പിതാവിന്റെ പ്രോത്സാഹനത്തിൽ അഭിനയത്തിലേക്ക്, പ്രേമഗീതങ്ങളിൽ തുടക്കം, മെഗാസീരിയലുകളിലൂടെ മടങ്ങിവരവ്

5 months ago 5

Shanavas

പ്രേംനസീറിന്റെ കുടുംബചിത്രം. ഷാനവാസ് | ഫോട്ടോ: ആർക്കൈവ്സ്, ബി. ചന്ദ്രകുമാർ | മാതൃഭൂമി

തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകൻ എന്ന വിലാസത്തിൽ ബാലചന്ദ്രമേനോന്റെ ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് മലയാള ചലച്ചിത്രരംഗത്തേക്ക്‌ എത്തുന്നത്.

1981-ൽ പുറത്തിറങ്ങിയ ‘പ്രേമഗീതങ്ങൾ’ വൻ വിജയമായതോടെ ഷാനവാസ് ശ്രദ്ധിക്കപ്പെട്ടു. 1982-ൽ ശ്രീകുമാരൻതമ്പിയുടെ ഗാനത്തിലും വേഷമിട്ടു. പ്രേംനസീറിന്റെ മകൻ എന്ന മേൽവിലാസം സിനിമയിൽ കാലുറപ്പിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു.

1989-ൽ പ്രേംനസീർ അന്തരിച്ചു. എന്നാൽ 1991 വരെ ഷാനവാസ് സിനിമയിൽ സജീവമായിരുന്നു. 10 വർഷത്തിനിടെ 80-ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 25 എണ്ണത്തിൽ നായകനായി. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ പ്രേംനസീറും ഷാനവാസും അച്ഛനും മകനുമായി വേഷമിട്ടു.

തുടർന്ന് ചലച്ചിത്രരംഗം വിട്ട ഷാനവാസ് ദുബായിയിൽ ബ്ളൂബെൻ ഷിപ്പിങ് കമ്പനിയിൽ ജോലി നേടി. 12 വർഷത്തോളം സിനിമാരംഗത്തുനിന്നു വിട്ടുനിന്നു. 2003-ൽ അവധിക്കു നാട്ടിലെത്തിയപ്പോൾ ‘കളിയോടം’ എന്ന സിനിമയിലും ‘ശംഖുപുഷ്പം’ എന്ന മെഗാ സീരിയലിലും അഭിനയിച്ചു. ഇതോടെ മിനിസ്‌ക്രീൻ രംഗത്ത് സജീവമായി. ‘കളിപ്പാട്ടങ്ങൾ’, ‘ബ്ളാക്ക് ആൻഡ് വൈറ്റ്’, ‘അമ്മത്തൊട്ടിൽ’ തുടങ്ങി 20-ൽപ്പരം സീരിയലുകളിൽ അദ്ദേഹം വേഷമിട്ടു.

2009-ൽ ‘നമ്മൾ തമ്മിൽ’ എന്ന സിനിമയിലും അഭിനയിച്ചു. തുടർന്ന് ‘കന്യാകുമാരി എക്സ്പ്രസ്’, ‘ചൈനാ ടൗൺ’, ‘വീരപുത്രൻ’, ‘ഗോൾഡ്’, ‘റബേക്ക ഉതുപ്പ് കിഴക്കേമല’, ‘സക്കറിയയുടെ ഗർഭിണികൾ’, ‘ഗർഭശ്രീമാൻ’, ‘കുമ്പസാരം’, ‘കോരിത്തരിച്ച നാൾ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സ്വതന്ത്ര്യസമരനായകൻ മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിതത്തെ ആസ്പദമാക്കി 2011-ൽ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വീരപുത്രനി’ൽ മാതൃഭൂമി സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോന്റെ വേഷം അഭിനയിച്ചത് ഷാനവാസായിരുന്നു.

2022-ൽ പുറത്തിറങ്ങിയ ‘ജനഗണമന’യാണ് അവസാനചിത്രം. ‘സക്കറിയയുടെ ഗർഭിണികൾ’, ‘കുമ്പസാരം’ തുടങ്ങിയ ചിത്രങ്ങളിലെ പ്രതിനായക വേഷങ്ങൾ ചർച്ചയായിരുന്നു.

1955-ൽ ജനിച്ച ഷാനവാസ് യേർക്കാട് മോൺഡ്‌ഫോർഡ് ബോർഡിങ് സ്കൂളിലാണ് പഠിച്ചത്. ചെന്നൈയിലെ (അന്നത്തെ മദ്രാസ്) റോയപ്പേട്ട ന്യൂ കോളേജിൽ എംഎക്കു പഠിക്കുമ്പോഴാണ് ബാലചന്ദ്രമേനോൻ ഷാനവാസിനെ പ്രേമഗീതങ്ങളിലേക്കു ക്ഷണിക്കുന്നത്. നസീറിന്റെ പ്രോത്സാഹനവുംകൂടിയായതോടെ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു.

Content Highlights: From Prem Nazir`s lad to a Malayalam movie & TV star, Shanavas`s vocation spanned decades

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article