.jpg?%24p=85f2781&f=16x10&w=852&q=0.8)
മോഹൻലാൽ 'വാനപ്രസ്ഥ'ത്തിൽ, ഷാജി എൻ. കരുൺ, പിറവിയിൽ പ്രേംജി | ഫോട്ടോ: മാതൃഭൂമി, പിടിഐ
മലയാളത്തിന് ലോകസിനിമഭൂപടത്തില്‍ മേല്‍വിലാസമുണ്ടാക്കിയ അതുല്യ പ്രതിഭയാണ് അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ ഷാജി എന്‍. കരുണ്‍. ലോകവേദികളില്‍ ഇന്ത്യന്‍ സിനിമയുടെ തലപ്പൊക്കങ്ങളില്‍ ഷാജി.എന്‍ കരുണിന്റെ മുദ്രചാര്‍ത്തിയ ക്ലാസിക്കുകളായിരുന്നു പിറവിയും സ്വമ്മും വാനപ്രസ്ഥവും. നാല്‍പതിലേറെ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'പിറവി'യിലൂടെ തന്നെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങളും പ്രശസ്തിയും നേടി. കാനില്‍ പാം ഡിയോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സ്വം, കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാള സിനിമയെ അന്തര്‍ദേശീയ തലത്തില്‍ അടയാളപ്പെടുത്താന്‍ ഷാജി എന്‍. കരുണിന് സാധിച്ചു.
1988-ല്‍ പുറത്തിറങ്ങിയ 'പിറവി' കാന്‍ ഫിലം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ വിഭാഗത്തില്‍ പ്രത്യേകപരാമര്‍ശത്തിന് അര്‍ഹമായി. ലണ്ടന്‍, ലൊകാര്‍നോ, ഹവായ് അന്തര്‍ദേശീയ ചലച്ചിത്രമേളകളിലും 'പിറവി' പുരസ്‌കാരങ്ങള്‍ നേടി. 89-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനും നടനും ശബ്ദലേഖനത്തിനുമുള്ള അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കി. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും ചിത്രം അവാര്‍ഡുകള്‍ വാരിക്കൂട്ടി. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന പി. രാജന്റെ അടിയന്തരാവസ്ഥകാലത്തെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പിറവിയുടെ ഇതിവൃത്തം.
1994-ലാണ് ഷാജി എന്‍. കരുണിന്റെ രണ്ടാമത്തെ ചിത്രമായ 'സ്വം' പുറത്തിറങ്ങുന്നത്. കാന്‍ ചലച്ചിത്രമേളുടെ മത്സരവിഭാഗത്തിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഏക മലയാള ചിത്രമായി 'സ്വം' മാറി. മികച്ച ഛായാഗ്രാഹണത്തിന് ഉള്‍പ്പെടെ ആ വര്‍ഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചിത്രം നേടി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും ചിത്രത്തിലൂടെ ഷാജി എന്‍. കരുണ്‍ അര്‍ഹനായി.
1999-ല്‍ കഥകളി കലാകാരനായ കുഞ്ഞിക്കുട്ടനായി മോഹന്‍ലാല്‍ നിറഞ്ഞാടിയ 'വാനപ്രസ്ഥം' മലയാള സിനിയുടേയും ഷാജിയുടേയും യശസ്സുയര്‍ത്തി. പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപിയാശാനും അന്തരിച്ച തബലിസ്റ്റ് സക്കീര്‍ ഹുസൈനിന്റേയും കയ്യൊപ്പ് പതിഞ്ഞ ചിത്രമായിരുന്നു വാനപ്രസ്ഥം. ഇന്‍ഡോ- ഫ്രഞ്ച്- ജര്‍മന്‍ നിര്‍മാണ സംരംഭമായിരുന്നു ചിത്രം. 2000-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മോഹന്‍ലാലിന് നേടിക്കൊടുത്ത ചിത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി കരുതപ്പെടുന്നു. അതേവര്‍ഷം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മോഹന്‍ലാല്‍ ചിത്രത്തിലൂടെ നേടി.
2010-ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്കും ഷാജി എന്‍. കരുണിന്റെ പ്രതിഭയുടെ മാറ്ററിയിച്ച ചിത്രമായിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യംചെയ്തത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനടക്കം അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം നേടി. 2013-ല്‍ പുറത്തിറങ്ങിയ 'സ്വപാന'വും അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങളിലൊന്നാണ്.
മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും ഷാജി എന്‍. കരുണ്‍ നേടിയിട്ടുണ്ട്. സംവിധായകനായും ഛായാഗ്രാഹകനായും ഏഴ് വീതം ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കി. കലാസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്രാ അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്‌സ് ആന്റ് ലെറ്റേഴ്‌സ്', പത്മശ്രീ പുരസ്‌കാരങ്ങളും ഷാജി എന്‍. കരുണ്‍ നേടി. അടുത്തിടെയാണ് ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.
Content Highlights: Shaji N Karun, acclaimed Malayalam filmmaker known for `Piravi`, `Swam`, and `Vanaprastham`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·