Published: January 11, 2026 02:39 AM IST Updated: January 11, 2026 09:55 AM IST
1 minute Read
നവി മുംബൈ ∙ 2 ഇന്നിങ്സുകളിലുമായി 21 സിക്സുകൾ, 404 റൺസ്... വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ ബാറ്റിങ് വെടിക്കെട്ടിന്റെ റെക്കോർഡുകൾ തിരുത്തിയ പോരാട്ടത്തിനൊടുവിൽ ഗുജറാത്ത് ജയന്റ്സിന് 10 റൺസ് ജയം. യുപി വോറിയേഴ്സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ജയന്റ്സ് 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ യുപിയും തിരിച്ചടിച്ചു. അർധ സെഞ്ചറിയുമായി പൊരുതിയ ഫീബി ലിച്ച്ഫീൽഡിനും (40 പന്തിൽ 78) അവസാന ഓവറുകളിൽ ആഞ്ഞടിച്ച മലയാളി താരം ആശ ശോഭനയ്ക്കും (10 പന്തിൽ 27 നോട്ടൗട്ട്) യുപിയെ വിജയത്തിലെത്തിക്കാനായില്ല. സ്കോർ: ഗുജറാത്ത്– 20 ഓവറിൽ 4ന് 207. യുപി– 20 ഓവറിൽ 8ന് 197.
വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (21) പിറന്ന മത്സരമാണിത്. ഇന്നിങ്സിലെ കൂടുതൽ സിക്സുകളുടെ റെക്കോർഡ് (11) ഇന്നലെ യുപി വോറിയേഴ്സിനും സ്വന്തമായി. വനിതാ പ്രിമിയർ ലീഗിൽ ഇതാദ്യമായാണ് ഗുജറാത്ത് ടീം സീസണിലെ ആദ്യ മത്സരം ജയിച്ചു കയറുന്നത്. ഗുജറാത്ത് ഓൾറൗണ്ടർ ജോർജിയ വോർഹോമാണ് പ്ലെയർ ഓഫ് ദ് മാച്ച്.
208 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ യുപി 4ന് 74 എന്ന നിലയിൽ തകർന്നതോടെ ഗുജറാത്ത് അനായാസം ജയം പ്രതീക്ഷിച്ചു. എന്നാൽ മധ്യനിരയെ കൂട്ടുപിടിച്ച് ഓസ്ട്രേലിയൻ താരം ഫീബി ലിച്ച്ഫീൽഡ് നടത്തിയ പോരാട്ടം യുപിയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 8 ഫോറും 5 സിക്സുമായി തകർത്തടിച്ച ലിച്ച്ഫീൽഡ് 16–ാം ഓവറിൽ പുറത്തായതോടെ യുപിയുടെ പ്രതീക്ഷ മങ്ങി. 18–ാം ഓവറിൽ ഒൻപതാമതായി ബാറ്റിങ്ങിനിറങ്ങിയ ആശ ശോഭനയാണ് (3 ഫോർ, 2 സിക്സ്) തോൽവിയുടെ മാർജിൻ കുറച്ചത്.
നേരത്തേ ക്യാപ്റ്റൻ ആഷ്‍ലി ഗാർഡ്നർ (41 പന്തിൽ 65), അനുഷ്ക ശർമ (30 പന്തിൽ 44), സോഫി ഡിവൈൻ (20 പന്തിൽ 38) ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
English Summary:








English (US) ·