Published: November 01, 2025 05:55 PM IST Updated: November 01, 2025 10:57 PM IST
2 minute Read
മെൽബൺ ∙ ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ ബാറ്റർമാരുടെ കൂട്ടത്തകർച്ചയ്ക്കാണ് മെൽബണിലെ എംസിജി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മാലപ്പടക്കത്തിന് തിരികൊളുത്തിയതു പോലെയായിരുന്നു ഡഗൗട്ടിലേക്ക് ബാറ്റർമാരുടെ മാർച്ച്പാസ്റ്റ്. ആറാം വിക്കറ്റിൽ ഹർഷിത്– അഭിഷേക് സഖ്യം മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു സാംസൺ (2), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), തിലക് വർമ (0) എന്നിവർ വന്നതിനെക്കാൾ വേഗത്തിൽ മടങ്ങി. ഹർഷിതിനു പ്രമോഷൻ കിട്ടിയതോടെ എട്ടാമനായി ഇറങ്ങിയ ശിവം ദുബെയും (4) പരാജയപ്പെട്ടു. ഇതോടെ ബാറ്റിങ് പൊസിഷനുകൾ സംബന്ധിച്ചും ചർച്ച തുടങ്ങി.
മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു സാംസണെ സംബന്ധിച്ചാണ് ചർച്ച അധികവും. സഞ്ജുവിനെ ഇങ്ങനെ തട്ടിക്കളിക്കുന്നതിനെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്തെത്തി. ഇത്തരത്തിൽ തുടർച്ചയായി ബാറ്റിങ് പൊസിഷനുകൾ മാറ്റുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇർഫാൻ പഠാൻ ചൂണ്ടിക്കാട്ടി. സൂര്യകുമാർ യാദവിനെ മൂന്നാം നമ്പറിൽ ഉറപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘സഞ്ജു സാംസണെ ബാറ്റിങ് ഓർഡറിൽ ഇങ്ങനെ മുകളിലേക്കും താഴേക്കും ചാടിച്ചാൽ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് എനിക്കറിയില്ല. ടി20 ക്രിക്കറ്റിൽ ഓപ്പണർമാർ ഒഴികെ മറ്റാർക്കും ഒരു നിശ്ചിത സ്ഥാനമില്ലെന്ന് എനിക്കറിയാം. എന്നാൽ അതിന്റെ പേരിൽ സ്ഥിരത നഷ്ടപ്പെടുത്തുന്ന തരത്തിൽ ‘ഇലാസ്റ്റിക്’ ആകരുത്. ഇന്ത്യൻ ടീം ശരിക്കും ശ്രദ്ധിക്കേണ്ട കാര്യമാണിത്.’’ - ഇർഫാൻ പഠാൻ പറഞ്ഞു.
“റോൾ ആവർത്തിച്ച് മാറ്റുമ്പോൾ, കാര്യങ്ങൾ സ്വാഭാവികമായി മാറുന്നു. ഏഷ്യാ കപ്പിൽ മധ്യ ഓവറുകളിലാണ് സഞ്ജു കളിച്ചത്. ഓപ്പണിങ്ങിൽനിന്നു വളരെ വ്യത്യസ്തമാണ് അത്. അതിന് വ്യത്യസ്തമായ ഒരു മാനസികാവസ്ഥയും ധൈര്യവും ആവശ്യമാണ്, ഒപ്പം ടീമിൽ നിന്നുള്ള ശക്തമായ പിന്തുണയും.’’– പഠാൻ പറഞ്ഞു. ടീമിൽ സ്ഥാനം നിലനിർത്താൻ മികച്ച സ്കോർ സഞ്ജു കണ്ടെത്തേണ്ടതുണ്ടെന്നും പഠാൻ മുന്നറിയിപ്പ് നൽകി. “അദ്ദേഹത്തിന് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ഒരു കളിക്കാരൻ തുടർച്ചയായി മൂന്നോ നാലോ മത്സരങ്ങളിൽ പരാജയപ്പെട്ടാൽ ആ പിന്തുണ പെട്ടെന്ന് മങ്ങിപ്പോകും. സഞ്ജു സാംസണിന്റെ കാര്യത്തിൽ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.’’– പഠാൻ പറഞ്ഞു.
∙ സഞ്ജു പുറത്തേയ്ക്ക്?സഞ്ജു സാംസണ്‍ തുടര്‍ച്ചയായ പരാജയപ്പെടുകയാണെങ്കില്‍ ട്വന്‍റി20യിലും ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. നിലവില്‍ ഒന്നാം നമ്പര്‍ കീപ്പറാണ് സഞ്ജു. ഓപ്പണിങ് റോളില്‍ കളിച്ചിരുന്ന സഞ്ജുവിനെ ഏഷ്യാകപ്പ് മുതല്‍ മധ്യനിരയിലേക്കു മാറ്റിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്‍റി20യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ നേരിട്ട നാല് പന്തുകളിൽ ഓസീസ് ബോളര്‍മാരുടെ പേസിനും ബൗൺസിനും മുന്നില്‍ സഞ്ജു പരുങ്ങി. നാഥൻ എല്ലിസിന്‍റെ പന്തില്‍ എൽബിഡബ്ല്യുവായാണ് സഞ്ജു പുറത്തായത്.
ഋഷഭ് പന്തിനെ എല്ലാ ഫോര്‍മാറ്റിലെയും വിക്കറ്റ് കീപ്പറാക്കാനാണ് ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റിന് താല്‍പര്യം എന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം സഞ്ജുവിന്റെ ഫോമും തിരിച്ചടിയാണ്. 10 ഇന്നിങ്സില്‍ നിന്നും 185 റണ്‍സാണ് സഞ്ജുവിന്‍റെ സമ്പാദ്യം. 120.91 ആണ് സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ്. ഗൗതം ഗംഭീറിന്റെ പ്ലാന്‍ പ്രകാരം സ്ഥിരമായ പ്രകടനങ്ങളാണ് ടീമിൽ നിലനിൽക്കാനുള്ള പ്രധാന ഘടകം. വരുന്ന പരമ്പരകളിൽ സഞ്ജു മികച്ച പ്രകടനങ്ങള്‍ നടത്തിയില്ലെങ്കില്‍ ലോകകപ്പ് ടീമിനായുള്ള മുൻഗണന പട്ടികയിൽ സഞ്ജു ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും ടെലികോം ഏഷ്യ സ്പോർട്സിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.
English Summary:








English (US) ·