിലും വെള്ളി നേടി. ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങിയ 4–400 മിക്സഡ് റിലേയിൽ കേരളത്തിൽ നിന്നുള്ള 3 സർവകലാശാല ടീമുകൾക്കും മെഡൽ നേടാനായില്ല.
11 ഫൈനലുകൾ നടന്ന ഇന്നലെ 2 വെള്ളി മെഡലുകൾ മാത്രമാണ് മലയാളി താരങ്ങൾക്ക് നേടാനായത്. ലോങ് ജംപിൽ നാലാമത്തെ ചാട്ടത്തിനിടയ്ക്ക് സി.വി.അനുരാഗിന് പരുക്കേറ്റതും തിരിച്ചടിയായി. 7.39 മീറ്റർ ചാടി ഒന്നാം സ്ഥാനത്തേക്ക് കുതിച്ച അനുരാഗിന് തുടർന്നുള്ള അവസരങ്ങൾ നഷ്ടമായതോടെ വെള്ളി മെഡലുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ഡിസംബറിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്‍ലറ്റിക് മീറ്റിൽ റെക്കോർഡോടെ സ്വർണം നേടിയ അനുരാഗ് രണ്ടുമാസം മുന്നേ നടന്ന അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്സ് മീറ്റിൽ 8.06 മീറ്റർ ചാടി കരിയറിലെ മികച്ച ദൂരവും കുറിച്ച് ഫോമിലായിരുന്നു. ഈ വർഷം രാജ്യത്ത് 8 മീറ്റർ ദൂരം മറികടന്ന 3 പേരിൽ ഒരാളായിരുന്നു അനുരാഗ്.
പരുക്കേറ്റ അനുരാഗിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ മൂന്നാംവർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി അനുരാഗ്. മീറാൻ ജോ സെബാസ്റ്റ്യനാണ് പരിശീലകൻ. കഴിഞ്ഞ വർഷം സിആർപിഎഫിലെ ജോലി കൈവിട്ടുപോയതിന്റെ മധുരപ്രതികാരമായിരുന്നു 1500 മീറ്ററിൽ നബീൽ സാഹിയുടെ മെഡൽ. സിലക്ഷന്റെ അവസാന ഘട്ടം വരെ എത്തിയെങ്കിലും കഴിഞ്ഞ വർഷം ദേശീയ മെഡൽ ഇല്ല എന്ന ഒറ്റക്കാരണത്താലാണ് നബീലിന് ജോലി ലഭിക്കാതിരുന്നത്. താമരശ്ശേരി സ്വദേശി നബീൽ തൃശൂർ സെന്റ് തോമസ് കോളജിലെ എംഎ ഇംഗ്ലിഷ് അവസാന വർഷ വിദ്യാർഥിയാണ്.
English Summary:








English (US) ·