കൊൽക്കത്ത∙ ‘ഗോട്ട് ടൂർ ഇന്ത്യ 2025’ന്റെ ഭാഗമായി ഇന്ത്യയിലെത്തിയ അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങിയതിന്റെ കാരണം വ്യക്തമാക്കി അറസ്റ്റിലായ പരിപാടിയുടെ മുഖ്യസംഘാടകരായ ‘എ ശതാദ്രു ദത്ത ഇനീഷ്യേറ്റീവി’ന്റെ (എഎസ്ഡിഐ) സാരഥി ശതാദ്രു ദത്ത. ‘പിന്നിൽ തൊടുന്നതോ കെട്ടിപ്പിടിക്കുന്നതോ താരത്തിന് ഇഷ്ടമല്ലെന്ന്’ പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഉദ്യോഗസ്ഥരുടെ നീണ്ട ചോദ്യം ചെയ്യലിൽ ശതാദ്രു ദത്ത പറഞ്ഞു. ഇക്കാര്യം മെസ്സിയുടെ സുരക്ഷാച്ചുമതലയുള്ള വിദേശ ഉദ്യോഗസ്ഥർ മുൻകൂട്ടി അറിയിച്ചിരുന്നതായും ഉദ്യോഗസ്ഥരോട് ശതാദ്രു പറഞ്ഞു.
‘‘ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും ഒരു ഫലവും ഉണ്ടായില്ല. ആളുകൾ ചുറ്റും വളഞ്ഞതും ആലിംഗനം ചെയ്തതും മെസ്സിക്ക് തീർത്തും അസ്വീകാര്യമായിരുന്നു.’’– വെള്ളിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ ശതാദ്രു ദത്ത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് പരിപാടിയിലുടനീളം മെസ്സിയുമായി അടുത്തിടപഴകിയിരുന്നു. ഫോട്ടോകൾക്ക് പോസ് ചെയ്യുമ്പോൾ മെസ്സിയുടെ അരയിൽ പിടിച്ചിരിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ഇക്കാര്യമാണ് ശതാദ്രു ഉദ്ദേശിച്ചതെന്നാണ് കരുതുന്നത്.
മെസ്സിയെ അടുത്ത് കാണാൻ ബന്ധുക്കൾക്കും പരിചയക്കാർക്കും അവസരം നൽകാൻ തന്റെ സ്വാധീനം ഉപയോഗിച്ചതായി ബിശ്വാസിനെതിരെ ആരോപണമുണ്ട്. വിമർശനം ഉയരുന്നതിനിടെ, അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം കായിക മന്ത്രി സ്ഥാനം രാജിവച്ചു. ഇത്രയധികം ആളുകൾക്ക് ഗ്രൗണ്ട് ഏരിയയിലേക്ക് എങ്ങനെ പ്രവേശനം ലഭിച്ചെന്നും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.
തുടക്കത്തിൽ 150 ഗ്രൗണ്ട് പാസുകൾ മാത്രമേ നൽകിയിരുന്നുള്ളൂവെന്നും എന്നാൽ വളരെ സ്വാധീനമുള്ള വ്യക്തി സ്റ്റേഡിയത്തിലെത്തിയപ്പോൾ ഇത് മൂന്നിരട്ടിയായി വർധിച്ചെന്നും ശതാദ്രു അവകാശപ്പെട്ടു. ഇതു പരിപാടികൾ അലങ്കോലമാകുന്നതിലേക്കു നയിച്ചോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ‘‘ആ പ്രത്യേക സ്വാധീനമുള്ള വ്യക്തി സ്റ്റേഡിയത്തിൽ എത്തിയതോടെ പരിപാടിയുടെ എല്ലാ ക്രമീകരണങ്ങളും താളം തെറ്റി. അത് ശതാദ്രുവിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.’’– ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
മെസ്സിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക വിശദാംശങ്ങളും ശതാദ്രു ദത്ത വെളിപ്പെടുത്തി. ‘‘ലയണൽ മെസ്സിക്ക് ടൂറിന് 89 കോടി രൂപ ലഭിച്ചു, 11 കോടി രൂപ കേന്ദ്ര സർക്കാരിന് നികുതിയായി നൽകി.’’– ശതാദ്രു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൊത്തം ചെലവ് 100 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തുകയിൽ 30 ശതമാനം സ്പോൺസർമാരിൽനിന്നും 30 ശതമാനം ടിക്കറ്റ് വിൽപനയിലൂടെയാണ് ലഭിച്ചതെന്നും വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, ദത്തയുടെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ 20 കോടിയിലധികം രൂപ എസ്‌ഐടി ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
വെള്ളിയാഴ്ച, ദത്തയുടെ വീട്ടിൽ നടന്ന റെയ്ഡിൽ എസ്‌ഐടി ഉദ്യോഗസ്ഥർ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തു. ‘‘ബാങ്ക് അക്കൗണ്ടിലുള്ള പണം കൊൽക്കത്തയിലും ഹൈദരാബാദിലും മെസ്സിയുടെ പരിപാടിയുടെ ടിക്കറ്റ് വിറ്റതിൽ നിന്നും സ്പോൺസർമാരിൽ നിന്നും ലഭിച്ചതാണെന്നാണ് ശതാദ്രു പറഞ്ഞത്. അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ മാസം 13നാണ് മെസ്സി സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ സ്റ്റേഡിയത്തിലെത്തിയ മെസ്സി 18 മിനിറ്റിനു ശേഷം പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങിയതിൽ നിരാശരായ കാണികൾ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. മണിക്കൂറുകൾനീണ്ട അരാജകത്വത്തിൽ പൊലീസുകാർ ഉൾപ്പെടെ ഏറെപ്പേർക്കു പരുക്കേറ്റു. പകൽ 11.35നു സ്റ്റേഡിയത്തിലെത്തിയപ്പോൾ മുതൽ ആൾത്തിരക്കിൽ മെസ്സി അസ്വസ്ഥനായിരുന്നു. ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും മുതൽ സുരക്ഷാ ഉദ്യോഗസ്ഥർവരെ താരത്തോടു ചേർന്നുനിൽക്കാൻ ഇടിച്ചുകയറി. 11.53നു മെസ്സി മടങ്ങി.
4000– 20,000 രൂപ മുടക്കി ടിക്കറ്റെടുത്ത അരലക്ഷത്തോളം പേർ ഇതോടെ നിരാശരായി. വെള്ളക്കുപ്പികൾ മുതൽ പ്ലാസ്റ്റിക് കസേരകൾ വരെ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞാണു പ്രതിഷേധം തുടങ്ങിയത്. 10 മിനിറ്റിനകം വേലി തകർത്ത് ജനക്കൂട്ടം ഗ്രൗണ്ട് കയ്യേറി. പൊലീസ് ലാത്തിവീശിയതോടെ സ്ത്രീകളും കുട്ടികളുമടക്കം പലവഴി ഓടി. പൊലീസ് പിൻവലിഞ്ഞപ്പോൾ വീണ്ടും ഗ്രൗണ്ട് കയ്യേറിയ ജനക്കൂട്ടം മെസ്സിക്കും വിവിഐപികൾക്കുമായി ഒരുക്കിയ പവിലിയൻ അടിച്ചുതകർത്തു, മേൽക്കൂര വലിച്ചിട്ടു. ഒന്നേകാലോടെ കൂടുതൽ പൊലീസെത്തി ഇവരെ ഒഴിപ്പിച്ചു.
English Summary:








English (US) ·