'പിന്നെ ഞങ്ങള്‍ ചുമ്മാ ബാറ്റും ബൗളും ചെയ്ത് വീട്ടില്‍ പോണോ?' ധര്‍മസേനയ്ക്ക് രാഹുലിന്റെ ചുട്ടമറുപടി

5 months ago 5

rahul-dharmasena-clash-oval-test

Photo: Screengrab/ x.com/Toyertoys5

ലണ്ടന്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരം കെ.എല്‍ രാഹുലും ഫീല്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മസേനയും തമ്മില്‍ ചൂടേറിയ വാക്‌പോര്.

ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ മത്സരത്തിനിടെ ഇന്ത്യന്‍ താരം പ്രസിദ്ധ് കൃഷ്ണയും ഇംഗ്ലണ്ട് താരം ജോ റൂട്ടും തമ്മില്‍ ക്രീസില്‍വെച്ച് ചെറുതായി ഉടക്കിയിരുന്നു. അമ്പയര്‍മാരായ അഹ്‌സാന്‍ റാസയും കുമാര്‍ ധര്‍മസേനയും ഇടപെട്ടാണ് രംഗം തണുപ്പിച്ചത്. ഇതിനു പിന്നാലെയാണ് പ്രസിദ്ധിനെ പിന്തുണച്ച് രാഹുല്‍ ധര്‍മസേനയുമായി സംസാരിച്ചത്. ഇത് വാക്‌പോരിലേക്ക് നീങ്ങുകയായിരുന്നു.

രാഹുല്‍: ഞങ്ങള്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്. മിണ്ടാതിരിക്കണോ?
ധര്‍മസേന: ഇങ്ങനെ ഏതെങ്കിലും ബൗളര്‍ നിങ്ങളുടെ അടുത്തേക്ക് നടന്ന് വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? ഇല്ല, നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. ഇല്ല, രാഹുല്‍, നമ്മള്‍ ആ വഴിക്ക് പോകരുത്.
രാഹുല്‍:പിന്നെ ഞങ്ങള്‍ എന്ത് ചെയ്യണമെന്നാണ് പറയുന്നത്. ബാറ്റും ബൗളും ചെയ്ത് ചുമ്മാ വീട്ടില്‍ പോകണോ?
ധര്‍മസേന:അത് മത്സരത്തിന്റെ അവസാനം നമുക്ക് ചര്‍ച്ച ചെയ്യാം. നിങ്ങള്‍ക്ക് അങ്ങനെ സംസാരിക്കാന്‍ കഴിയില്ല.

ഇതും പറഞ്ഞ് ധര്‍മസേന കളി തുടരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. രാഹുല്‍ പിന്‍വാങ്ങിയതോടെ തര്‍ക്കം അവിടെ തീര്‍ന്നു. എങ്കിലും രാഹുല്‍ ചോദ്യം ചെയ്തതിലുള്ള അനിഷ്ടം ധര്‍മസേനയുടെ വാക്കുകളില്‍ പ്രകടമായിരുന്നു. ഇതോടെയാണ് വാക്കേറ്റം മുറുകിയത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 22-ാം ഓവറിലായിരുന്നു സംഭവം. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അഞ്ചാം പന്തില്‍ റൂട്ടിന് റണ്ണെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ ബൗളര്‍ റൂട്ടിനെ നോക്കി എന്തൊക്കെയോ പറഞ്ഞു. റൂട്ടും താരത്തിന് മറുപടി നല്‍കി. അടുത്ത പന്തില്‍ റൂട്ട് ഫോറടിക്കുകയും ചെയ്തു. ശേഷം താരങ്ങള്‍ നേര്‍ക്കുനേര്‍ നിന്ന് വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെയാണ് അമ്പയര്‍ ഇടപെടുകയും പിന്നീട് രാഹുലും ധര്‍മസേനയും നേര്‍ക്കുനേര്‍ വാക്‌പോര് നടത്തുകയും ചെയ്തത്.

Content Highlights: KL Rahul and umpire Kumar Dharmasena engaged successful a heated speech during the 5th Test

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article