Published: April 22 , 2025 07:08 PM IST
1 minute Read
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) വീണ്ടും കമന്ററി വിവാദം. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം മത്സരങ്ങൾ നടക്കുന്ന കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ പ്രശസ്ത കമന്റേറ്റർമാരായ ഹർഷ ഭോഗ്‍ലെ, സൈമൺ ഡൂൾ എന്നിവർക്ക് വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഈഡനിലെ പിച്ചുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശങ്ങളിലെ അതൃപ്തി നിമിത്തം ബംഗാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇരുവരെയും വിലക്കാൻ ഇടപെട്ടതെന്നാണ് റിപ്പോർട്ട്.
അതേസമയം, വിലക്കിയെന്ന വാർത്ത ശരിയല്ലെന്നും കഴിഞ്ഞ മത്സരത്തിൽ കമന്ററി പാനലിൽ ഇല്ലാതിരുന്നതിന് അതുമായി ബന്ധമില്ലെന്നും ഭോഗ്‍ലെ വിശദീകരിച്ചു. തിങ്കളാഴ്ച നടന്ന കൊൽക്കത്ത – ഗുജറാത്ത് മത്സരം ഇത്തവണ തനിക്ക് കമന്ററി പറയാനുള്ള മത്സരങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നുവെന്നും, അതിനാലാണ് കമന്ററി ബോക്സിലുണ്ടാകാതിരുന്നതെന്നും ഭോഗ്‌ലെ വ്യക്തമാക്കി.
‘‘ഇന്നലെ കൊൽക്കത്തയിൽ നടന്ന മത്സരത്തിന് കമന്ററി പറയാൻ ഞാനില്ലാതിരുന്നത് സംബന്ധിച്ച് ചില അസത്യ പ്രചാരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഏറ്റവും ലളിതമായി പറഞ്ഞാൽ, കമന്ററി ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് തന്ന മത്സരങ്ങളുടെ പട്ടികയിൽ ഈ മത്സരം ഇല്ലായിരുന്നു. ഇക്കാര്യത്തിൽ എന്തു സംശയം തോന്നിയാലും എന്നോട് ഒന്ന് ചോദിച്ചിരുന്നെങ്കിൽ അത് അവിടെ അവസാനിക്കുമായിരുന്നു.’’
‘‘കമന്ററി പറയേണ്ട മത്സരങ്ങളുടെ പട്ടിക ടൂർണമെന്റ് ആരംഭിക്കുന്നതിനു മുൻപേ തയാറാക്കുന്നതാണ്. എനിക്ക് കൊൽക്കത്തയിൽ രണ്ടു മത്സരങ്ങൾക്കാണ് കമന്ററി പറയാനുണ്ടായിരുന്നത്. ആദ്യത്തെ മത്സരത്തിന് ഞാൻ കമന്ററി പറഞ്ഞിരുന്നു. രണ്ടാമത്തെ മത്സരത്തിന് എനിക്ക് എത്താനാകാതെ പോയത് കുടുംബാംഗങ്ങളിൽ ഒരാൾ അസുഖബാധിതനായതു കൊണ്ടു മാത്രമാണ്’ – ഭോഗ്‍ലെ കുറിച്ചു.
ഈ ഐപിഎൽ സീസണിൽ ആറു മത്സരങ്ങൾക്കു കൂടി കൊൽക്കത്ത വേദിയാകാനിരിക്കെയാണ്, ഭോഗ്‍ലെയ്ക്കും ഡൂളിനും വിലക്ക് ഏർപ്പെടുത്തിയെന്ന റിപ്പോർട്ട്. കൊൽക്കത്തയുടെ നാല് ഹോം മത്സരങ്ങൾക്കു പുറമേ ക്വാളിഫയർ 2, ഫൈനൽ മത്സരങ്ങളും ഇത്തവണ ഈഡനിലാണ് നടക്കുക.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും, ഈഡനിലെ പിച്ച് തയാറാക്കുന്നത് ടീമിന്റെ ഇംഗിതം അനുസരിച്ചല്ല എന്ന വിമർശനം ടീം ക്യാപ്റ്റൻ അജിൻക്യ രഹാനെ ഇടയ്ക്ക് ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തി പരാമർശങ്ങളും ക്യുറേറ്റർ സുജൻ മുഖർജിക്കെതിരെ നടത്തിയ വിമർശനങ്ങളുമാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന് ഇവരിൽ അപ്രീതി ഉളവാക്കിയതെന്നാണ് വിവരം.
English Summary:








English (US) ·